ഷോഹിമ ടി.കെ
എന്തിനാണ് ആളുകള്‍ മോഷണം നടത്തുന്നത്?
വ്യത്യസ്തമായ കാരണങ്ങള്‍ ഒരു വ്യക്തിയെ മോഷ്ടാവാക്കി മാറ്റാറുണ്ട്. ഇന്ന് വലിയ തോതില്‍ കേരളത്തില്‍ വാഹന മോഷണം നടക്കുന്നുണ്ട്. മയക്കുമരുന്ന് കേസുകള്‍ പോലെയാണ് ഇന്ന് വാഹന മോഷണ കേസുകളുടെയും അവസ്ഥ. ദിനംപ്രതി വര്‍ദ്ധിച്ചു വരികയാണ്.
മോഷണത്തിന്റെ കാര്യം പറഞ്ഞു വരുമ്പോള്‍ നാം അമ്പരക്കുന്നത് മോഷ്ടാകളുടെ പ്രായം കേള്‍ക്കുമ്പോഴാണ്. ബൈക്ക് കവര്‍ച്ചയ്ക്ക് പിന്നില്‍ ഇരുപത് വയസിന് താഴെ ഉള്ളവരാണ് പ്രതികളെന്ന് പോലീസ് പറയുന്നു. ഭൂരിഭാഗം പേരും ചെയിന്‍ സ്നാച്ചിംഗ്, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് വാഹനം ഉപയോഗിക്കുമ്പോള്‍ ബാക്കിയുള്ളവര്‍ ആഡംബര ജീവിതത്തിനായി വാഹനങ്ങള്‍ മോഷ്ടിച്ച് അതിന്റെ ഭാഗങ്ങള്‍ വില്‍ക്കുന്നു. ഓട്ടോ മൊബൈല്‍ കവര്‍ച്ചയുടെ കാര്യമാണ് പറയുന്നതെങ്കില്‍ മോഷ്ടാക്കളില്‍ 80% വും ഇരുപത് വയസിന് താഴെ തന്നെ. താഴ്ന്ന കുടുംബങ്ങളില്‍ നിന്നുരുന്നവര്ക്ക് സമ്പന്ന കുടുംബങ്ങളുടെ അതേ പദവി അനുഭവിക്കാന്‍ ആഗ്രഹിക്കുന്നതും മോഷ്ടിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുമെന്ന് പല കേസുകളുടെയും വെളിച്ചത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ പറയാറുണ്ട്.
പണം ഉണ്ടാക്കാന്‍ എന്തും ചെയ്യാം എന്ന മനോഭാവത്തില്‍ വളരുന്ന തലമുറയെയാണ് നാം കാണുന്നത്. അധ്വാനിക്കാതെ എങ്ങനെ സുഖമായി ജീവിക്കാം എന്ന് മാത്രമാണ് പലരും ചിന്തിക്കുന്നത്. അവിടെ രക്തബന്ധങ്ങള്‍ക്ക് പോലും ആളുകള്‍ വിലകല്‍പ്പിക്കാറില്ല. എന്നാല്‍ മോഷണത്തില്‍ ഏര്‍പ്പെട്ട് ജീവിക്കുമ്പോള്‍ സമാധാനം എന്നത് ജീവിതത്തില്‍ ഉണ്ടാകുമോ എന്നും ഇത്തരം ആളുകള്‍ സ്വയം ചിന്തിക്കേണ്ടതുണ്ട്.

 
                                            