ലോക കേരള സഭ വരേണ്യ വര്‍ഗത്തിനുള്ള ഏര്‍പ്പാടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ലോക കേരള സഭ ധൂര്‍ത്തും അഴിമതിയുമാണെന്നും പ്രവാസികള്‍ക്ക് ഈ സഭ കൊണ്ട് എന്ത് പ്രയോജനമാണുള്ളതെന്നും ചെന്നിത്തല ചോദിച്ചു.’ഇത്രയും കാലത്തെ നമ്മുടെ അനുഭവത്തില്‍ ലോക കേരള സഭ കൊണ്ട് പ്രവാസികള്‍ക്ക് ഒരു പ്രയോജനവും ഇല്ല.പൂച്ച കണ്ണടച്ച് പാലുകുടിക്കുന്നതു പോലെ തട്ടിപ്പും വെട്ടിപ്പും നടത്തുകയാണ്. മുഖ്യമന്ത്രി ഈ പരിപാടിയില്‍ പങ്കെടുക്കരുതെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇതില്‍ നിന്ന് മുഖ്യമന്ത്രി പിന്മാറണം. സ്പോണ്‍സര്‍ഷിപ്പ് അവസാനിപ്പിക്കണം.ഈ പണപ്പിരിവ് ആര് പറഞ്ഞിട്ടാണ്.

മുഖ്യമന്ത്രിയറിയാതെ ഇങ്ങനെയൊരു സംഭവം നടക്കില്ല. ബക്കറ്റ് പിരിവിന്റെ പുതിയൊരു ഫോമാണ് സ്പോണ്‍സര്‍ഷിപ്പ്. ഇത് കേരളത്തിന് അപമാനമാണ്. സ്പീക്കര്‍ സ്ഥാനത്തിരുന്ന് ഒരുപാട് ധൂര്‍ത്ത് നടത്തിയ ആളാണ് ശ്രീരാമ കൃഷ്ണന്‍. നോര്‍ക്ക കൂടി കിട്ടിയപ്പോള്‍ അദ്ദേഹം സ്പോണ്‍സര്‍ഷിപ്പിന്റെ പേരിലുള്ള പിരിവ് കൂടി തുടങ്ങിയിരിക്കുകയാണ്. ഇതൊക്കെ വളരെ തെറ്റായ നടപടിയാണ്. കേരളത്തിലെ ജനങ്ങള്‍ ഇതില്‍ പ്രതിഷേധിക്കും.’- ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങുന്നതില്‍ എന്താണ് തെറ്റെന്നായിരുന്നു എകെ ബാലന്റെ പ്രതികരണം
ലോക കേരള സഭയിലെ പണപ്പിരിവിനെ സി പി എം നേതാവ് എ കെ ബാലന്‍ ന്യായീകരിക്കുകയാണ് ചെയ്തത്.പണപ്പിരിവില്‍ തെറ്റില്ലെന്നും ലണ്ടന്‍ സമ്മേളനത്തിലും സ്പോണ്‍സര്‍ഷിപ്പ് സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ രാജ്യങ്ങളിലെ മലയാളികളുടെ കുടുംബ സംഗമമാണിത്. പ്രവാസി മലയാളികള്‍ മനസറിഞ്ഞ് സഹകരിക്കുന്നതില്‍ എന്തിനാണ് അസൂയയെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ പരിഹാസവുമായി യൂത്ത് കോണ്‍ഗ്രസും രംഗത്ത് എത്തിയിരുന്നു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ചൂണ്ടിക്കാട്ടിയാണ് നേതാക്കളായ രാഹുല്‍ മാങ്കൂട്ടത്തിലും കെ എസ് ശബരീനാഥനും പിണറായിക്കെതിരെ രംഗത്തെത്തിയത്. ഉമ്മന്‍ചാണ്ടിക്കൊപ്പം ഇരിക്കാന്‍ ലക്ഷങ്ങളും പാസുമൊന്നും വേണ്ടിയിരുന്നില്ലെന്നും അദ്ദേഹം ആള്‍ക്കൂട്ടത്തില്‍ ജീവിച്ച മനുഷ്യനാണെന്നും നേതാക്കള്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.
‘ഇത് പഴയ ഒരു മുഖ്യമന്ത്രിയാണ്.ഇദ്ദേഹത്തോടൊപ്പം ഒന്നിരിക്കാന്‍,ഒന്ന് സംസാരിക്കാന്‍, ഒന്ന് വിഷമം പറയാന്‍ 82 ലക്ഷവും ഗോള്‍ഡ്,സില്‍വര്‍,ബ്രോന്‍സ് പാസ്സും ഒന്നും ആവശ്യമില്ലായിരുന്നു. ഇന്നത്തെ കാര്യങ്ങള്‍ കാണുമ്‌ബോള്‍ ഓര്‍മ്മവരുന്നത് Megalomania എന്ന് ഇംഗ്ലീഷ് വാക്കാണ്. ‘Obsession with the exercise of power’ എന്നാണ് അര്‍ഥം. ‘മറ്റുള്ളവരുടെമേല്‍ അധികാരം അടിച്ചേല്‍പ്പിക്കുന്നതിനുള്ള അമിതമായ ആസക്തി’ എന്ന് മൊഴിമാറ്റാം.
ഇതാണ് ഇപ്പോള്‍ കേരളത്തില്‍ സംഭവിക്കുന്നത്’-ശബരീനാഥന്‍ കുറിച്ചു.
‘ഉമ്മന്‍ ചാണ്ടി സാറിന്റെ കാര്‍ യാത്രയെ പറ്റി സാധാരണ പറയാറുണ്ട് ആ യാത്ര കണ്ടാല്‍ കാര്‍ കമ്ബനിക്കാര്‍ കേസ് കൊടുക്കും കാരണം അത്രയേറെ ആളുകള്‍ എപ്പോഴും കാറിലുണ്ടാകും. ആ മനുഷ്യന്‍ അങ്ങനെയാണ് ആള്‍ക്കൂട്ടത്തിലാണ് ജീവിക്കുന്നത്. അപ്പോഴാണ് ചില അല്പന്മാര്‍ക്ക് ഒപ്പമിരിക്കണേല്‍ 82 ലക്ഷം എന്നൊക്കെയുള്ള വാര്‍ത്ത കേള്‍ക്കുന്നത്.. ഇതെന്താ ജെയിംസ് കാമറുണിന്റെ ‘അവതാര്‍’ വല്ലതുമാണോ ചെയറിന് അനുസരിച്ച് റേറ്റ് വെക്കാന്‍’, രാഹുല്‍ മാങ്കൂട്ടത്തില്‍ പോസ്റ്റില്‍ പറഞ്ഞു.
ലോക കേരള സഭയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന കാര്യങ്ങള്‍ സംസ്ഥാനത്തിന് നാണക്കേടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും വ്യക്തമാക്കി.ഇത് കേരളത്തിന്റെ നിലപാടുകള്‍ക്ക് ചേര്‍ന്നതല്ല എന്നും അനുവദിക്കാന്‍ ആകില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു
നോര്‍ക്കയാണ് ലോക കേരള സഭയുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും പണമിടാക്കുന്നത് സംബന്ധിച്ച് തനിക്ക് അറിവില്ലെന്നുമാണ് സംസ്ഥാന ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞത്. സര്‍ക്കാരിന്റെ അറിവോടെ തെറ്റായ കാര്യങ്ങള്‍ സംഭവിക്കില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. നോര്‍ക്കയുടെ വൈസ് ചെയര്‍മാന്‍ പി എസ് ശ്രീരാമകൃഷ്ണനും ആരോപണങ്ങള്‍ നിഷേധിച്ചു.സംസ്ഥാന സര്‍ക്കാരും നോര്‍ക്കയും ചേര്‍ന്നാണ് യാത്ര സൗകര്യങ്ങള്‍ ഒരുക്കുന്നത് എന്നും ലോക കേരള സഭയുടെ സംഘാടനം അമേരിക്കയിലെ കേരളീയരാണ് എന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രിയുടെ പേരില്‍ ഒരുതരത്തിലുള്ള പിരിവും നടക്കുന്നില്ലെന്ന് ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

 
                                            