ടോക്യോ: ലോക കായിക മാമാങ്കം ടോക്കിയോ ഒളിമ്പിക്സിന് ഇന്ന് കൊടിയേറ്റം. ഇന്ത്യന്‍ സമയം വൈകിട്ട് 4.30നാണ് ഉദ്ഘാടന ചടങ്ങ്. ഒളിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്ത്യന്‍ സംഘത്തിന്റെ ലക്ഷ്യം. കോവിഡ് കാലമായതിനാല്‍ പരിശീലനമടക്കം പ്രതിസന്ധിയിലായിരുന്നെങ്കിലും മികച്ചതാരങ്ങളുടെ സാന്നിധ്യം ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്നു.
കാണികളില്ല ആരവങ്ങളില്ല എങ്കിലും കായിക പ്രേമികള്‍ക്ക് ആവേശത്തിന് കുറവൊന്നുമില്ല. ടീമുകളില്‍ അംഗങ്ങള്‍ കുറവും, പല പ്രമുഖരുടേയും സാന്നിധ്യമില്ലാത്തൊരു വേദി. 22 താരങ്ങളും 6 ഒഫീഷ്യല്‍സുമാകും ഇന്ത്യയെ പ്രതിനിധീകരിക്കുക.
മന്‍പ്രീത് സിംഗും, മേരികോമും പതാകയേന്തും. 18 ഇനങ്ങളിലായി 127 ഇന്ത്യന്‍ അത്ലറ്റുകളും മാറ്റുരയ്ക്കും. ഇതില്‍ ഒന്‍പത് മലയാളികള്‍. ഇനിയുള്ള രണ്ടാഴ്ച കാലം ലോകത്തിന്റെ കണ്ണുകള്‍ ഇനി ടോക്കിയോയില്‍.
