രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും നല്‍കിയ പേരുകള്‍ തുല്ല്യമായി വീതം വെക്കാനാണെങ്കില്‍ ഞങ്ങളീ സ്ഥാനത്തിരിക്കേണ്ടതില്ലല്ലോ; വി ഡി സതീശന്‍

തിരുവനന്തപുരം: ഡി സി സി പുന:സംഘടനയുമായി ബന്ധപ്പെട്ടുള്ള പരസ്യ പ്രതികരണങ്ങളില്‍ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ചര്‍ച്ച നടത്തയില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ വാദം തെറ്റാണെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. ഇതുപോലെ ചര്‍ച്ച നടത്തിയ കാലമുണ്ടായിട്ടില്ലെന്നും സാമ്പ്രദായിക രീതികളിലുള്ള മാറ്റം തങ്ങള്‍ നല്‍കിയ വാഗ്ദാനമാണെന്നും വി.ഡി സതീശന്‍ ഓര്‍മ്മപ്പെടുത്തി.

രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും നല്‍കിയ പേരുകള്‍ തുല്ല്യമായി വീതം വെക്കാനാണെങ്കില്‍ ഞങ്ങളീ സ്ഥാനത്തിരിക്കേണ്ടതില്ലെന്നും ഇരുനേതാക്കളെയും വിമര്‍ശിച്ചുകൊണ്ട് സതീശന്‍ പറഞ്ഞു.

എല്ലാവരേയും തൃപ്തിപ്പെടുത്തി ലിസ്റ്റ് പ്രഖ്യാപിക്കാന്‍ പറ്റില്ലെന്ന് വി.ഡി സതീശന്‍ തുറന്നടിച്ചു. വൈകിയെന്ന് വിമര്‍ശിക്കുന്നവര്‍ ഒരു വര്‍ഷം വരെയൊക്കെ ഇരുന്നാണ് പട്ടിക പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഇപ്പോള്‍ പുറത്തുവന്ന ലിസ്റ്റിന്റെ പൂര്‍ണ ഉത്തരവാദിത്തം കെ സുധാകരനും ഞാനും ഏറ്റെടുക്കുന്നെന്നും സതീശന്‍ പറഞ്ഞു.

സാമ്പ്രദായിക രീതിയില്‍ നിന്ന് വ്യത്യസ്തമായി കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവരാനാണ് ഞങ്ങളുടെ ശ്രമം. ഒരു വിവാദത്തിന്‍യും ആവശ്യം ഇപ്പോഴില്ല. ഡി.സി.സി പ്രസിഡന്റുമാര്‍ പെട്ടിത്തൂക്കികളാണെന്ന് പറയുന്ന ആളുകളോട് എന്ത് വിശദീകരണമാണ് ചോദിക്കേണ്ടത്..? ഇത്തരം കാര്യങ്ങളനുവദിച്ചു കൊടുത്താല്‍ പിന്നെന്താണ് ഈ പാര്‍ട്ടിയില്‍ സംഭവിക്കുകയെന്ന് ആലോചിച്ച് നോക്കൂ എന്നും വി ഡി സതീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *