യുദ്ധം കൊടുമ്പിരി കൊള്ളുമ്പോള്‍ സംഭവിക്കുന്നത്…….!

ഷോഹിമ ടി.കെ

യുദ്ധം കൊടുമ്പിരി കൊള്ളുമ്പോള്‍ നാശനഷ്ടങ്ങള്‍ കണ്ണുനീര്‍ത്തുള്ളികളായി കവിഞ്ഞൊഴുകാറുണ്ട്. മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ഒട്ടനവധി സംഭവങ്ങള്‍ ചിത്രങ്ങളായി മാറാറുമുണ്ട്. ഇത്തരത്തില്‍ യുദ്ധമുഖത്തെ നാം നേരിട്ട് കാണുന്നത് സാമൂഹിക മാധ്യമങ്ങളിലൂടെയും മുഖ്യധാരാ മാധ്യമങ്ങളിലൂടെയും ആണ്.

യുക്രൈന്‍ റഷ്യ യുദ്ധ സാഹചര്യത്തില്‍ അവിചാരിതമായി ഒട്ടനവധി സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അത്തരത്തില്‍ മനസ്സിനെ കീഴടക്കുന്ന ഒരു പതിനൊന്ന് വയസുകാരൻ സാമൂഹികമാധ്യമങ്ങളില്‍ യുക്രൈന്‍ യുദ്ധത്തിന്റെ മറ്റൊരു പ്രതീകമായി മാറുകയാണ്. യുദ്ധമുഖത്തു നിന്ന് 1200 കിലോമീറ്റര്‍ ഒറ്റയ്ക്ക് പാലായനം ചെയ്തു സ്ലൊവാക്യയിലെത്തിയ ഒരു പതിനൊന്നുകാരന്‍. ഹസ്സന്‍ എന്ന് പേരുള്ള ഈ കുട്ടി കൈത്തണ്ടയില്‍ അമ്മ എഴുതിയ ബന്ധുവിനെ ഫോണ്‍നമ്പറും പാസ്‌പോര്‍ട്ടും, രണ്ട് ചെറിയ ബാഗുകളുമായി ഒറ്റയ്ക്ക് താണ്ടിയത് 1200 കിലോമീറ്റര്‍ ആണ്. യുദ്ധം എന്തെന്ന് പോലും അറിയാത്ത പതിനൊന്നുകാരനായ മകനെങ്കിലും രക്ഷപ്പെടട്ടെ എന്ന ചിന്തയാണ് അമ്മ യൂറിയ പിസെറ്റ്‌സ്‌കായയാണ് അഭയാര്‍ത്ഥികള്‍ക്കൊപ്പം മകനെ സ്ലൊവാക്യയിലേക്ക് കയറ്റിവിടാന്‍ പ്രേരിപ്പിച്ചത്. യൂറിയ പിസെറ്റ്‌സ്‌കായയുടെ അമ്മയ്ക്ക് ശാരീരിക വൈകല്യം ഉള്ളതിനാലും വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ ഉള്ളതിനാലും അഭയ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുന്നത് ദുഷ്‌കരമാണ്. ഈയൊരു കാരണമാണ് ഹസനെ അഭയാര്‍ഥികള്‍കൊപ്പം വിടാന്‍ കാരണമായത്. സ്ലൊവാക്യന്‍ അതിര്‍ത്തിയില്‍ യുക്രൈന്‍ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ നിന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കുട്ടിയെ കണ്ടപ്പോള്‍ അത്ഭുതമാണ് തോന്നിയത്. അധികാരികള്‍ അവന്റെ ബന്ധുക്കളുമായി ബന്ധപ്പെട്ടു ശേഷം കൂട്ടിക്കൊണ്ടുപോകാന്‍ തലസ്ഥാനമായ ബ്രാറ്റിസ്ലാവയില്‍ നിന്നും ബന്ധുക്കളെത്തി.
‘ പുഞ്ചിരിയും നിര്‍ഭയത്വവും നിശ്ചയദാര്‍ഢ്യവും കൊണ്ട് എല്ലാവരുടെയും ഹൃദയം കീഴടക്കി…. ഹസ്സന്‍ ഒരു യഥാര്‍ത്ഥ ഹീറോയാണ് ‘-സ്ലൊവാക്യന്‍ ആഭ്യന്തരമന്ത്രാലയം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

യുദ്ധമുഖത്ത് നാമറിയാതെ ഹസനെ പോലെനിരവധി കുട്ടികള്‍ ഇനിയും ഉണ്ടായേക്കാം, ഉണ്ടായിട്ടുണ്ടാവുകയും ചെയ്യാം.
ഉറ്റവര്‍ക്ക് മുമ്പില്‍ മരിച്ചുവീഴുന്നവര്‍, നിവൃത്തിയില്ലാതെ തോക്ക് എടുക്കേണ്ടി വന്നപ്പോള്‍ കുടുംബത്തെ ഉപേക്ഷിക്കേണ്ടി വന്നവര്‍, നിരവധി പിഞ്ചുകുഞ്ഞുങ്ങളുടെ ജനങ്ങള്‍… ഇങ്ങനെ നീളുന്നു യുദ്ധം വിതയ്ക്കുന്ന ഭീകരതയുടെ ഉദാഹരണങ്ങള്‍.
മനസ്സിനെ കീഴടക്കുന്ന ഒത്തിരി സംഭവങ്ങളാണ് ഇത്തരത്തില്‍ യുക്രൈനില്‍ അരങ്ങേറുന്നത്. ഇനി എന്ത് സംഭവിക്കും എന്ന് അറിയാതെ ജീവിച്ചു മരിക്കുന്ന ജനത. വാക്കുകള്‍ക്കുള്ളില്‍ പൊതിഞ്ഞു കെട്ടാന്‍ കഴിയാത്ത ഭീകരതയുടെ നുറുങ്ങു വെട്ടങ്ങള്‍. സമാധാനപരമായ യുദ്ധ അന്ത്യത്തിനായി നമുക്കും കാത്തിരിക്കാം ലോകത്തിനൊപ്പം.

Leave a Reply

Your email address will not be published. Required fields are marked *