മെഡിക്കല്‍ കോളേജുകളില്‍ ജീവനക്കാര്‍ക്ക് ഐഡന്‍റിറ്റി കാര്‍ഡ് നിര്‍ബന്ധം; പരിശോധന കർശനമാക്കുമെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ഐഡൻറിറ്റി കാർഡ് പരിശോധന കർശനമാക്കും. സുരക്ഷാ ജീവനക്കാർ ഐഡൻറിറ്റി കാർഡ് പരിശോധിച്ച് വ്യാജമല്ലെന്ന് ഉറപ്പ് വരുത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നി‌ദേശം നൽകി.

ജീവനക്കാരും മെഡിക്കൽ, നഴ്‌സിംഗ് വിദ്യാർത്ഥികളും നിർബന്ധമായും ഐഡൻറിറ്റി കാർഡ് ധരിച്ചിരിക്കണം. സുരക്ഷാ ജീവനക്കാർ ഐഡൻറിറ്റി കാർഡ് പരിശോധിച്ച് വ്യാജമല്ലെന്ന് ഉറപ്പ് വരുത്തണം. ഉത്തരവാദപ്പെട്ടവർ ഇത് നിർബന്ധമായും നടപ്പിലാക്കണമെന്ന് മന്ത്രി കർശന നിർദേശം നൽകി. പൊതുജനങ്ങളും ജീവനക്കാരും ഇതുമായി സഹകരിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വ്യാജ ഡോക്ടറെ പിടികൂടിയ സാഹചര്യത്തിലാണ് മന്ത്രി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്നത് ഒറ്റപ്പെട്ട സംഭവമാണെങ്കിലും ഇനിയാവർത്തിക്കാതിരിക്കാനാണ് കർശന നടപടി സ്വീകരിക്കുന്നത്. ആയിരക്കണക്കിന് ആളുകൾ പ്രതിദിനം വന്ന് പോകുന്ന സ്ഥലമാണ് മെഡിക്കൽ കോളേജുകൾ. രോഗികൾക്കോ ജീവനക്കാർക്കോ എന്തെങ്കിലും സംശയം തോന്നുന്നുവെങ്കിൽ സുരക്ഷാ ജീവനക്കാരെ വിവരം അറിയിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *