തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ സ്ഥിതി ചര്‍ച്ചചെയ്യാന്‍ ഇന്ന് അടിയന്തര ഉന്നതതല യോഗം ചേരും. മേല്‍നോട്ട സമിതിയെ കാര്യങ്ങള്‍ ധരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് യോഗം. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുകയാണ്. 137.6 അടിയാണ് നിലവിലെ ജലനിരപ്പ്. ഇത് 138 അടിയില്‍ എത്തിയാല്‍ തമിഴ്നാട് കേരളത്തിന് രണ്ടാം മുന്നറിയിപ്പ് നല്‍കും. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ഇന്നലെ രാത്രി ശക്തമായ മഴയായിരുന്നു.
ഇന്നും സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷക കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചു. കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. തുലാവര്‍ഷത്തോട് അനുബന്ധിച്ചാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.
മലയോര മേഖലകളില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലും ശക്തമായ കാറ്റുമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളില്‍ ജാഗ്രത തുടരണം. കേരളാ തീരത്ത് നിലവില്‍ മത്സ്യബന്ധനത്തിന് തടസമില്ല. അതേസമയം തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് ചക്രവാതച്ചുഴി രൂപപ്പെട്ടേക്കും. അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇത് ന്യൂനമര്‍ദ്ദമായി മാറാനും സാധ്യതയുണ്ട്. നാളെ 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഉച്ചയ്ക്ക് മൂന്നുമണിക്ക് ഓണ്‍ലൈന്‍ ആയാണ് യോഗം ചേരുന്നത്. ജലനിരപ്പ് എത്രവരെ ആകാമെന്ന് അറിയാക്കാന്‍ മേല്‍നോട്ട സമിതിയോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. കേരളത്തിലെയും തമിഴ്നാട്ടിലെയും ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, ഇരു സംസ്ഥാനങ്ങളിലെയും ചീഫ് എഞ്ചിനീയര്‍മാര്‍, കേന്ദ്ര ജലക്കമ്മീഷന് ചെയര്മാന് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ അടിയന്തര നടപടി വേണമെന്ന് കേരളം ആവശ്യപ്പെടും.
