കൊച്ചി: നയതന്ത്ര പാഴ്സല്‍ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷ്. മുഖ്യമന്ത്രി ദുബൈയിലേക്കു പോയപ്പോൾ കറൻസിയടങ്ങുന്ന ബാഗ് താൻ ദുബൈയിലെത്തിച്ചിരുന്നുവെന്നും എം ശിവശങ്കറിന്റെ നിർദേശപ്രകാരമായിരുന്നു ഇതെന്നുമാണ് വെളിപ്പെടുത്തൽ.
എറണാകുളം കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ. 2016ൽ മുഖ്യമന്ത്രി ദുബൈയിൽ പോയ സമയത്ത് ഒരു ബാഗ് കൊണ്ടുപോകാൻ മറന്നിരുന്നു. ഇത് ദുബൈയിലെത്തിക്കാൻ ശിവശങ്കർ വിളിച്ചുപറഞ്ഞു. തുടർന്ന് നയതന്ത്ര ചാനൽ വഴി ബാഗ് എത്തിച്ചെന്നും സ്വപ്ന വെളിപ്പെടുത്തി. ഈ ബാഗ് മുഴുവൻ കറൻസികളായിരുന്നുവെന്നും വെളിപ്പെടുത്തലുണ്ട്. സ്കാൻ ചെയ്തപ്പോഴാണ് ഇത് കറൻസിയാണെന്ന് വ്യക്തമായതെന്നും സ്വപ്ന പറയുന്നു. പല കാര്യങ്ങളും ഇനിയും പറയാനുണ്ട്. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതുകൊണ്ടു തന്നെ ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.
