കൊച്ചി കെ ടി ജലീലിനെതിരെ രൂക്ഷ ആരോപണങ്ങൾ ഉയർത്തി സ്വപ്ന സുരേഷ് സമർപ്പിച്ച സത്യവാങ്മൂലം പുറത്ത്. സർക്കാരിനും പരാതിക്കാരനും എതിരെ ശക്തമായ ആരോപണങ്ങളാണ് സ്വപ്ന സുരേഷ് ഉയർത്തിയിരിക്കുന്നത്. താൻ കോടതിയിൽ കൊടുത്ത രഹസ്യ മൊഴിയെക്കുറിച്ച് അന്വേഷിക്കാതെ എങ്ങനെ തെറ്റാണെന്ന് പൊലീസിന് പറയാൻ സാധിക്കുമെന്നു സ്വപ്ന ചോദിക്കുന്നുണ്ട്. സമൂഹമധ്യത്തിലുള്ള വിവരങ്ങൾ മാധ്യമങ്ങളിലൂടെ പങ്കുവച്ചാൽ എങ്ങനെ കലാപമുണ്ടാകും എന്നും ചോദിക്കുന്നു.
കെ.ടി.ജലീൽ യുഎഇ കോൺസുലേറ്റ് ജനറലുമായി വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ രഹസ്യ ചർച്ചകൾ നടത്തി. ജലീൽ നടത്തിയ രാജ്യദ്രോഹ പ്രവർത്തനങ്ങൾ രഹസ്യ മൊഴിയിലുണ്ട്. യുഎഇ ഭരണാധികാരിയുടെ ‘ഗുഡ്’ ബുക്കിൽ പേരു വരാൻ കെ.ടി.ജലീൽ ശ്രമിച്ചു. പ്രത്യേക പരിഗണന ലഭിച്ചാൽ കൂടുതൽ ബിസിനസ് നടത്താൻ കഴിയുമെന്ന് കെ.ടി.ജലീൽ പറഞ്ഞു. എല്ലാറ്റിനും മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയുണ്ടെന്ന് ജലീൽ കോൺസൽ ജനറലിന് ഉറപ്പു നൽകിയെന്നും സ്വപ്ന വ്യക്തമാക്കുന്നു. ജലീലുമായി ചേർന്ന് ബിസിനസ് തുടങ്ങുമെന്ന് കോൺസൽ ജനറൽ പറഞ്ഞതായും സത്യവാങ്മൂലത്തിലുണ്ട്.
മാധ്യമം പത്രത്തെ യുഎഇയിൽ നിരോധിയ്ക്കാൻ ജലീൽ കോൺസുലേറ്റ് ജനറൽ വഴി ശ്രമിച്ചു. കേസ് അട്ടിമറിയ്ക്കാനാണ് സംസ്ഥാന സർക്കാർ ശ്രമം. ഇതിനെ കുറിച്ച് ഇഡിക്ക് ബോധ്യമുണ്ട്. അതുകൊണ്ടാണ് കേസ് കേരളത്തിനു പുറത്തേയ്ക്കു മാറ്റാൻ ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.
