മഹാ കുംഭമേളയെ തുടർന്ന് ബിജെപി സർക്കാരിനെതിരെ രൂക്ഷമായ ആരോപണമുന്നയിച്ച് സമാജ്‌വാദി പാർട്ടി മേധാവിയും മുൻ യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. പ്രയാഗ്‌രാജിലെ മതസമ്മേളനത്തിന് ശേഷം ഏകദേശം 1,000 ഹിന്ദുക്കളെ ഇപ്പോഴും കാണാനില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഖിലേഷ് യാദവിന്റെ ആരോപണം. മാത്രമല്ല ഉത്തർപ്രദേശ് സർക്കാർ അവരെ കണ്ടെത്താൻ കാര്യമായ ശ്രമങ്ങൾ നടത്തിയിട്ടില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. ‘മഹാ കുംഭമേളയും കുംഭമേളയും നമ്മളെല്ലാവരും വീണ്ടും വീണ്ടും ഓർക്കുന്നത് നല്ല കാര്യമാണ്… ഏറ്റവും വലിയ ചോദ്യം മഹാ കുംഭമേള സംഘടിപ്പിക്കുന്നതിന് ഇന്ത്യാ ഗവൺമെന്റ് എത്ര ബജറ്റ് നൽകി എന്നതാണ്?’ അഖിലേഷ് ചോദിച്ചു.
മഹാ കുംഭ മേളയ്ക്ക് ഒരുക്കിയ ക്രമീകരണങ്ങളെ ചോദ്യം ചെയ്‌ത അദ്ദേഹം ബിജെപി സർക്കാരിനോട് ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ആവശ്യപ്പെടുകയും ചെയ്‌തു. ‘മധ്യപ്രദേശിലെയും ഉത്തർപ്രദേശിലെയും മുഖ്യമന്ത്രിമാർ വാഹനങ്ങൾ എവിടെ പാർക്ക് ചെയ്യണമെന്നതിനുള്ള ക്രമീകരണങ്ങൾ മാത്രമാണ് ചെയ്‌തു നൽകിയത്. പലയിടത്തും ആളുകളെ തടഞ്ഞു, അതിർത്തിയിലേക്ക് പ്രവേശിക്കാൻ അവരെ അനുവദിച്ചില്ല’ സമാജ്‍വാദി പാർട്ടി മേധാവി പറയുന്നു. കാണാതായ ആളുകളുടെ കുടുംബങ്ങൾക്ക് വേണ്ട സഹായം നൽകാൻ യോഗി സർക്കാരിനോട് അഖിലേഷ് ആവശ്യപ്പെട്ടു. ബിജെപിയും അവരുടെ ജപ്രവർത്തകരും കുടുംബാംഗങ്ങളെ നഷ്‌ടപ്പെട്ട ഭക്തരുടെ കുടുംബങ്ങളെയെങ്കിലും സഹായിക്കണം. ഏകദേശം 1,000 ഹിന്ദുക്കളെ കാണാതായിട്ടുണ്ട്. കാണാതായ 1000 ഹിന്ദുക്കളെക്കുറിച്ചുള്ള വിവരങ്ങൾ ബിജെപി അവരുടെ കുടുംബങ്ങൾക്ക് നൽകണം. പ്രയാഗ്‌രാജിൽ ഇപ്പോഴും ധാരാളം പോസ്‌റ്ററുകൾ കാണാനുണ്ട്; അദ്ദേഹം ചൂണ്ടിക്കാട്ടി. മുതിർന്ന ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും പങ്കിനെയും അഖിലേഷ് വിമർശിച്ചു. ‘മധ്യപ്രദേശിലെയും ഉത്തർപ്രദേശിലെയും മുഖ്യമന്ത്രിമാർ വാഹന പാർക്കിംഗിനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നുണ്ടെന്ന് ആർക്കെങ്കിലും സങ്കൽപ്പിക്കാൻ കഴിയുമോ? നിരവധി ഐപിഎസ് ഉദ്യോഗസ്ഥർ ഭക്തരെ ദർശനം നടത്തുന്നതിൽ നിന്ന് തടയുകയും ശരിയായ ക്രമീകരണങ്ങൾ ഇല്ലെന്ന് പറയുകയും ചെയ്‌തു’ അദ്ദേഹം ആരോപിക്കുന്നു.
കേന്ദ്രത്തിൽ നിന്ന് മഹാകുംഭ മേളയുടെ നടത്തിപ്പിന് ലഭിച്ച തുകയുടെ കണക്കുകൾ ആരാഞ്ഞ മുൻ യുപി മുഖ്യമന്ത്രി ഇത് ഉടൻ പുറത്തുവിടണമെന്നാണ് ആവശ്യപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കുംഭമേളയുടെ വിജയത്തിൽ യോഗി സർക്കാരിനെയും മറ്റ് സംവിധാനങ്ങളെയും അഭിനന്ദിച്ചുകൊണ്ട് സഭയിൽ പ്രസംഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഖിലേഷ് കടുത്ത ഭാഷയിൽ വിമർശനവുമായി രംഗത്ത് വന്നിരിക്കുന്നത്. പരിപാടി വിജയകരമാക്കുന്നതിൽ ഗവൺമെന്റിന്റെയും സമൂഹത്തിന്റെയും ഉത്തർപ്രദേശിലെ ജനങ്ങളുടെയും സംഭാവനകളെ മോദി പ്രശംസിച്ചു. മഹാ കുംഭമേള ഇന്ത്യയുടെ ഉയർന്നുവരുന്ന ശക്തിയെയും ദേശീയ ആത്മവിശ്വാസത്തെയും പ്രതിനിധീകരിക്കുന്നുവെന്നും മോദി പറഞ്ഞിരുന്നു. ഇതോടെയാണ് ഗുരുതര ആരോപണം ഉയർത്തി അഖിലേഷും വിഷയം ചർച്ചയാക്കുന്നത്.

 
                                            