പേരൂര്‍ക്കടയില്‍ കുഞ്ഞിനെ കാണാതായ സംഭവം; അമ്മ അനുപമയുടെ പരാതിയില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ ദുരഭിമാനത്താല്‍ കുഞ്ഞിനെ തന്റെ മാതാപിതാക്കള്‍ കൊണ്ടുപോയെന്ന അമ്മ അനുപമയുടെ പരാതിയില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു. കുട്ടിയെ അമ്മയുടെ മാതാപിതാക്കളും സുഹൃത്തുക്കളും ചേര്‍ന്ന് എടുത്തുകൊണ്ടുപോയെന്നായിരുന്നു പരാതി. കേസ് എടുത്തതിനെ തുടര്‍ന്ന് സംഭവത്തില്‍ ഡിജിപിയോട് വനിതാ കമ്മീഷന്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. കഴിഞ്ഞ ഏപ്രില്‍ മാസം 19 ന് പൊലീസിന് പരാതി നല്‍കിയിരുന്നെങ്കിലും ആറ് മാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് പൊലീസ് കേസെടുത്തത്.

അതിനു ശേഷം രണ്ട് തവണ അനുപമ സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. അനുപമയുടെ പിതാവും സിപിഎം നേതാവുമായ ജയചന്ദ്രനടക്കം ആറുപേര്‍ക്കെതിരെയാണ് പേരൂര്‍ക്കട പൊലീസ് കേസെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

അതേസമയം, ശിശുക്ഷേമ സമിതിക്ക് അനുപമ അറിയാതെ കൈമാറിയ കുഞ്ഞിനെ തിരിച്ചുതരണമെന്ന അപേക്ഷ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി തള്ളി. തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും കുഞ്ഞിനെ വിട്ടുനല്‍കാതെ ശിശുക്ഷേമ സമിതി മറ്റൊരു ദമ്പതികള്‍ക്ക് കുഞ്ഞിനെ ദത്തായി നല്‍കാന്‍ അതിവേഗം നടപടി എടുത്തുവെന്നാണ് അനുപമയുടെ പരാതി.

Leave a Reply

Your email address will not be published. Required fields are marked *