നിലമ്പൂർ UDF വിയർക്കും; കളത്തിലിറങ്ങുന്നത് LDF ന്റെ ശക്തനായ സ്ഥാനാർത്ഥി

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് പ്രവേശിക്കുകയാണ് മുന്നണികൾ. ശക്തമായ അണിയറ നീക്കങ്ങളാണ് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഓരോ മുന്നണിയിലും നടക്കുന്നത്. തെരഞ്ഞെടുപ്പ് തിയ്യതി മാർച്ചിലോ ഏപ്രിൽ ആദ്യമോ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ തയ്യാറെടുപ്പിന് ഒരുങ്ങുന്നത്. ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ കേന്ദ്രകമ്മിഷന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

യുഡിഎഫിൽ കെപിസിസി ജനറൽസെക്രട്ടറി ആര്യാടൻ ഷൗക്കത്തിനു തന്നെയാണ് മുൻതൂക്കം. സിപിഎമ്മുമായി പിണങ്ങിപ്പിരിഞ്ഞ വേളയിൽ പിവി അൻവർ നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയായി ഡിസിസി പ്രസിഡന്റ് വിഎസ് ജോയി മത്സരിക്കണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ, ഡിസിസി പ്രസിഡന്റായ ജോയി നിലമ്പൂരിൽ യുഡിഎഫിന് അസ്വാസ്ഥ്യമുണ്ടാക്കുന്ന നടപടികളിലേക്ക് നീങ്ങുകയില്ല. മുതിർന്ന കോൺഗ്രസ് നേതാക്കളുടെ നിലപാടുകളും ഷൗക്കത്തിന് അനുകൂലമാണ്. മറ്റൊരാൾ സ്ഥാനാർഥിയാകുന്ന സാഹചര്യമുണ്ടായാൽ കെപിസിസി സെക്രട്ടറി കെ.പി. നൗഷാദലി പരിഗണിക്കപ്പെടാനിടയുണ്ട്.

സിപിഎമ്മിൽ നിലമ്പൂർ മണ്ഡലത്തിലെ പ്രവർത്തനങ്ങളുടെ ചുമതല എം. സ്വരാജിനാണ് നൽകിയിട്ടുള്ളത്. മണ്ഡലത്തിൽ ഏതാനും മാസങ്ങളായി സ്വരാജ് സജീവസാന്നിധ്യവുമാണ്. ബ്രാഞ്ച് തലത്തിലും ലോക്കൽതലത്തിലും സിപിഎം ചിട്ടയായ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. യുഡിഎഫിൽ തർക്കങ്ങളുണ്ടായി മുതിർന്ന നേതാക്കൾ ആരെങ്കിലും വിമതരായി മത്സരിക്കുന്ന സാഹചര്യമുണ്ടായാൽ സിപിഎം അവരെ പിന്തുണച്ചേക്കും. എന്നാൽ അതിനു സാധ്യത പൊതുവേ കുറവാണ്. നിലമ്പൂരിൽ മത്സരിക്കാനില്ലെന്ന് അൻവർ നേരത്തേ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. തൃണമൂൽ കോൺഗ്രസിന് യുഡിഎഫ് പിന്തുണ ഉറപ്പാക്കേണ്ടതുള്ളതിനാൽ അസ്വാസ്ഥ്യമുണ്ടാക്കുന്ന നീക്കങ്ങൾക്ക് അദ്ദേഹം തയ്യാറാവുകയില്ല.

മുപ്പത് വർഷത്തോളം കോൺഗ്രസിന്റെ കുത്തക മണ്ഡലമായിരുന്നു നിലമ്പൂർ. ആര്യാടൻ മുഹമ്മദിലൂടെ യുഡിഎഫ് ആധിപത്യം സ്ഥാപിച്ച മണ്ഡലം. ആര്യാടൻ വിരമിച്ച ശേഷം ഈ മണ്ഡലം ഇടത്തേക്ക് ചാഞ്ഞത് പി വി അൻവറിലൂടെയാണ്. 2016-ൽ ആര്യാടൻ മുഹമ്മദിന്റെ മകൻ ആര്യാടൻ ഷൗക്കത്തിനെതിരെ 11504 വോട്ടിന്റെ ഭൂരിപക്ഷത്തിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചാണ് പി വി അൻവർ മണ്ഡലം പിടിച്ചെടുത്തത്.
2021-ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷമുള്ള അഞ്ചാമത്തെ ഉപതിരഞ്ഞെടുപ്പിനാണ് നിലമ്പൂരിൽ കളമൊരുങ്ങുന്നത്. നാലിൽ മൂന്നിലും ജയിച്ചത് യുഡിഎഫായിരുന്നു. അതാവട്ടെ അവരുടെ സിറ്റിങ് സീറ്റുകളും. എൽഡിഎഫ് അവരുടെ സിറ്റിങ് സീറ്റായ ചേലക്കരയും നിലനിർത്തി. തൃക്കാക്കര, പുതുപ്പള്ളി ഏറ്റവും ഒടുവിൽ പാലക്കാടും യുഡിഎഫിനൊപ്പം തന്നെ നിന്നു. എന്നാൽ നിലമ്പൂരിൽ വരാൻ പോകുന്ന ഉപതിരഞ്ഞെടുപ്പ് ഫലം എൽഡിഎഫിനും യുഡിഎഫിനും ഒരുപോലെ നിർണായകമായിരിക്കും. പിണറായിസം അവസാനിപ്പിക്കാൻ യുഡിഎഫിന്റെ പിന്തുണയോടെ അൻവറും അൻവറിന് മറുപടി കൊടുക്കാൻ എൽഡിഎഫും തയ്യാറെടുക്കുന്ന തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയം യുഡിഎഫിന് അത്ര എളുപ്പമുളളതാകില്ലെന്ന് തന്നെയാണ് ഇപ്പോഴത്തെ സ്ഥിതി​ഗതികൾ ചൂണ്ടിക്കാണിക്കുന്നത്..

ക്രസ്തവ വോട്ടുകളുടെ പിന്തുണ ഉറപ്പിക്കാൻ വി എസ് ജോയിയെ അൻവർ ചൂണ്ടിക്കാട്ടിയിരുന്നു.. എന്നാൽ ഇപ്പോൾ ആര്യാടൻ ഷൗക്കത്തിന്റെ പേരും ചർച്ചയിൽ സജീവമായി ഇടം പിടിക്കുകയാണ്.. നിലമ്പൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയ്ക്ക് പിന്തുണ നൽകി വിജയിപ്പിക്കുന്ന സിപിഎം ഫോർമുല കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും വിജയം കണ്ടതാണ്. 2021-ൽ ശക്തമായ മത്സരം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും വി വി പ്രകാശിനെതിരെ 2791 വോട്ട് നേടിയാണ് അൻവർ ജയിച്ചത്.

അൻവറിലൂടെ വിജയിച്ച ഫോർമുലയിൽ അൻവറിലൂടെ തന്നെ കൈ പൊള്ളിയ പാർട്ടി ഇത്തവണ പാർട്ടി ചിഹ്നത്തിൽ നേരിട്ട് സ്ഥാനാർത്ഥിയെ നിർത്തുന്നതിനായിരിക്കും പ്രഥമ പരിഗണന നൽകുക. അതുകൊണ്ടാണ്നാട്ടുകാരൻ എന്ന നിലയിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ എം. സ്വരാജിന്റെ പേര് ഇടം പിടിച്ചത്. സ്വരാജ് മത്സരിച്ചാൽ വീറും വാശിയും കൂടും. മുതിർന്ന നേതാവിനെ തന്നെ നിർത്തി സീറ്റ് നിലനിർത്തി അൻവറിസം തകർക്കാനാണ് സിപിഎം ശ്രമിക്കുക.

Leave a Reply

Your email address will not be published. Required fields are marked *