ദൃശ്യാ കൊലപാതകം; ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നു

മലപ്പുറം : പ്രണയം നിരസിച്ചതിനെ തുടര്‍ന്നു പെരിന്തല്‍മണ്ണ ഏലംകുളം സ്വദേശിയായ 21കാരിയെ കുത്തി കൊലപ്പെടുത്തിയ പ്രതി വിനീഷിനെ ഇന്ന് തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിക്കും. ഡിവൈഎസ്പി കെ എം ദേവസ്യയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം പ്രതിയെ വീട്ടിലും കടയിലുമെത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. ഇന്നലെ രാത്രിയോടെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

പെണ്‍കുട്ടിയെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെ പ്രതി മുന്‍കൂട്ടി കാര്യങ്ങള്‍ ആസൂത്രണം ചെയ്തെന്നാണ് പൊലീസ് വിലയിരുത്തല്‍. ദൃശ്യയേയും സഹോദരിയേയും പ്രതി ആക്രമിക്കാനുപയോഗിച്ച കത്തി ഇന്നലെ പൊലീസ് കണ്ടെടുത്തിരുന്നു.

പ്രതി യുവതിയുടെ വീട്ടിലെത്തി അടുക്കള വാതിലിലൂടെ അകത്തേക്കു കയറുകയും രണ്ടാം നിലയിലെത്തി ദൃശ്യ അവിടില്ലെന്നു മനസിലാക്കി ഒന്നാം നിലയില്‍ എത്തുകയും അവിടെ യുവതി ഉറങ്ങി കിടക്കുന്ന മുറിയിലെത്തി ആക്രമിക്കുകയുമായിരുന്നു. കൈയില്‍ ആയുധം കരുതിയിരുന്നെങ്കിലും പ്രതി ദൃശ്യയുടെ വീട്ടില്‍ നിന്നെടുത്ത കത്തി ഉപയോഗിച്ചായിരുന്നു കൊല നടത്തിയത്. തടയാന്‍ ചെന്ന അനിയത്തിക്കും ഗുരുതരമായി പരുക്കേറ്റു. പ്രതിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ദൃശ്യയുടെ സഹോദരി ദേവശ്രീയുടെ ആരോഗ്യനില മെച്ചപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

ദൃശ്യയുടെ അച്ഛന്റെ കടയ്ക്ക് തീയിട്ടതും പ്രതി വിനേഷ് നമ്മതിച്ചെന്ന് പൊലീസ്. ദൃശ്യയുടെ അച്ഛന്‍ ബാലചന്ദ്രന്റെ സി കെ സ്റ്റോര്‍സ് എന്ന കടയില്‍ തലേദിവസം രാത്രി തീപിടുത്തമുണ്ടായിരുന്നു. അച്ഛന്റെ ശ്രദ്ധ തിരിക്കാന്‍ ആയിരുന്നു നീക്കം. ആസൂത്രിതമായ കൊലപാതകം ആണ് നടന്നതെന്നും പൊലീസ്.പ്രതിയുമായി ഇന്ന് തെളിവെടുപ്പ് ആരംഭിക്കും. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷമാണ് തെളിവെടുപ്പ് തുടങ്ങുക. കൊല നടന്ന സ്ഥലത്തും ദൃശ്യയുടെ അച്ഛന്റെ സ്ഥാപനത്തിലും തെളിവെടുപ്പ് ഉണ്ടായേക്കും.

ഇന്നലെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായ ദൃശ്യയുടെ മൃതദേഹം രാത്രിയോടെ വീട്ടിലെത്തിച്ചു. ഇന്ന് രാവിലെ വീട്ടുവളപ്പിലാണ് സംസ്‌ക്കാരം.

Leave a Reply

Your email address will not be published. Required fields are marked *