തിരുവനന്തപുരം: സംസ്ഥാനത്ത് ടിപിആര്‍ അനുസരിച്ചുള്ള ലോക്ക്ഡൗണ്‍ തുടര്‍ന്നിട്ടും കൊവിഡ് വ്യാപനം കുറയാത്തതില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി. ബുധനാഴ്ചക്കുള്ളില്‍ ബദല്‍ നിര്‍ദ്ദേശം മുന്നോട്ട് വെക്കാന്‍ അവലോകനയോഗത്തില്‍ നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി. . ലോക്ക്ഡൗണിനെതിരെ വ്യാപക എതിര്‍പ്പ് ഉയരുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാറിന്റെ പുനരാലോചന.
83 ദിവസത്തിലധികം പൂട്ടിയിട്ടിട്ടും വ്യാപനം മുകളിലേക്ക് തന്നെയാണ്. ലോക്ക്ഡൗണ്‍ കാരണം വ്യാപനത്തില്‍ കുറവുണ്ടാകാത്തതെന്തെന്ന് വിശദീകരിക്കാനാവശ്യപ്പെട്ടു. ഇതുവരെ ന്യായീകരിച്ച് നിന്ന ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഇന്ന് മുഖ്യമന്ത്രി ക്ഷുഭിതനായി. എല്ലാ മേഖലയുമായും ചര്‍ച്ച നടത്തണമെന്നാണ് നിര്‍ദ്ദേശം. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ ഇളവുകള്‍ നല്‍കാവുന്ന തരത്തിലുള്ള നിര്‍ദേശങ്ങളിലേക്കാണ് പോകുന്നതെന്നാണ് സൂചന.
ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള അശാസ്ത്രീയ അടച്ചിടലിനെതിരെ വ്യാപാരികളില്‍ നിന്നുയര്‍ന്ന പ്രതിഷേധവും വികാരവും പൊതുജനങ്ങള്‍ക്കിടയിലും ശക്തമാവുകയാണ്. ഇതിനിടെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ പേരില്‍ പൊലീസ് നടപടികള്‍ക്ക് എതിരെയും ശക്തമായ പ്രതിഷേധമുണ്ട്. നിലവില്‍ തുടരുന്ന നിയന്ത്രണങ്ങള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് വ്യാപാരികള്‍. അശാസ്ത്രീയ രീതി പിന്‍വലിക്കണമെന്നാണ് ആവശ്യം
