മകുൽഗാം: ജമ്മു കശ്മീരിൽ അധ്യാപികയെ തീവ്രവാദികൾ വെടിവച്ചുകൊന്നു. കുൽഗാം സ്വദേശിയായ രജനി ഭല്ല എന്ന അധ്യാപികയാണ് കൊല്ലപ്പെട്ടത്.
വെടിവയ്പ്പിൽ ഗുരുതരമായി പരിക്കേറ്റ അധ്യാപികയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭീകരരെ ഉടൻ പിടികൂടുമെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. കുൽഗാമിലെ ഗോപാൽപോര മേഖലയിലെ ഹൈസ്കൂളിലാണ് സംഭവം. പ്രദേശത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്ന് പുലർച്ചെ പുൽവാമയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. തിങ്കളാഴ്ച രാത്രി സുരക്ഷാസേന ഭീകരവിരുദ്ധ ഓപ്പറേഷൻ ആരംഭിച്ചതിന് പിന്നാലെയാണ് പുൽവാമ ജില്ലയിലെ രാജ്പോരയിൽ ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾക്ക് സാധാരണ ജനങ്ങളെ കൊലപ്പെടുത്തിയതിൽ പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചു.
