മുന്‍ ഇന്ത്യന്‍ നായകന്‍ വീരാട് കോഹ്‌ലിക്ക് ഹൃദയത്തിന്റെ ഭാഷയില്‍ ട്വിറ്ററില്‍ കുറിപ്പെഴുതി മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറായ യുവരാജ് സിംഗ്. മുന്‍പത്തെ അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയാത്തതിനാല്‍ ഏറെ വിമര്‍ശനങ്ങളോടെയാണ് കോഹ്‌ലി ക്രിക്കറ്റിലൂടെ കടന്നു പോകുന്നത്. ഇന്ത്യന്‍ നായകസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് യുവി ഇത്തരത്തിലൊരു കുറിപ്പുമായി മുന്നോട്ടുവരുന്നത്. പുതിയ തലമുറയ്ക്ക് വിരാട് കോഹ്‌ലി വലിയ പ്രചോദനമാണെന്നും വ്യക്തി എന്ന നിലയിലും ക്രിക്കറ്റര്‍ എന്ന നിലയിലും വിരാടിന്റെ വളര്‍ച്ചയ്ക്ക് താന്‍ സാക്ഷിയാണെന്നും യുവി കത്തില്‍ കുറിച്ചു.കോഹ്ലി ക്രിക്കറ്റ് ലോകത്ത് ഒരുപാട് നേട്ടങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ടെന്നും മികച്ച ക്യാപ്റ്റനും ഒരു ഇതിഹാസനായകനും ആണെന്ന് യുവി കൂട്ടിച്ചേര്‍ത്തു. ലോകത്തിനു മുഴുവനും നീ ക്രിക്കറ്റ് രാജാവാണെങ്കിലും എനിക്ക് നീ എന്നും എന്റെ ചീക്കു ആണ് എന്ന് കുറിച്ചാണ് യുവി കത്ത് അവസാനിപ്പിച്ചത്.
