കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് അനധികൃതമായി കോവിഡ് പരിശോധന : ഇടപ്പള്ളിയിലെ സ്വകാര്യ ലാബ് കളക്ടര്‍ പൂട്ടിച്ചു

കൊച്ചി: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് അനധികൃതമായി കോവിഡ് പരിശോധന നടത്തിയ ഇടപ്പള്ളിയിലെ കൊച്ചിന്‍ ഹെല്‍ത്ത് കെയര്‍ ഡയഗ്‌നോസ്റ്റിക് സെന്റര്‍ പൂട്ടിച്ചു. ലാബുടമയ്ക്ക് എതിരെ പകര്‍ച്ചവ്യാധി തടയല്‍ നിയമം അനുസരിച്ച് കേസ് എടുക്കുമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു.

ലാബിനെതിരെ നേരത്തെ പരാതി ലഭിച്ചിരുന്നു. കോവിഡ് പരിശോധന നടത്തുന്നതിന് ലൈസന്‍സോ ഐ സി എം ആര്‍ അപ്രൂവലോ ഇല്ല. ഇവിടുത്തെ ജീവനക്കാര്‍ ഒരേ പി പി ഇ കിറ്റ് ഉപയോഗിച്ചാണ് ഒന്നിലധികം ദിവസം പ്രവര്‍ത്തിച്ചിരുന്നത്. കൂടാതെ കോവിഡ് പരിശോധന ഫലം കൃത്യമായി ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ലാബ് ഇത് കൃത്യമായി അറിയിച്ചിരുന്നില്ല. തുടര്‍ന്ന് ജില്ലയിലെ കോവിഡ് കണക്കുകള്‍ ഏകീകരിക്കുന്നതിന് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിരുന്നുവെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

ഇന്ന് രാവിലെ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ്, ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് തുടങ്ങിയവയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് പരിശോധനകളില്‍ ക്രമക്കേട് കണ്ടെത്തിയത്. അതേസമയം വരും ദിവസങ്ങളിലും ഇത്തരം പരിശോധനകള്‍ തുടരുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *