ചെന്നൈ: കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ ബി എ4 തമിഴ്നാട്ടിൽ സ്ഥിരീകരിച്ചു. ചെങ്കൽപേട്ട് സ്വദേശിക്കാണ് രോഗം ബാധിച്ചത്. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.
ആരോഗ്യവകുപ്പ് മന്ത്രി എം എ സുബ്രഹ്മണ്യൻ വാർത്താക്കുറിപ്പിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ച വിവരം അറിയിച്ചത്. ചെന്നൈയിൽ നിന്ന് 30 കിലോമീറ്റർ അകലെ ചെങ്കൽപേട്ട് ജില്ലയിലെ നാവാലൂർ സ്വദേശിയാണ് രോഗബാധ സ്ഥിരീകരിച്ചയാൾ. രാജ്യത്ത് രണ്ടാമതാണ് ഈ രോഗബാധ സ്ഥിരീകരിക്കുന്നത്. ഹൈദരാബാദിലായിരുന്നു ആദ്യത്തെ ഒമിക്രോൺ ബിഎ 4 ബാധ സ്ഥിരീകരിച്ചത്.
ദക്ഷിണാഫ്രിക്കയിൽ നിന്ന് ഹൈദരാബാദിലേക്ക് തിരിച്ചെത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. മെയ് ഒൻപതിനായിരുന്നു ഇത്. ഇയാളുമായി ബന്ധപ്പെട്ടവരെ കണ്ടെത്തി നിരീക്ഷണത്തിലേക്ക് മാറ്റിയിരുന്നു. 12 ദിവസം കഴിഞ്ഞിട്ടും ഹൈദരാബാദിൽ മറ്റാർക്കും ഈ രോഗബാധ സ്ഥിരീകരിച്ചിരുന്നില്ല.
