കെപിസിസി പുനഃസംഘടന; എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന് സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തും.


തിരുവനന്തപുരം: കെപിസിസി പുനഃസംഘടന സംബന്ധിച്ച് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന് സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തും. എ-ഐ ഗ്രൂപ്പുകളില്‍ നിന്ന് കെപിസിസി നേതൃത്വം ഇതിനകം പട്ടിക വാങ്ങിയിട്ടുണ്ട്. ഇരുഗ്രൂപ്പുകളെയും പരിഗണിച്ച് പരാതിയില്ലാതെ പുനഃസംഘടന തീര്‍ക്കാനാണ് ശ്രമം.

അതേസമയം, രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും രാജിവച്ച വിഎം സുധീരനെ അനുനയിപ്പിക്കാനുള്ള ശ്രമവും ഇന്ന് ഉണ്ടാകും. കെപിസിസി പുനഃസംഘടനയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് മുന്‍ അധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വിഎം സുധീരന്‍ രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവച്ചത്.

മുന്‍ കെപിസിസി പ്രസിഡണ്ട് എന്ന നിലയില്‍ പുനഃസംഘടന സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ ഇപ്പോഴത്തെ നേതൃത്വം തയ്യാറാകുന്നില്ലെന്ന് സുധീരന്‍ പരാതി ഉന്നയിച്ചിരുന്നു.

എന്നാല്‍, വിഎം സുധീരന്റെ പരാതി എന്താണെന്ന് അറിയില്ലെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രതികരിച്ചത്. പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും രണ്ട് തവണ വിഎം സുധീരനെ വിളിച്ചിരുന്നുവെന്നും കെ സുധാകരന്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *