സഞ്ജയ് ദേവരാജൻ

ഗാന്ധികുടുംബത്തിൽ ഉള്ളവർക്ക് മാത്രം പൊതുവേ പ്രാപ്യമായ കോൺഗ്രസ് പ്രസിഡന്റ് പദവിയിലേക്ക് തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നു എന്നത് കോൺഗ്രസ് കാലാനുസൃതമായ ചില മാറ്റങ്ങൾക്ക് തയ്യാറെടുക്കുന്നു എന്ന സൂചന തന്നെയാണ്.
2014 മുതൽ ലോക്സഭയിൽ നഷ്ടമായ പ്രതിപക്ഷ നേതൃപദവി, കേവലം രണ്ടു സംസ്ഥാനങ്ങളിലേക്ക് മാത്രം അധികാരം ചുരുങ്ങുന്ന അവസ്ഥ, പല സംസ്ഥാനങ്ങളിലും ബിജെപിയുടെ മുഖ്യ എതിരാളി എന്നുള്ള സ്ഥാനം പോലും നഷ്ടമാകുന്ന രാഷ്ട്രീയ അപജയത്തിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കോൺഗ്രസിന്, ഒരു തിരിച്ചുവരവ് ആവശ്യമാണ്.
ഇന്ത്യൻ ജനാധിപത്യം ഒരു ഏകാധിപത്യ സ്വഭാവത്തിലേക്ക് മാറാതിരിക്കാൻ കോൺഗ്രസിന്റെ തിരിച്ചുവരവ് ഇന്ത്യൻ ജനത ആഗ്രഹിക്കുന്നു.
കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരം നഷ്ടപ്പെട്ടെങ്കിലും കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും വേരോട്ടമുള്ള രാഷ്ട്രീയ പാർട്ടി ആണ് ഇന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ്.
2019ലെ പരാജയത്തെ തുടർന്ന് രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷപദവി വിട്ടൊഴിഞ്ഞ് ശേഷം, ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു പോരാട്ടത്തിന് പോലും തയ്യാറാവാതെ ഉള്ള കോൺഗ്രസിന്റെ തകർച്ച വേദനിപ്പിക്കുന്ന ഒന്നായിരുന്നു.
ഇപ്പോൾ കോൺഗ്രസ് പ്രസിഡന്റ് പദവിയിലേക്ക് ഉള്ള തെരഞ്ഞെടുപ്പിൽ അശോക് ഗെലോട്ട്ഉം ശശിതരൂരും മത്സരിക്കും എന്നുള്ള കാര്യം ഏതാണ്ട് ഉറപ്പായി. ഗാന്ധി കുടുംബത്തിന് മൗന പിന്തുണയുള്ള രാഷ്ട്രീയ തന്ത്രജ്ഞനായ അശോക് ഗെലോട്ട് തന്നെ പ്രസിഡന്റ് പദവിയിലെത്തും എന്നുള്ള കാര്യത്തിൽ വലിയ സംശയങ്ങൾ ഒന്നും വേണ്ട.
ജി 23 എന്ന് കോൺഗ്രസിലെ തിരുത്തൽവാദി സംഘം, കോൺഗ്രസിൽ മാറ്റങ്ങൾക്ക് വേണ്ടി മുറവിളി കൂട്ടി എന്നുള്ളത് ശരി തന്നെ, എന്നാൽ ഇന്ന് ജി 23ലെ പ്രധാന നേതാക്കൾ ബിജെപി ചേരിയിലേക്ക് കൂറു മാറുന്ന ഒരു കാഴ്ചയും നമ്മൾ കണ്ടു, ശശിതരൂർ ഉൾപ്പെടുന്ന ജി 23ൽ ഇന്ന് വളരെ കുറച്ച് നേതാക്കൾ മാത്രമേ കോൺഗ്രസിൽ ബാക്കിയുള്ളൂ.
അശോക് ഗെലോട്ട് കോൺഗ്രസ് രാഷ്ട്രീയ നേതാക്കളിൽ മികച്ച ട്രാക്ക് റെക്കോർഡ്
ഉള്ള, ബിജെപിക്ക് വെല്ലുവിളി ഉയർത്താൻ ശേഷിയുള്ള കോൺഗ്രസ് നേതാവ് തന്നെയാണ്.
2020ഇൽ കോൺഗ്രസിലെ ഒരു ഭാഗത്തെ കൂട്ടുപിടിച്ച് അശോക് ഗെലോടിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കാനുള്ള മോഡി അമിത് ഷാ തന്ത്രത്തെ അതിജീവിച്ച രാഷ്ട്രീയ മിടുക്ക് മാത്രമല്ല അശോക് ഗെലോട്ട്ന് മുതൽ കൂട്ടായുള്ളത്.
അശോക് ഗെലോട്ട് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി ആയിരുന്ന കാലത്താണ്, ഗുജറാത്തിൽ കോൺഗ്രസ് അതിശക്തമായ പോരാട്ടം നടത്തി ബിജെപിയെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിറപ്പിച്ചത്.
മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോൺഗ്രസിന് വിജയം നേടാൻ കഴിഞ്ഞതും അശോക് ഗെലോട്ട് സംഘടന ജനറൽ സെക്രട്ടറി ആയിരുന്ന കാലയളവിലായിരുന്നു.
രാജസ്ഥാനിൽ, സച്ചിൻ പൈലറ്റിനെ കൂട്ടുപിടിച്ച് 2020 ബിജെപി കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ചു എന്നായിരുന്നു ആദ്യ ഘട്ടത്തിൽ തോന്നിച്ചത് എങ്കിലും, അശോക് ഗെലോട്ട് എന്ന തന്ത്രശാലിയായ രാഷ്ട്രീയ നേതാവ് ആ ഘട്ടത്തിൽ ഭിന്നാഭിപ്രായം പ്രകടിപ്പിച്ചിരുന്ന ബിജെപി ഇതര കക്ഷികളെ ആകെ കോൺഗ്രസിന്റെ കീഴിൽ കൊണ്ടു വരികയും, തുടർന്ന് സച്ചിൻ പൈലറ്റിന്റെ ഭാഗത്തുള്ള എംഎൽഎമാരെ തിരിച്ചെത്തിക്കും ചെയ്ത മാജിക് കോൺഗ്രസിൽ അശോക് ഗെലോട്ട്ന്റെ താരമൂല്യം ഉയർത്തി.
രാജസ്ഥാനിലെ റിസോർട്ട് രാഷ്ട്രീയത്തിൽ മോഡി അമിത് ഷാ സഖ്യത്തെ തറപറ്റിച്ച അശോക് ഗെലോട്ട്, ഈ കഴിഞ്ഞ രാജസ്ഥാനിലെ രാജ്യസഭ തിരഞ്ഞെടുപ്പിലും ആ മികവ് നിലനിർത്തി.
ബിജെപി ഉയർത്തുന്ന രാഷ്ട്രീയ വെല്ലുവിളികൾക്ക്.അതേ നാണയത്തിൽ മറുപടി നൽകാൻ കഴിയുന്ന കോൺഗ്രസ് നേതാവായ അശോക് ഗെലോട്ട് ആണ് കോൺഗ്രസ് പ്രസിഡണ്ട് ആവാൻ തീർച്ചയായും യോഗ്യൻ. ഭിന്നാഭിപ്രായം ഉള്ളവരെ ഒരുമിച്ച് നിർത്താനുള്ള ഗെലോട്ട്ന്റെ കഴിവ് കോൺഗ്രസിനുള്ളിലും, മറ്റു പ്രതിപക്ഷ പാർട്ടികളെ കോൺഗ്രസുമായി യോജിപ്പിച്ച് നിർത്തുന്നതിനും മുതൽ കൂട്ടാണ്.

 
                                            