അമേരിക്ക വ്യോമാക്രമണത്തിന്; അഫ്ഗാന്‍ സൈന്യത്തിനു നല്‍കിയതും അല്ലാത്തതുമായ വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍ എന്നിവ തകര്‍ക്കാന്‍ ആലോചന

താലിബാന്‍ പിടിച്ചെടുത്ത വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, നൈറ്റ് വിഷന്‍ സംവിധാനങ്ങള്‍, ഡ്രോണുകള്‍, കവചിത വാഹനങ്ങള്‍ എന്നിവ തകര്‍ക്കാന്‍ അമേരിക്ക വ്യോമാക്രമണം നടത്തിയേക്കും. ഈ മാസം അവസാനത്തോടെ യുഎസ് സൈനികരെല്ലാം പിന്‍മാറിയതിന് ശേഷമാകും ആക്രമണം.

നിരവധി അത്യാധുനിക വാഹനങ്ങളും ഹെലികോപ്റ്ററുകളും മറ്റു ആയുധങ്ങളും താലിബാന്റെ കൈവശമുണ്ട്. ഇതെല്ലാം അമേരിക്കയ്ക്ക് ഭാവിയില്‍ വന്‍ വെല്ലുവിളിയാകും. ചൈനയും റഷ്യയും ഇപ്പോള്‍ താലിബാനോട് സഹകരിക്കുന്നുണ്ട്.

ഇതോടെ അമേരിക്കയുടെ ചില ആയുധങ്ങളുടെ രഹസ്യങ്ങളെങ്കിലും വിദേശത്തേക്ക് കടത്തിയേക്കും. പിടിച്ചെടുത്ത യുഎസ് വാഹനങ്ങളും ഹെലികോപ്റ്ററുകളും താലിബാന്‍ ഭീകരര്‍ പരിശോധിക്കുന്നത് വിവിധ വിഡിയോകളില്‍ കാണാം.

പുതിയ തോക്കുകള്‍, ആശയവിനിമയ ഉപകരണങ്ങള്‍, സൈനിക ഡ്രോണുകള്‍ എന്നിവ ഉപയോഗിക്കാന്‍ ശ്രമിക്കുന്നതും വിഡിയോയില്‍ കാണിക്കുന്നുണ്ട്. ഇതില്‍ മിക്കതും അഫ്ഗാന്‍ സൈന്യത്തെ സഹായിക്കാന്‍ അമേരിക്ക നല്‍കിയതാണ്.ഏകദേശം 2,000 കവചിത വാഹനങ്ങളും 40 വരെ എയര്‍ക്രാഫ്റ്റുകളും അഫ്ഗാനിസ്ഥാനിലുണ്ട്.വൈകാതെ തന്നെ ഈ പ്രദേശങ്ങളില്‍ അമേരിക്കയുടെ വ്യോമാക്രമണം പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *