സഞ്ജയ് ദേവരാജൻ
മതം മനുഷ്യജീവന് ഭീഷണിയായി മാറുന്ന ഭീകരമായ അവസ്ഥയാണ് താലിബാനിലൂടെ നമുക്ക് കാണാവുന്നത്. 1996 ൽ അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയ താലിബാൻ മനുഷ്യത്വരഹിതമായ ഒരു ഭരണമാണ് 2001 വരെ തുടർന്നത്. അഫ്ഗാനിസ്ഥനിലെ ന്യൂനപക്ഷ വംശീയ വിഭാഗങ്ങൾ , സ്ത്രീകൾ കുട്ടികൾ, പുരോഗമന ചിന്താഗതിയുള്ള ജനവിഭാഗങ്ങൾ ഇവരൊക്കെ ആ കാലഘട്ടത്തിൽ മൃഗീയമായി പീഡിപ്പിക്കപ്പെട്ടിരുന്നു. താലിബാൻ ഭരണത്തിന്റെ ദോഷവശങ്ങൾ കൂടുതൽ അനുഭവിച്ചത് സ്ത്രീകൾ ആയിരുന്നു. ജോലി, വിദ്യാഭ്യാസം, വീടിനു പുറത്തിറങ്ങാൻ ഉള്ള സ്വാതന്ത്ര്യം തുടങ്ങിയവ സ്ത്രീകൾക്ക് നഷ്ടമായിരുന്നു. ലോകത്തിലെ നരകമായിരുന്നു അന്ന് അഫ്ഗാനിസ്ഥാൻ.
2001 ൽ അമേരിക്ക അഫ്ഗാനിസ്ഥാനിൽ ആക്രമണം നടത്തുകയും താലിബാനെ പുറത്താക്കുകയും പുതിയ ഗവൺമെന്റിനെ അവരോധിക്കുകയും ചെയ്തു. ഇപ്പോൾ അമേരിക്ക യാതൊരു വീണ്ടുവിചാരമില്ലാതെ അഫ്ഗാനിസ്ഥാനിൽ നിന്ന് പിന്മാറുന്നത് താലിബാൻ വീണ്ടും അധികാരത്തിലെത്തുന്ന എത്തുന്ന അവസ്ഥ സംജാതമാക്കി . മറ്റൊരു നജീബുള്ള ആകാൻ തയ്യാറാകാതിരുന്ന പ്രസിഡന്റ് അഷ്റഫ് ഗനി യുഎഇയിലേക്ക് പലായനം ചെയ്തു.
ലോക ജനതയെ അത്ഭുതപ്പെടുത്തുന്നത് യാതൊരു വിധ പോരാട്ടങ്ങളും ഇല്ലാതെ വളരെ നിസ്സാരമായി താലിബാൻ കാബൂൾ പിടിച്ചടക്കിയതാണ്. എൺപതിനായിരത്തോളം താലിബാൻ പോരാളികൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്. അമേരിക്ക കഴിഞ്ഞ 20 വർഷമായി പരിശീലിപ്പിച്ച അഫ്ഗാൻ സൈന്യത്തിന്റെ എണ്ണം മൂന്നുലക്ഷത്തോളം. എവിടെയാണ് അമേരിക്കയ്ക്ക് പിഴച്ചത്?
അഫ്ഗാനിസ്ഥാൻ യുദ്ധത്തിൽ പാകിസ്ഥാനെ സഖ്യകക്ഷിയായി കൂട്ടി അവരെ വിശ്വസിച്ച് മുന്നോട്ടുപോയത് തന്നെയാണ് അമേരിക്കയുടെ അഫ്ഗാനിസ്ഥാനിലെ പരാജയത്തിന് പ്രധാനകാരണം. അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ യാഥാർഥ്യങ്ങൾ അമേരിക്കയ്ക്ക് മനസ്സിലാക്കാൻ കഴിയാതെ പോവുകയും ചെയ്തു.
താലിബാൻ പാകിസ്താന്റെ ഒരു സൃഷ്ടിയാണ്. 2001 ൽ അമേരിക്ക, താലിബാനെ പുറത്താക്കിയപ്പോൾ താലിബാൻ പോരാളികൾക്ക് പാകിസ്ഥാൻ അവരുടെ മണ്ണിൽ എല്ലാവിധ ഒളിയിടങ്ങൾ ഒരുക്കിക്കൊടുക്കുകയും അവർക്ക് വേണ്ട സംരക്ഷണം നൽകുകയും ചെയ്തു.
1947 ൽ ഇന്ത്യാ വിഭജന സമയത്ത് പാകിസ്ഥാനും കശ്മീർ രാജാവുമായി തർക്കമുണ്ടായി. അന്ന് കശ്മീർ പിടിച്ചടുക്കാനായി പാകിസ്ഥാൻ ഗോത്രവർഗ പോരാളികളുടെ രൂപത്തിൽ സൈന്യത്തെ അയക്കുകയും കശ്മീരിന്റെ ഒരുഭാഗം അധീനതയിൽ ആകുകയും ചെയ്ത തന്ത്രം മറ്റൊരു വിധത്തിൽ താലിബാൻ പോരാളികളുടെ രൂപത്തിൽ അഫ്ഗാനിസ്ഥാനിൽ നടപ്പിലാക്കുകയാണ് പാകിസ്താൻ ചെയ്യുന്നത്.
താലിബാൻ പോരാളികളിൽ വലിയൊരുവിഭാഗം പാകിസ്ഥാനിൽ നിന്നുമുള്ള തീവ്രവാദികളാണ് എന്നാണ് മുൻ അഫ്ഗാനിസ്ഥാൻ സർക്കാർ ആരോപിച്ചിട്ടുള്ളത്. പാകിസ്ഥാന് പകരം ഇറാനുമായി അമേരിക്ക അഫ്ഗാനിസ്ഥാൻ പ്രശ്നത്തിൽ സഹകരിച്ചിരുന്നു എങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നു. അഫ്ഗാനിസ്ഥാനിൽ താലിബാന്റെ പ്രധാന എതിരാളികൾ ഷിയാ വിഭാഗക്കാരും മറ്റു ന്യൂനപക്ഷ വിഭാഗങ്ങളും ആണ്.
സൈനികപരമായി അമേരിക്കൻ ഇടപെടൽ പരാജയം ആയി. എന്നാൽ കഴിഞ്ഞ ഇരുപത് കൊല്ലമായി അവിടെ സാമൂഹികമായും, വിദ്യാഭ്യാസപരമായും ഒരു മാറ്റം ജനസംഖ്യ കൂടുതലുള്ള നഗരങ്ങളിൽ വരുത്തുവാൻ അമേരിക്കയ്ക്കും അവിടം ഭരിച്ചിരുന്ന സർക്കാരുകൾക്കും ഒരു പരിധിവരെ കഴിഞ്ഞു എന്ന് നമുക്ക് കാണാൻ കഴിയും.
അഫ്ഗാനിസ്ഥാൻ സൈന്യം പിന്തിരിഞ്ഞോടിയ സമയത്തു അവിടെ സ്ത്രീകളും പുരോഗമന ചിന്താഗതിക്കാരും അഫ്ഗാനിസ്ഥാൻ പതാകയേന്തി പ്രക്ഷോഭവുമായി തെരുവിലേക്കിറങ്ങി
താലിബാൻ പോരാളികളെ വെല്ലുവിളിക്കുന്ന കാഴ്ച നമുക്ക് കാണാം.
അഫ്ഗാനിസ്ഥാൻ വൈസ് പ്രസിഡന്റ് അമറുള്ള സാലെ പഞ്ചശീർ താഴ്വരയിൽ താലിബാൻ വിരുദ്ധ നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതായും, വിഘടിച്ചു പോയ സൈന്യം പഞ്ചശീർ നഗരത്തിലേക്ക് എത്തുന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചില ജില്ലകളുടെ നിയത്രണം ഇപ്പോൾ തന്നെ താലിബാനു നഷ്ടമായതായി വാർത്തകൾ വരുന്നുണ്ട്.
1996 നെ പോലെ ഈ തവണ താലിബാന് കാര്യങ്ങൾ എളുപ്പമാകില്ല എന്ന് തന്നെയാണ് പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്.
സഞ്ജയ് ദേവരാജൻ
