തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ കേസെടുത്തു.ഐപിസി 153 വകുപ്പ് പ്രകാരം വിദ്വേഷ പ്രസംഗം നടത്തിയെന്നാണ് കേസ്. പ്രാദേശിക ഡിവൈഎഫ്ഐ നേതാവിന്റെ പരാതിയില്‍ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. പരാതി നല്കിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ഇന്നലെ രാത്രി വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന് നേരിട്ടിറങ്ങി നേതൃത്വം വഹിക്കുന്നതിനെതിരെയായിരുന്നു രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന് രംഗത്തെത്തിയത്. മുഖ്യമന്ത്രിയെന്ന പദവി മറന്നുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനമെന്ന് കണ്ണൂര്‍ എംപി കുറ്റപ്പെടുത്തി. ചങ്ങലയില്‍ നിന്നും പൊട്ടിപ്പോയ നായയേപ്പോലെയാണ് മുഖ്യമന്ത്രി പിണറായി തൃക്കാക്കരയില്‍ വന്നിരിക്കുന്നതെന്നും സുധാകരന് പ്രസ്താവിച്ചു. മുഖ്യമന്ത്രിയെ ആരും കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കുന്നില്ലെന്നും നിയന്ത്രിക്കാന്‍ ആരുമില്ലെന്നും കെപിസിസി അധ്യക്ഷന്‍ വിമര്‍ശിച്ചു.
