തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടി മകളെ പോലെയാണെന്നും പിന്തുണയും ആത്മവിശ്വാസവും നൽകി കൂടെ തന്നെ നിൽക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
ജീവിതത്തിലുണ്ടായ തിക്താനുഭവത്തേക്കാൾ വലിയ തിക്താനുഭവമാണ് ഇടത് നേതാക്കളിൽ നിന്ന് ആക്രമിക്കപ്പെട്ട നടിക്കുണ്ടായത്. ഈ വിഷയത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാൻ യുഡിഎഫ് ഇല്ല. അതിജീവിത ഹൈക്കോടതിയിൽ പരാതി നൽകാനുണ്ടായ സാഹചര്യം അന്വേഷിക്കണമെന്നാണ് യുഡിഎഫ് ആവശ്യപ്പെട്ടത്.
ഭരണകക്ഷിയിലെ പ്രമുഖർ ഇടപെട്ട് അന്വേഷണം അട്ടിമറിക്കുന്നുവെന്ന ഗുരുതരമായ ആരോപണമാണ് അതിജീവിത കോടതിക്ക് മുന്നിൽ ഉന്നയിച്ചത്. തിരഞ്ഞെടുപ്പ് കാലത്ത് ഹർജി നൽകിയെന്ന് ആരോപിച്ച് അതിജീവിതയെ അപമാനിക്കുന്ന പ്രസ്താവനകൾ നടത്തിയത് കോടിയേരി ബാലകൃഷ്ണനും ഇ പി ജയരാജനും ആന്റണി രാജുവും എം എം മണിയുമാണ്. അവർ മാപ്പ് പറഞ്ഞ് പ്രസ്താവന പിൻവലിക്കണമെന്നും അദ്ദേഹം വിശദീകരിച്ചു.
