ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ സ്ത്രീവിരുദ്ധാ അധിക്ഷേപം നടത്തിയ മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിക്കെതിരെ കേരള വനിതാ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തു. ഇത് സംബന്ധിച്ച് മലപ്പുറം ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വക്കേറ്റ് പി സതീദേവി പറഞ്ഞു.
അങ്ങേയറ്റം സ്ത്രീവിരുദ്ധവും പ്രതിഷേധാർഹവുമാണ് വീണാ ജോർജിനെതിരെ നടത്തിയ പ്രസ്താവന. തന്റെ മേഖലയിൽ ശക്തമായ ഇടപെടലുകൾ നടത്തി മികച്ച ജനപിന്തുണ നേടിയ ഒരു സ്ത്രീയെയാണ് തികച്ചും വൃത്തികെട്ട രീതിയിലുള്ള പദപ്രയോഗങ്ങൾ കൊണ്ട് കെഎം ഷാജി അപമാനിച്ചിരിക്കുന്നത്. അദ്ദേഹം ഉപയോഗിച്ച ‘സാധനം’ എന്ന പദപ്രയോഗം മാത്രം മതി അദ്ദേഹം സ്ത്രീ സമൂഹത്തെ എങ്ങനെയാണ് കാണുന്നതെന്ന് മനസ്സിലാക്കാൻ.
മുമ്പ് നമ്പൂതിരി സമുദായത്തിന്റെയിടയിൽ ഉണ്ടായിരുന്ന സ്മാർത്തവിചാരം എന്ന എന്ന വിചാരണാ രീതിയിൽ കുറ്റാരോപിതയെ സ്ത്രീയെ വിളിച്ചിരുന്ന പേരായിരുന്നു സാധനം എന്നത്. കെഎം ഷാജിയുടെ മനസ്സിലെ ഫ്യൂഡൽ മാഡം വിത്തത്തിന്റെ പ്രതിഫലമാണ് ഇത്തരം പരാമർശങ്ങൾ. ആധുനികകാലത്തും ഇത്തരം ചിന്തകൾ വച്ച് പുലർത്തുന്നവരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും സതീദേവി പറഞ്ഞു.
