കെ മുരളീധരനെ സതീശന്‍ എന്തുകൊണ്ട് ഭയക്കുന്നു

കെ.മുരളീധരനെ വി.ഡി സതീശൻ ഭയപ്പെടുന്നുവെന്ന് സി.പി.ഐ.എം. മുരളീധരൻ നിയമസഭയിൽ എത്തുന്നതിനെ സതീശൻ ഭയപ്പെടുന്നുണ്ടെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. മുരളീധരനെ പാലക്കാട് സ്ഥാനാർത്ഥിയാക്കുന്നത് തടയിടാനാണ് ധൃതിപിടിച്ച് രാഹുൽ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ചതെന്നും കെ.മുരളീധരൻ നിയമസഭയിൽ എത്തിയാൽ തന്റെ അപ്രമാദിത്വം പൊളിയുമെന്ന് സതീശന് മനസ്സിലായെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സ്ഥാനാർത്ഥിത്വം യുഡിഎഫ്-ബി.ജെ.പി ഡീലിൻ്റെ ഭാഗമെന്നും സി.പി.ഐ.എം ആരോപിച്ചു. മുരളീധരൻ മത്സരിച്ചെങ്കിൽ ബിജെപിയെ ജയിപ്പിക്കാമെന്ന സതീശൻ്റെ ഡീൽ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശാഭിമാനിയിലെ ലേഖനത്തിലാണ് പാർട്ടി സെക്രട്ടറിയുടെ നിലപാട്. കോൺഗ്രസിലെ പ്രതിസന്ധി ഉപയോഗിച്ച അടവ് നയമാണ് സരിൻ്റെ സ്ഥാനാർത്ഥിത്വം. ഇ.ശ്രീധരന് ലഭിച്ച വോട്ട് ബി.ജെ.പി സ്ഥാനാർത്ഥിക്ക് ഇത്തവണ കിട്ടില്ല. പാലക്കാട് മണ്ഡലത്തിൽ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും എം.വി ഗോവിന്ദൻ ലേഖനത്തിൽ വ്യക്തമാക്കി.

അതേസമയം സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് പാലക്കാട് ഡിസിസി അയച്ച കത്ത് ചിലര്‍ക്ക് കിട്ടിക്കാണും, ചിലര്‍ക്ക് കിട്ടിക്കാണില്ലെന്ന് കെ മുരളീധരന്‍. കിട്ടിയവര്‍ അതേക്കുറിച്ച് പറഞ്ഞല്ലോ. കത്ത് ഉണ്ടെന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. ഇപ്പോള്‍ അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതില്ല. സ്ഥാനാര്‍ത്ഥി വന്നു കഴിഞ്ഞതിനാല്‍ കത്തിന് ഇപ്പോള്‍ പ്രസക്തിയില്ല. സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ നോക്കുകയാണ് ഇപ്പോള്‍ ചെയ്യേണ്ടത്. അല്ലാതെ അയച്ച കത്തുകളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയല്ല വേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.

നവീന്‍ബാബുവിന്റെ കുടുംബത്തോടൊപ്പം എന്നു പറയുകയും, അതേസമയം ദിവ്യയ്‌ക്കൊപ്പം നില്‍ക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് സിപിഎം സ്വീകരിച്ചിട്ടുള്ളത്. കലക്ടറെക്കൊണ്ടുവരെ മൊഴി മാറ്റിച്ചു. ഒന്നാം പ്രതി ദിവ്യയാണെങ്കില്‍ രണ്ടാം പ്രതി കലക്ടറാണ്. പിണറായിയുടെ താളത്തിനൊപ്പം കലക്ടര്‍ തുള്ളുകയാണ്. ഒന്നേമുക്കാല്‍ വര്‍ഷം കൂടിയേ ഈ സര്‍ക്കാര്‍ ഉള്ളൂ എന്ന കാര്യം കലക്ടര്‍ മനസ്സിലാക്കണം. അദ്ദേഹത്തിന് ഇനിയും സര്‍വീസ് ഉള്ളത് എന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *