ജീവിതയാത്രയിൽ താണ്ടേണ്ടി വന്ന ദുരിതങ്ങൾ പറഞ്ഞ് മാർത്തോമ വനിതാ കോളേജ് ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട് വാർത്തകളിൽ ഇടംനേടിയ കെഎൽ രജിത. തന്റെ സ്വപ്നങ്ങൾ പൊരുതി നേടുകയായിരുന്നുവെന്ന് രജിത പറയുന്നു. എട്ട് വർഷം മുൻപ് രജിതയുടെ അമ്മ മരിച്ചു. പിതാവിന് മകളുടെ പഠനചെലവ് വഹിക്കാൻ കഴിയുമായിരുന്നില്ല. ഒടുവിൽ സ്വപ്നങ്ങൾക്ക് വേണ്ടി വീട് വിട്ടിറങ്ങേണ്ടി വന്നു, ക്രിക്കറ്റ്, കബഡിയിൽ ദേശീയ താരമായ രജിത പറയുന്നു.
ആലുവയിൽ എത്തിയപ്പോൾ ആൺകുട്ടികളെപ്പോലെ മുടിവെട്ടി, ഷർട്ടും പാന്റ്സുമിട്ട് ക്ഷേത്ര പരിസരത്ത് മാസങ്ങളോളം കഴിഞ്ഞതിനെ കുറിച്ചും കോളേജിലെ അധ്യാപകരുടെ ചേർത്ത് പിടിക്കലിനെ കുറിച്ചുമെല്ലാം രജിത പറയുന്നു.
പെരുമ്പാവാവൂരിൽ നിന്ന് ആദ്യം എത്തുന്നത് വഴുതക്കാട് വിമെൻസ് കോളേജിലാണ്. അവിടെ ബിരുദ പ്രവേശനം ലഭിച്ചു. സ്പോർട്‌സിലൂടെ പരിചയപ്പെട്ട ചെന്നൈ സ്വദേശിനി സൈക്കോളജിസ്റ്റ് കാമിലയുടെ സംരക്ഷണയിലായിരുന്നു പിന്നീട് കഴിഞ്ഞത്. അവർ ചെന്നൈയിലേക്ക് മടങ്ങിയപ്പോൾ വീണ്ടും പഠനം അവതാളത്തിലായി. കേരള യൂനിവേഴ്സിറ്റിയിൽ നിന്നും എംജിയിലേക്ക് എങ്ങനെയെങ്കിലും പോകണമെന്നായിരുന്നു. ഞാൻ ക്രിക്കറ്റ് ടീമിലുണ്ടായിരുന്നു. അതുതൊണ്ട് എംജിയിലേക്ക് പോകുന്നതാണ് നല്ലതെന്ന് തോന്നി. അങ്ങനെ സുഹൃത്ത് ആര്യ അടക്കമുള്ളവരുടെ സഹായത്തോടെ സെലക്ഷന് വേണ്ടി അവിടുത്തെ സാറിനെ ബന്ധപ്പെട്ടു.
സെലക്ഷൻ കിട്ടുമെന്ന് ഉറപ്പുള്ളത് കൊണ്ട് പെരുമ്പാവൂരിൽ നിന്ന് ആലുവയിലേക്ക് വന്നു. റെയിൽവേസ്റ്റേഷനിൽ സ്ത്രീകളുടെ വെയ്റ്റിംഗ് റൂമിലാണ് കിടന്നത്. കുറേ ദിവസം കിടന്നാൽ പ്രശ്നമായേക്കുമെന്ന് മനസിലായതോടെ പുറത്തേക്കിറങ്ങിയപ്പോൾ ആലുവ ക്ഷേത്രം കണ്ടു. അവിടെ രാത്രി കഴിച്ച് കൂട്ടി. പകൽ പുറത്തേക്ക് പോയി. ഏകദേശം മൂന്ന് മാസത്തോളം ക്ഷേത്ര പരിസരത്ത് കഴിഞ്ഞു.
ആര്യയോട് ചില ബുദ്ധിമുട്ടുകൾ പറഞ്ഞപ്പോൾ അവളും കൂട്ടുകാരും കഴിയുന്ന റൂമിൽ വന്ന് കടിന്നോളൂ പറഞ്ഞു. അങ്ങനെ ഉടമയറിയാതെ രാത്രി പോയി രാവിലെ വരും. ഇത് സ്ഥിരമായപ്പോൾ ഒരു ആൺകുട്ടി അവരുടെ മുറിയിലേക്ക് എന്നും പോകാറുണ്ടെന്ന ആരോപണങ്ങൾ വരാൻ തുടങ്ങി. അതോടെ സാറിനോട് സാഹചര്യം പറയേണ്ടി വന്നു. അങ്ങനെ സാർ എന്നെ അടക്കം ഏഴ് പേരെ മറ്റൊരു വീട് എടുത്ത് താമസിപ്പിച്ചു. സാറാണ് എന്റെ ചെലവുകൾ എല്ലാം നോക്കുന്നത്. ഇക്കാലത്ത് ആരും അങ്ങനെയൊന്നും ചെയ്യാറില്ല. പ്രിൻസിപ്പൽ അടക്കം എല്ലാവരും എന്നെ സഹായിച്ചിട്ടുണ്ട്.
ഞാൻ ആൺകുട്ടികളെ പോലെ നടക്കുന്നതൊക്കെ അച്ഛന് ഇഷ്ടമല്ലായിരുന്നു. അച്ഛനെ കുറ്റപ്പെടുത്തുന്നതല്ല, പക്ഷേ വീട്ടുകാർ എന്നെ മനസിലാക്കിയിരുന്നുവെങ്കിൽ എനിക്ക് ക്ഷേത്രനടയിൽ വന്ന് കിടക്കേണ്ട അവസ്ഥ വരില്ലായിരുന്നു.
ചെയർപേഴ്സണായി മത്സരിക്കാൻ താത്പര്യം ഒന്നും ഉണ്ടായിരുന്നില്ലായിരുന്നു. എന്നാൽ സംസാരിച്ച് തുടങ്ങിയപ്പോൾ വലിയ പിന്തുണയായിരുന്നു. ചെയർപേഴ്സണായത് സംബന്ധിച്ച് വാർത്ത വന്നപ്പോൾ അച്ഛനൊക്കെ വിളിച്ചു. ഇപ്പോഴും പക്ഷേ നാണക്കേടാണെന്ന് പറഞ്ഞു. നാട്ടുകാർ പറയുന്നത് കേൾക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നെങ്കിൽ എനിക്ക് സമാധാനമായേനെ. നാട്ടുകാരെ കേൾക്കേണ്ടെന്ന് തന്നെയാണ് ഞാൻ വീണ്ടും അദ്ദേഹത്തോട് പറഞ്ഞത്. ഞാൻ ഇത്രയും ആയിട്ടും നാട്ടുകാർ ഇപ്പോഴും നല്ലത് പറയുന്നില്ല’, രജിത പറഞ്ഞു.കോളേജ് യൂണിയൻ തെരഞ്ഞടുപ്പിൽ ചെയർപേഴ്സൺ സ്ഥാനത്തേക്ക് മത്സരിച്ച രജിത 186 നെതിരെ 269 വോട്ടുനേടിയാണ് വിജയിച്ചത്.

 
                                            