നടി മോഹിനി എന്തിന് മത പ്രഭാഷകയായി ?

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞുനിന്ന നടിയാണ് മോഹിനി. വളരെ ചെറുപ്രായത്തില്‍ സിനിമയില്‍ എത്തിയതാണ് താരം. പതിനാലാം വയസ്സില്‍ കേയാര്‍ സംവിധാനം ചെയ്ത ഈരമന റോജാവേ എന്ന തമിഴ് ചിത്രത്തിലൂടെ നായികയായാണ് അരങ്ങേറ്റം കുറിക്കുന്നത്. 1991 ല്‍ പുറത്തിറങ്ങിയ ചിത്രം ഹിറ്റായതോടെ നിരവധി അവസരങ്ങളാണ് മോഹിനിയെ തേടിയെത്തിയത്. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം നിറ സാന്നിധ്യമായി മാറി താരം.

മോഹന്‍ലാല്‍ ചിത്രം നാടോടിയിലൂടെയാണ് മോഹിനി മലയാളത്തിലേക്ക് എത്തുന്നത്. പൂച്ചക്കണ്ണുള്ള സുന്ദരി വളരെ പെട്ടെന്ന് തന്നെ പ്രേക്ഷക ഹൃദയം കീഴടക്കി. സൈന്യം, പഞ്ചാബി ഹൗസ്, പട്ടാഭിഷേകം, വേഷം എന്നിങ്ങനെ ഒരുപിടി ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചു. തമിഴ്, ഹിന്ദി, കന്നട, തെലുങ്ക് മലയാളം ഭാഷകളിലായി അമ്പതിലേറെ സിനിമകളില്‍ മോഹിനി നായികയായി. 2011ല്‍ കലക്ടര്‍ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് മോഹിനി സിനിമ വിട്ടത്. കുടുംബത്തോടൊപ്പം അമേരിക്കയിലാണ് മോഹിനി ഇപ്പോള്‍. യുഎസില്‍ എഞ്ചിനീയറായ ഭരത് കൃഷ്ണസ്വാമിയെ ആണ് മോഹിനി വിവാഹം ചെയ്തത്. 1999ല്‍ ആയിരുന്നു ഇവരുടെ വിവാഹം. അനിരുദ്ധ് ഭരത്, അദ്വൈത് ഭരത് എന്നിങ്ങനെ രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്. സിനിമയില്‍ സജീവമായി നില്‍ക്കുമ്പോള്‍ തന്നെ മോഹിനിയുടെ വ്യക്തിജീവിതവും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.

മതം മാറുന്നതോടെയാണ് മോഹിനി വാര്‍ത്തകളില്‍ നിറയുന്നത്. ഹിന്ദു ബ്രാഹ്മിണ്‍ കുടുംബത്തില്‍ ജനിച്ച മോഹിനി 2006 ലാണ് ക്രിസ്തുമതം സ്വീകരിക്കുന്നത്. താരത്തിനൊപ്പം കുടുംബവും മതം മാറുകയായിരുന്നു. ഇപ്പോള്‍ മത പ്രഭാഷകയാണ് മോഹിനി. മതപരമായ പ്രവര്‍ത്തനങ്ങളിലൊക്കെ വളരെ സജീവമാണ് താരം. മോഹിനിയുടെയും കുടുംബത്തിന്റെയും മതം മാറ്റം ആരാധാകരെ ഞെട്ടിച്ചിരുന്നു. കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഒരു അഭിമുഖത്തില്‍ താന്‍ മതം മാറാനുണ്ടായ കാരണം മോഹിനി വെളിപ്പെടുത്തുകയുണ്ടായി. ആ വാക്കുകള്‍ ഇപ്പോള്‍ വീണ്ടും വൈറലാവുകയാണ്. ‘ജീവിതത്തില്‍ രോഗമടക്കം ഒരുപാട് വെല്ലുവിളികള്‍ എനിക്ക് നേരിടേണ്ടി വന്നു. ഞാന്‍ ജീവിച്ചിരിക്കില്ലെന്ന് വരെ പറഞ്ഞു. ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചു. ഈ പ്രശ്‌നങ്ങളൊന്നും എന്റെ പ്രാര്‍ത്ഥനകളോ പൂജകളോ കൊണ്ട് മാറിയില്ല. എന്റെ മതത്തില്‍ അതിനുള്ള ഉത്തരമുണ്ടായിരുന്നില്ല. അങ്ങനെ ഒന്നിനും ഉത്തരം കിട്ടാതെ ഇരുന്നപ്പോഴാണ് ഞാന്‍ മതം മാറുന്നത്. ജീവിതമാകെ മാറി. ആഗ്രഹിച്ചിരുന്ന സമാധാനം ജീവിതത്തില്‍ ലഭിച്ചു’ എന്നാണ് മോഹിനി പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *