സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുകയാണ്.. റേഷൻ വ്യാപാരികളും കെഎസ് ആർടിസി ജീവനക്കാരും പരസ്യമായി സമരരംഗത്തേക്ക് ഇറങ്ങി വന്നു.. സപ്ലൈകോ, സാമൂഹിക ക്ഷേമ പെൻഷൻ എന്നിവയെല്ലാം പ്രതിസന്ധിയിൽ നിന്നും വേച്ച് വേച്ച് കരകയറുന്നുള്ളൂ.. ഈ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും പിഎസ്സി അംഗങ്ങൾക്ക് വാരിക്കോരി ശമ്പളം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത് സംസ്ഥാനത്ത് വന്‍ വിവാദത്തിലേയ്ക്ക് നീങ്ങിയിരിക്കുകയാണ്. പി.എസ്.സി ചെയർമാന് ജില്ലാ ജഡ്ജിമാരുടെ സൂപ്പർ ടൈം സ്കെയിലിലെ പരമാവധി തുകയ്ക്കു തുല്യവും അംഗങ്ങൾക്കുള്ള ശമ്പളം ജില്ലാ ജഡ്ജിമാരുടെ സെലക്ഷൻ ഗ്രേഡ് സ്കെയിലിലെ പരമാവധി തുകയ്ക്കു തുല്യവുമാക്കിയുള്ള വർധനവിനാണ് മന്ത്രിസഭാ യോഗം അനുമതി നൽകിയത്.
ഇതോടെ ചെയർമാന് 2,24,100 രൂപയും അംഗങ്ങൾക്ക് 2,19,090 രൂപയും മാസശമ്പളമായി ലഭിക്കും. മറ്റ് ആനുകൂല്യങ്ങള്‍ കൂടി പരിഗണിക്കുമ്പോള്‍ ഇത് യഥാക്രമം 4 ലക്ഷവും 3.75 ലക്ഷവുമായി മാറും. മറ്റു സംസ്ഥാനങ്ങളിലെ പി.എസ്.സി ചെയർമാൻറെയും അംഗങ്ങളുടെയും വേതന വ്യവസ്ഥകൾ പരിഗണിച്ചാണ് വർധനയെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. വിവാദങ്ങളെ തുടർന്ന് രണ്ട് തവണ മാറ്റിവെച്ചിരുന്ന ശുപാർശയാണ് ഇപ്പോൾ നടപ്പാക്കിയത്. സർക്കാർ കടക്കെണിയിൽ. ഉദ്യോഗസ്ഥർക്ക് ശമ്പളവർധനവില്ല. ക്ഷേപെൻഷനും മുടങ്ങി. വയനാട് പുനരധിവാസത്തിനും വേണ്ടത്ര പണമില്ല. എന്നിട്ടും പിഎസ്സി അംഗങ്ങൾക്ക് വാരിക്കോരി ശമ്പളം നൽകിയത് രാഷ്ട്രീയ വിധേയത്വം തുടരാനെന്ന് സൂചന. അയല്പക്കത്ത് തമിഴ്നാട്ടിൽ 4 ഉം ആന്ധ്രയില്‍ 8 ഉം കർണാടകയിലും തെലുങ്കാനയിലും 10 വീതവും മാത്രം അംഗങ്ങളുള്ളപ്പോള്‍ കേരളത്തില്‍ 21 പേരാണ്..

 
                                            