വിദേശ തുറമുഖങ്ങൾ പൂട്ടേണ്ടിവരുമോ? ഇന്ത്യയുടെ മദർ പോർട്ടാവാൻ വിഴിഞ്ഞം

കേരളത്തിന്റെ സാമ്പത്തിക രംഗത്ത് വൻ കുതിച്ചുചാട്ടം ഉണ്ടാക്കാനിടയുള്ള പദ്ധതിയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി. രാജ്യത്തെ കണ്ടൈനർ ട്രാൻഷിപ്മെന്റിന്റെ വാതായനമായി വിഴിഞ്ഞം മാറുകയും, ഇപ്പോൾ ദുബായ്, സിംഗപ്പൂർ, കൊളംബോ, സലാല എന്നീ തുറമുഖങ്ങളെ ആശ്രയിക്കുന്ന ഇന്ത്യയിലെ കണ്ടൈനർ വ്യവസായം, വിഴിഞ്ഞം പദ്ധതിയിലൂടെ കേരളത്തെ ആശ്രയിച്ചു തുടങ്ങുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംസ്ഥാനത്തെ സർവീസ് മേഖലകളിൽ പ്രത്യേകിച്ച് ടൂറിസം, വാണിജ്യം, ഗതാഗതം തുടങ്ങിയ രംഗങ്ങളിൽ വൻ പുരോഗതിയാണ് വിഴിഞ്ഞം പദ്ധതിയിലൂടെ ഉണ്ടാകാൻ പോകുന്നത്. പദ്ധതി നടപ്പിലായാൽ ഭാരതത്തിലെ മറ്റു തുറമുഖങ്ങളിലേക്കുള്ള കണ്ടൈനറുകൾ വിഴിഞ്ഞത്തെത്തും. ഇവിടെ നിന്ന് ഇവ രാജ്യത്തെ മറ്റ് തുറമുഖങ്ങളിലേക്ക് നീക്കുവാനും കഴിയും. ഇത് ഭാരതത്തിലെ മറ്റ് തുറമുഖങ്ങളുടെ വളർച്ചക്കും കാരണമാകും.

ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും ക്രൂയിസ് ടൂറിസത്തിന്റെ വളർച്ചക്കും വിഴിഞ്ഞം വിപുലമായ സാധ്യത തുറക്കുന്നുണ്ട്. ലോക ടൂറിസം ഭൂപടത്തിൽ കേരളത്തിന്റെ സ്ഥാനം വിഴിഞ്ഞം കൂടുതൽ ശോഭനമാക്കും. വിഴിഞ്ഞത്തെ ഒരു മാസ്റ്റർ തുറമുഖമായി കണ്ട് സംസ്ഥാനത്തെ ചെറുകിട തുറമുഖങ്ങളെ ഈ ശൃംഖലയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുവാനും ചെറുകിട തുറമുഖങ്ങളോടനുബന്ധിച്ചു പുതിയ വ്യവസായങ്ങൾ വികസിപ്പിക്കുവാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.

സമീപകാലത്ത് ആ​ഗോള സാമ്പത്തിക ഘടനയിൽ പ്രധാന്യം കരസ്ഥമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ടെങ്കിലും സമുദ്ര വ്യാപാര മേഖലയിൽ അനുയോജ്യമായ നേട്ടം കൈവരിക്കാൻ ഇതുവരെ സാധിച്ചിരുന്നില്ല. മദർ ഷിപ്പുകളിൽ നിന്നും കണ്ടെയ്നർ നീക്കത്തിനുള്ള ട്രാൻസ്ഷിപ്പ്മെന്റ് പോർട്ടുകളില്ലാത്തതായിരുന്നു കാരണം. ഇതിനു പരിഹരാമെന്ന നിലയിലാണ് കേരളത്തിന്റെ സ്വപ്ന പദ്ധതികളിലൊന്നായ വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നത്. ഇതോടെ ചരക്കുനീക്കത്തിന് വിദേശ തുറമുഖങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലും മാറ്റംവരികയാണ്.

ഒരു പ്രദേശത്തിന്റെ സമസ്ത മേഖലയിലേക്കും വികസന പ്രവർത്തനങ്ങൾ കൊണ്ടുവരാനും പുരോഗതി ത്വരിതപ്പെടുത്താനും തുറമുഖങ്ങളുടെ സംഭാവന വളരെ വലുതാണ്. ഇതിനുള്ള പരിഹാരമെന്ന നിലയിലാണ് കേരളത്തിലെ വിഴിഞ്ഞത്തും മഹാരാഷ്ട്രയിലെ വാധവനിലും വൻകിട കണ്ടെയ്നർ ട്രാൻ്സ്ഷിപ്പ്മെന്റ് തുറമുഖങ്ങൾ സർക്കാർ ആസൂത്രണം ചെയ്തത്. നിലവിൽ കണ്ടെയ്നർ കൈമാറ്റത്തിന് വിദേശ തുറമുഖങ്ങളെയാണ് ഇന്ത്യ കൂടുതലായും ആശ്രയിക്കുന്നത്. എന്നാൽ വിഴിഞ്ഞം പദ്ധതിയുടെ ഒന്നാം ഘട്ടം പ്രവർത്തനം ആരംഭിക്കുന്നതോടെ കൊളംബോ, ദുബായ്, സിങ്കപ്പൂർ ഉൾപ്പെടെയുള്ള വിദേശ തുറമുഖങ്ങളിലുള്ള ഇന്ത്യൻ ആശ്രിതത്വവും കുറയും.

ചരക്ക് കൈമാറ്റത്തിനായി തന്നെ പ്രതിവർഷം 3,000 കോടിയിലധികം രൂപയുടെ ചെലവ് ഇന്ത്യയ്ക്കുണ്ട്. കൂടാതെ ചരക്കുനീക്കത്തിൽ ഉണ്ടാകുന്ന കാലതമാസവും നേരിടണം. ഇതിനിടയിൽ ഉത്പന്നത്തിന്റെ വിലയിൽ ഉണ്ടാകുന്ന ചാഞ്ചാട്ടവും രാജ്യത്തിന്റെ വ്യാപാര, വാണിജ്യ സാധിയകളെ പ്രതികൂലമായി സ്വാധീനിക്കുന്ന ഘടകമാണ്. ഇവിടെയാണ് ഇന്ത്യയ്ക്ക് സ്വന്തം മദർ പോർട്ടുള്ളതിന്റെ പ്രസക്തിയേറുന്നത്.

കൊളംബോ തുറമുഖത്ത് കൈകാര്യം ചെയ്യുന്ന കണ്ടെയ്നറുകളിൽ 40 ശതമാനവും ഇന്ത്യയിലേക്കുള്ളതാണ്. 2021ലെ കണക്കുകൾ പ്രകാരം ഇന്ത്യയിലേക്കുള്ള 1.9 കോടി കണ്ടെയ്നറുകളാണ് വിദേശ തുറമുഖങ്ങളിൽ കൈകാര്യം ചെയ്യുന്നത്. വിഴിഞ്ഞം തുറമുഖം പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുന്നതോടെ, ഇന്ത്യയിലേക്കുള്ള ചരക്ക് നീക്കത്തിന് വിദേശത്തുള്ള ട്രാൻസ്ഷിപ്പ്മെന്റ് പോർട്ടുകളെ ആശ്രയിക്കേണ്ടി വരില്ല. ഇതോടെ ചരക്ക് കൈമാറ്റത്തിനായി നൽകിയിരുന്ന കോടിക്കണക്കിന് ഡോളറിന്റ വിദേശനാണ്യം രാജ്യത്തിന് ലാഭിക്കാം.

തികച്ചും യന്ത്രവത്ക‍വും ആധുനികവുമായ തുറമുഖമാണ് വിഴിഞ്ഞത്ത് സജ്ജമാകുന്നത്. അന്താരാഷ്ട്ര കപ്പൽപാതയിൽ നിന്നും വളരെ വേഗത്തിൽ തീരത്തേക്ക് എത്തിച്ചേരാനും ചുരുങ്ങിയ സമയംകൊണ്ട് ചരക്കുനീക്കം പൂർത്തിയാക്കി മടങ്ങാനും സാധിക്കുമെന്നതാണ് വിഴിഞ്ഞത്തെ മറ്റുള്ള മദർ പോർട്ടുകളിൽ നിന്നും വേറിട്ടുനിർത്തുന്നത്. ദുബായ് തുറമുഖത്ത് കപ്പൽ അടുക്കുന്നതിനായി മൂന്നര ദിവസമൊക്കെ കാത്തുകിടക്കേണ്ടി വരുന്നുണ്ട്. ഇതൊക്കെ കൊണ്ടുതന്നെ വിഴിഞ്ഞം അന്താരാഷ്ട്ര വാണിജ്യ ഭൂപടത്തിൽ ഇടംനേടാൻ അധികസമയം വേണ്ടിവരില്ലെന്ന് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *