സഞ്ജയ് ദേവരാജൻ

വിഎസ് അച്യുതാനന്ദൻ എന്ന പോരാട്ട വീര്യമുള്ള കേരളത്തിന്റെ സ്വന്തം കമ്മ്യൂണിസ്റ്റ് നേതാവിന് 100 വയസ്സ്. വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളാൽ കഴിഞ്ഞ കുറച്ച് കാലമായി വിശ്രമ ജീവിതത്തിലാണെങ്കിൽ പോലും, കേരളത്തിലെ ജനങ്ങളുടെ മനസ്സിൽ സജീവസാന്നിധ്യമായി ഇപ്പോഴും നിലനിൽക്കുന്ന വിഎസ്
അച്യുതാനന്ദന് കേരള ജനതയുടെ പിറന്നാളാശംസകൾ.
അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട് ജീവിത സമരങ്ങളുടെ തീച്ചൂളയിലേക്ക് എടുത്ത് എറിയപ്പെട്ട ബാല്യത്തിൽ നിന്ന്, സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി, അവരുടെ അവകാശങ്ങൾക്ക് വേണ്ടി, അവരുടെ വീടും മണ്ണും സംരക്ഷിക്കാനായി, അവരെ കാർന്നു തിന്നാൻ ശ്രമിക്കുന്ന അഴിമതിക്കാരായ കപട വികസന വാദികൾ ക്കെതിരെ വിഎസ് അച്യുതാനന്ദൻ എന്ന നട്ടെല്ലുള്ള കമ്മ്യൂണിസ്റ്റ് നടത്തിയ പോരാട്ടം എന്നും കേരള മനസ്സിൽ നിലനിൽക്കും.
അനീതിയോടും ചൂഷണത്തോടും ഒരുകാലത്തും വി എസ് അച്യുതാനന്ദൻ സന്ധി ചെയ്തിട്ടില്ല. പാർട്ടിക്ക് അകത്തും പുറത്തും അദ്ദേഹം നടത്തിയ പോരാട്ടങ്ങളുടെ ഓർമ്മകൾക്ക് ഇന്നും സൂര്യതേജസിന്റെ ശോഭ . ഇടുക്കി കോട്ടയം ജില്ലകളിൽ തങ്ങളുടെ പൂർവികന്മാർ ഭൂമി കയ്യേറി എന്ന് പറഞ്ഞു അഭിമാനിക്കുന്ന, അതുകൊണ്ട് തങ്ങളും മണ്ണും കാടും കൈയേറി ഇടിച്ചു നിരത്തും എന്ന് പറഞ്ഞ് അഹങ്കരിച്ച ഭൂമിലോബിയ മുട്ടുകുത്തിച്ച ചരിത്രം വി എസ് ന് ഉണ്ട്.
അദ്ദേഹത്തിന്റെ എല്ലാ പോരാട്ടങ്ങളും വിജയങ്ങളായിരുന്നില്ല, പലതും പരാജയപ്പെട്ടിട്ടുണ്ട്, പക്ഷേ ആ പരാജയങ്ങൾക്ക് പോലും ചില ഗുണഫലങ്ങൾ നമ്മുടെസമൂഹത്തിന് നൽകാൻ കഴിഞ്ഞു.
വിഎസ് അച്യുതാനന്ദൻ എന്ന പോരാളിയുടെ മുന്നിൽ പതറിയ ചില വായാടികൾ ക്യാപ്പിറ്റൽ പണിഷ്മെന്റ് എന്നൊക്കെ പറഞ്ഞ അദ്ദേഹത്തെ ഭയപ്പെടാൻ ശ്രമിച്ചെങ്കിലും അവരെയൊക്കെ നേരിട്ട് അദ്ദേഹം പോരാട്ടം തുടരുക തന്നെയായിരുന്നു.
പുന്നപ്ര വയലാർ സ്വാതന്ത്ര്യ സമരത്തിൽ, ബ്രിട്ടീഷുകാരോടും അവരുടെ കൂലി പട്ടാളത്തോടും പോരാടിയ ചരിത്രമുള്ള കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു വി എസ്. അവരുടെ കൊടിയ മർദ്ദനങ്ങൾ നേരിട്ടിട്ടുണ്ട് വിഎസ് അച്യുതാനന്ദൻ.
1996 ൽ മാരാരിക്കുളത്തെ ചതിക്കുഴിയിൽ വിഎസി നെ വീഴ്ത്തി, അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത് എത്താതിരിക്കാൻ ചില കുബുദ്ധികൾ ശ്രമിച്ചെങ്കിലും, 2006 ൽ ജനകീയ പിന്തുണയോടു കൂടി അദ്ദേഹം കേരള മുഖ്യമന്ത്രിയായി. അദ്ദേഹം പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ നടത്തിയ പോരാട്ടങ്ങൾ, അഴിമതിക്കാർക്കെതിരെ യുള്ള സമരങ്ങൾ. സമരങ്ങൾ നടത്തുക മാത്രമല്ല അവരെ കോടതിയിൽ നേരിടാനും വി എസ് തയ്യാറായി.
വി എസ് അച്യുതാനന്ദനും, കെ ർ ഗൗരിയമ്മയും ചേർന്ന് നടത്തിയ പോരാട്ടങ്ങൾ തെക്കൻ കേരളത്തിലുള്ളവർക്ക് വളരെയേറെ ആവേശം പകരുന്ന ഒന്നായിരുന്നു. ഒരു ദുഷ് പ്രഭുത്വത്തിനു മുന്നിലും, മേലാളന്മാർക്ക് മുമ്പിലും അദ്ദേഹം തലകുനിച്ചിരുന്നില്ല. തനിക്ക് ശരി എന്ന് തോന്നുന്ന കാര്യം തുറന്നുപറയുന്നതിൽ നിന്ന് അദ്ദേഹം ഒരിക്കലും പിന്നോക്കം പോയിരുന്നില്ല. രാഷ്ട്രീയമായ നേട്ടങ്ങൾക്കും സ്ഥാനമാനങ്ങൾക്കും അപ്പുറം നിലപാടുകൾക്ക് അദ്ദേഹം പ്രമുഖ സ്ഥാനം നൽകിയിരുന്നു.
കേരള ജനതയ്ക്ക് വേണ്ടി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ, കേരളത്തിലെ ജനങ്ങൾ എന്നും സ്നേഹത്തോടെ തന്നെയായിരുന്നു കണ്ടിരുന്നത്. ഇന്നിപ്പോൾ വികസന വാദികൾ റോഡിനായും, മറ്റു വികസന പ്രവർത്തനങ്ങൾക്കായും ജനങളുടെ സ്ഥലങ്ങൾ ഏറ്റെടുക്കുമ്പോൾ, അവർക്ക് ന്യായമായ വില നൽകി ഏറ്റെടുക്കേണ്ടി വരുന്ന ഒരു സാഹചര്യം സൃഷ്ടിച്ചത് വിഎസ് ന്റെ പോരാട്ടങ്ങൾ കൊണ്ട് കൂടിയാണ്.
കാപട്യം നിറഞ്ഞ ഹിസ് ഹൈനസ് മാരെ ജനങ്ങളുടെ മുന്നിൽ തുറന്നു കാണിക്കാനും വിഎസ് മുന്നിട്ടിറങ്ങി. കേരളത്തിന്റെ സ്വത്താണ്, പഴയകാലത്ത് സാധാരണ ജനങ്ങളുടെ അധ്വാനത്തിന്റെ ഫലമാണ് അന്തപുരങ്ങളിലും അറകളിലും ഉള്ള സ്വർണങ്ങളും രത്നങ്ങളും എന്ന് അദ്ദേഹം പറഞ്ഞു. 1947 ന് മുമ്പ് കേരളത്തിലെ ദളിത് പിന്നോക്ക ജനവിഭാഗങ്ങൾ അനുഭവിച്ചിരുന്ന ദുരിതങ്ങളും മറ്റും വി എസ് അച്യുതാനന്ദൻ എന്ന നേതാവിനെ വളരെയേറെ സ്വാധീനിച്ചഒന്നായിരുന്നു.
1956 ലെ ഇ എം എസ് ഗവൺമെന്റ് കേരളത്തിൽ അധികാരത്തിൽ വന്നപ്പോൾ, അന്ന് ഗവൺമെന്റിലെ നിയന്ത്രിച്ചിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റിൽ വിഎസ് അച്യുതാനന്ദൻ ഉണ്ടായിരുന്നു. ഭൂപരിഷ്കരണം നിയമങ്ങൾ അടക്കം പല നിയമങ്ങളും നടപ്പിലാക്കാൻ ശക്തമായി വാദിച്ചിരുന്ന ആളായിരുന്നു വിഎസ് അച്യുതാനന്ദൻ. എകെജി എന്ന നേതാവിന്റെ പ്രിയ ശിഷ്യൻ ആയിരുന്നു വി എസ്. തന്റെ നേതാവ് എകെജി ആയിരുന്നു എന്ന് പിൽക്കാലത്ത് വി എസ് അച്യുതാനന്ദൻ പലപ്പോഴും പറഞ്ഞിട്ടുമുണ്ട്. കേരളത്തിന്റെ രാഷ്ട്രീയമേഖലയിൽ ചില പ്രത്യേക പ്രദേശത്ത് നിന്നുള്ള നേതാക്കന്മാർക്ക് പ്രാമുഖ്യം നൽകുന്ന കീഴ് വഴക്കം ഉണ്ടായിരുന്നു. അത്തരം കീഴ്വ വഴക്കങ്ങൾ ഒന്നും വിഎസ് ഗൗനിച്ചിരുന്നില്ല. പാർട്ടിക്ക് അകത്തായാലും പുറത്തായാലും വി എസ് ന് വി എസി ന്റെതായ നിലപാടുകൾ ഉണ്ടായിരുന്നു. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ പരസ്യമായി പറയുകയും അത് ഉറച്ചു നിൽക്കുകയും ചെയ്തിരുന്നു വി എസ്.
1963ല്‍ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്ന് സി പി എം രൂപീകരിച്ചപ്പോൾ അതിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു വിഎസ് അച്യുതാനന്ദൻ. അന്നത്തെ സിപിഐയുടെ കേന്ദ്രകമ്മിറ്റിയിൽ നിന്ന് ജനറൽ സെക്രട്ടറി എസ് എ ഡാങ്കെയോട് കലഹിച്ച് ഇറങ്ങിവന്ന നേതാക്കളിൽ ഒരാളാണ് വിഎസ്. എന്നാൽ ഇന്ത്യ ചൈന യുദ്ധകാലത്ത്, ജയിലിൽ തടവുകാരനായിരുന്ന വിഎസ് അച്യുതാനന്ദൻ ജയിലിൽ അകത്തു ഇന്ത്യൻ പട്ടാളത്തിന് വേണ്ടി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു തന്റെ നിലപാട് പ്രഖ്യാപിച്ചു. അച്ചടക്ക നടപടികളെ ഭയപ്പെടാത്ത നേതാവായിരുന്നു വി എസ്. ശാസ്ത്രബോധം വളർത്തിയെടുക്കുന്നതിന് മുന്നിട്ടിറങ്ങിയ നേതാവ് കൂടിയായിരുന്നു വിഎസ്. എന്നാൽ ശാസ്ത്രത്തിന്റെ പേരിൽ ചൂഷണം നടത്താൻ ഇറങ്ങുന്നവർക്ക് എതിരെ വിഎസ് നിലപാട് സ്വീകരിച്ചിരുന്നു. കൂടംകുളം ആണവ നിലയം അടക്കമുള്ള വിഷയങ്ങളിൽ വിഎസിന് വ്യത്യസ്ത അഭിപ്രായമുണ്ടായിരുന്നു. സ്ത്രീ പീഡകർക്കെതിരെ ശക്തമായ നിലപാടുകൾ അദ്ദേഹം സ്വീകരിച്ചിരുന്നു.
വിഎസിന്റെ അനാരോഗ്യവും, സുഗതകുമാരി, ഓ എൻ വി കുറുപ്പ് തുടങ്ങിയ പ്രകൃതിസ്നേഹികളുടെ വിയോഗവും മണ്ണിനും, പാവപ്പെട്ട മനുഷ്യനും വേണ്ടി ഉള്ള പോരാട്ടത്തിൽ ചില മന്ദതകൾ വരുത്തിയിട്ടുണ്ടെങ്കിലും, വിഎസ് നടത്തിയ പോരാട്ടത്തിൽ നിന്ന് ആവേശം ഉൾക്കൊണ്ട് വരുംതലമുറ ആ പോരാട്ടം തുടരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. വിഎസ് എന്ന പോരാളിക്ക് നൽകാവുന്ന ഏറ്റവും മികച്ച പിറന്നാൾ സമ്മാനമാകും അത്.
