ലഖ്നൗ : സ്ഫോടകവസ്തുക്കളുമായി രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പിടികൂടിയെന്ന യുപി പൊലീസ് വാദം തള്ളിക്കളഞ്ഞ് സംഘടനയുടെ വാര്‍ത്താക്കുറിപ്പ്. സംഭവം യുപി പൊലീസിന്റെ കെട്ടുകഥയാണെന്നാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രതികരണം. ഇരുവരും സംഘടനാ വിപുലീകരണ ചുമതലയുമായി ബന്ധപ്പെട്ട് ബീഹാര്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലേക്ക് നിയോഗിക്കപ്പെട്ടവരാണെന്നും പിഎഫ്ഐ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
ഇരുവരെയും ഈ മാസം 11-ിനു ശേഷം ബന്ധപ്പെടാനാകുന്നില്ലെന്ന് വീട്ടുകാര്‍ അറിയിച്ചിരുന്നുവെന്നും കുറിപ്പില്‍ പറയുന്നുണ്ട്. കാണ്മാനില്ലെന്ന് കാണിച്ച് പൊലീസില്‍ കൂടുംബങ്ങള്‍ പരാതിപ്പെട്ടിരുന്നുവെന്നും പിഎഫ്ഐ അറിയിച്ചു. ദേശീയ സുരക്ഷയുടെ പേരില്‍ കെട്ടുകഥകള്‍ യുപി പൊലീസ് ചമയ്ക്കുന്നുണ്ടെന്നും സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.
നേരത്തെ സ്ഫോടകവസ്തുക്കളുമായി രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായെന്ന് പൊലീസ് അറിയിച്ചിരുന്നു. ഇരുവരും മലയാളികളാണ്. അന്‍സാദ് ബദറുദ്ദീന്‍, ഫിറോസ് ഖാന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ഉത്തര്‍പ്രദേശിലെ വിവിധ ഇടങ്ങളില്‍ ആക്രമണം ലക്ഷ്യമിട്ടെന്നും യുപി പൊലീസ് പറഞ്ഞു. ചില ഹിന്ദു സംഘടനാ നേതാക്കളെ ആക്രമിക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നുവെന്നും പൊലീസ് ആരോപിച്ചു.
സ്ഫോടനം ലക്ഷ്യമിട്ട് ഉത്തര്‍പ്രദേശിലേക്ക് രണ്ട് പേര്‍ എത്തുന്നു എന്ന് ഫെബ്രുവരി 11-ിന് രഹസ്യവിവരം കിട്ടിയിരുന്നു. ഇതനുസരിച്ച് തിരച്ചില്‍ നടത്തി വരികയായിരുന്നു. ഉത്തര്‍പ്രദേശിന്റെ സ്പെഷ്യല്‍ ടാസ്ക്ക് ഫോഴ്സാണ് ഇവരെ പിടികൂടിയത് എന്നാണ് പൊലീസ് വ്യക്തമാക്കിയത്. ഇവരില്‍ അന്‍സാദ് ബദറുദ്ദീന്‍ പത്തനംതിട്ട പന്തളം സ്വദേശിയാണ്. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ഓര്‍ഗനൈസറായ ഇയാള്‍ ദില്ലിയില്‍ ജോലിക്ക് പോയതാണെന്നാണ് ഭാര്യ പന്തളം സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ഫിറോസ് ഖാന്‍ കോഴിക്കോട് സ്വദേശിയാണെന്നും വിവരം ലഭിച്ചിട്ടുണ്ട്.
