തൃക്കക്കുടി : നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന ഗുഹാക്ഷേത്രം

പാണ്ഡവരുടെ വനവാസക്കാലവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങള്‍ നിറഞ്ഞ ഒട്ടേറെ ക്ഷേത്രങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. അക്കൂട്ടത്തില്‍ ഒന്നാണ് തിരുവല്ല കവിയൂരിലുള്ള അതിപുരാതനമായ തൃക്കക്കുടി ഗുഹാക്ഷേത്രം. പഴമയുടെ സൗന്ദര്യം ഓരോ കല്‍ത്തരിയിലും തങ്ങിനില്‍ക്കുന്ന ഈ പ്രദേശത്ത് പാണ്ഡവര്‍ ഒളിവില്‍ കഴിഞ്ഞിരുന്നെന്നും ഇവിടത്തെ ഹരിതമനോഹാരിതയില്‍ മയങ്ങിയ അവര്‍, ഇവിടെയുള്ള ഗുഹയില്‍ ശിവലിംഗം പ്രതിഷ്ഠിച്ചു എന്നുമാണ് വിശ്വാസം. ഇവിടം ഒരു ക്ഷേത്രമായി വളരും മുന്‍പേ തന്നെ പാണ്ഡവര്‍ക്ക് ഇവിടം വിട്ട് പോകേണ്ടി വന്നു. കൗരവര്‍ പാണ്ഡവരുടെ ഒളിസ്ഥലം കണ്ടെത്തിയെന്ന് മനസ്സിലാക്കിയ ഹനുമാന്‍, കോഴിയുടെ രൂപത്തിലെത്തി വിവരറിയിക്കുകയും ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കാതെ പാണ്ഡവര്‍ ഇവിടെ നിന്നും പോയി എന്നുമാണ് ഐതിഹ്യത്തില്‍ പറയുന്നത്.

പത്തനംതിട്ടയിലെ തിരുവല്ലയില്‍ നിന്നും ഏഴു കിലോമീറ്റര്‍ അകലെയാണ് കവിയൂര്‍ തൃക്കക്കുടി ഗുഹാ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ഇന്ത്യയില്‍ മറ്റൊരിടത്തും ഇതുവരെയും കണ്ടെത്തിയിട്ടില്ലാത്ത നിര്‍മ്മാണ രീതിയും ശൈലിയുമാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത് എന്നാണ് വിശ്വാസം. ഈ ഗുഹ ക്ഷേത്രത്തിന്റെ ശൈലിയോട് കുറച്ചെങ്കിലും സാമ്യം തോന്നിക്കുന്നത് മഹാബലിപുരത്തെ ശില്പമാതൃകകളോടാണ് എന്നും ചരിത്രകാരന്‍മാര്‍ പറയുന്നുണ്ട്.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രത്തിന്റെ സംരക്ഷണച്ചുമതല പുരാവസ്തു വകുപ്പിനാണ്. അഞ്ചേക്കറോളം സ്ഥലത്തായി മുഖാമുഖം സ്ഥിതി ചെയ്യുന്ന രണ്ടു പാറക്കെട്ടുകള്‍ക്കിടയിലാണ് ഗുഹാക്ഷേത്രം ഉള്ളത്. എണ്ണമറ്റ പ്രതിമകള്‍ പാറയില്‍ കൊത്തിയിട്ടുണ്ട്.പാറ തുരന്ന് 20 അടി വ്യാസത്തിലാണ് ക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹം നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന്റെ ഒത്ത നടുക്കാണ് ശിവലിംഗ പ്രതിഷ്ഠ.ഗര്‍ഭഗൃഹത്തിലേക്ക് പ്രവേശിക്കാന്‍ അര്‍ദ്ധ മണ്ഡപവും മധ്യത്തിലായി കല്‍പ്പടവുകളും നിര്‍മ്മിച്ചിട്ടുണ്ട്. പടവുകള്‍ കയറി പ്രധാന കവാടം കടന്ന് വേണം ഗുഹാക്ഷേത്രത്തിലേക്ക് പ്രവേശിക്കാന്‍.

ഗര്‍ഭ ഗൃഹത്തിന്റെ ഇരുവശങ്ങളിലുമായി രണ്ട് ദ്വാരപാലകരുടെ ശില്‍പ്പങ്ങള്‍ കാണാം. പുറംചുവരുകളില്‍ ഗണപതി, മഹര്‍ഷി ശില്പങ്ങള്‍ കൊത്തിവച്ചിരിക്കുന്നു.
ക്ഷേത്രത്തിന്റെ പരിസരത്തായി ഒരു ചാരു വൃക്ഷവും ചെറിയ കുളവും കാണാം. ഈ വൃക്ഷത്തിന്റെ ഇലകള്‍ ദേഹത്ത് തട്ടിയാല്‍ പൊള്ളും എന്ന് പറയപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *