ഹോട്ടലിലെ ഭക്ഷണത്തില്‍ നിന്നും പാറ്റയെ കിട്ടിയെന്ന വ്യാജ ആരോപണവുമായി യുവാക്കള്‍. ഹോട്ടലധികൃതര്‍ ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
കണിയാപുരം റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഹോട്ടലിലായിരുന്നു സംഭവം നടന്നത്.ബിരിയാണിയും ഹോര്‍ലിക്‌സുമാണ് യുവാക്കള്‍ ഓര്‍ഡര്‍ ചെയ്തത്. രാവിലെ പതിനൊന്നരയോടെ ഹോട്ടലിലെത്തിയ യുവാക്കള്‍ കഴിച്ചു കഴിയാറായതോടെയാണ് ഭക്ഷണത്തില്‍ പാറ്റയുണ്ടെന്ന് പറഞ്ഞ് ബഹളം വെച്ചത്.
എന്നാല്‍ പാറ്റയ്ക്ക് ചൂടു ബിരിയാണിയില്‍ കിടന്നതിന്റെ യാതൊരു ലക്ഷണവുമില്ല എന്ന് മനസിലാക്കിയ ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഇവരുടെ ആരോപണത്തില്‍ സംശയം തോന്നി. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാമെന്ന് ജീവനക്കാര്‍ പറഞ്ഞു. ഇതോടെ യുവാക്കളില്‍ ഒരാള്‍ തന്ത്രപൂര്‍വ്വം ഹോട്ടലിന് പുറത്തിറങ്ങി ഓടി രക്ഷപെടുകയായിരുന്നു. ഇവരുടെ ഇരുചക്രവാഹനത്തിന് നമ്പര്‍ പ്ലേറ്റില്ലെന്ന് മനസ്സിലാക്കിയ ജീവനക്കാര്‍ മറ്റേയാളെ ഹോട്ടലിൽ തടഞ്ഞു വെച്ചു. പിന്നീട് ഇയാളും ഓടി രക്ഷപ്പെട്ടു.
വിവരമറിഞ്ഞെത്തിയ മംഗലപുരം പൊലീസ് ഇരുചക്രവാഹനം കസ്റ്റഡിയിലെടുത്തു. മോഷണ വാഹനമായതിനാലാണ് നമ്ബര്‍ പ്ലേറ്റ് നീക്കം ചെയ്തതെന്നാണ് പൊലീസ് നിഗമനം. ദൃശ്യങ്ങളില്‍ നിന്ന് യുവാക്കളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
