ബസ് മുത്തച്ഛന് പുതുജീവൻ നൽകി രാജകുമാരി എംജിഎം ഐടിഐയിലെ വിദ്യാർഥികൾ. പഴമയുടെ പ്രൗഢിയിൽ തല ഉയർത്തി നിൽക്കുന്ന വാഹനം. ടാറ്റയും മെഴ്സിഡസ് ബെൻസും ചേർന്ന് നിർമിച്ച ബസ് 1962ലാണ് തിരുവനന്തപുരത്തിന്റെ നിരത്തുകളിൽ ഓട്ടം ആരംഭിച്ചത്. 1965ൽ കെഎസ്ആർടിസിയുടെ ഭാഗമായി. കെഎൽ എക്സ് 604 എന്ന നമ്പറിൽ കേരളത്തിലുടനീളം സർവീസ് നടത്തി.

1978ൽ ലാണ് രാജകുമാരി ഐടിഐ ബസ് സ്വന്തമാക്കിയത്. ഏറെ നാളായി വിശ്രമ ജീവിതത്തിലായിരുന്ന ബസ് വിദ്യാർഥികളുടെ ആഗ്രഹ പ്രകാരം നവീകരിക്കുകയായിരുന്നു. ഒരു ലക്ഷത്തോളം രൂപ ചെലവിട്ടാണ് ബസ് നവീകരിച്ചത്.
കേരളത്തിന്റെ പഴയ പടകുതിരയെ കാണാൻ നിരവധി ആളുകൾ എത്തുന്നുണ്ട്. റീൽസായും സ്റ്റോറിയായും സോഷ്യൽ മീഡിയായിൽ നിറയുകയാണ് ഈ ബസ്. കുട്ടികളുടെ പഠനാവശ്യത്തിനൊപ്പം, പൊതുജനങ്ങൾക്ക് പഴയ മോഡൽ ബസ് കാണാൻ അവസരവും ഒരുക്കുകയാണ് എംജിഎം ഐടിഐ അധികൃതർ.


 
                                            