സെക്രട്ടറിയേറ്റിന് മുന്നിലെ സമരം 23 വരെ തുടരും ; സമരം അവസാനിക്കുക രാഹുല്‍ ഗാന്ധി സമരപ്പന്തലില്‍ എത്തുന്നതോടെ ; തൊഴില്‍ മാത്രമോ ലക്ഷ്യം എന്ന് സോഷ്യല്‍ മീഡിയ

സെക്രട്ടറിയേറ്റിനു മുന്നില്‍ തുടരുന്ന ഉദ്യോഗാര്‍ത്ഥികളുടെയും യൂത്ത് കോണ്‍ഗ്രസ് – കെ.എസ്.യു സംഘടനകളുടെയും സമരം രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനം വരെ തുടരാന്‍ തീരുമാനം. ഉദ്യോഗാര്‍ത്ഥികളിലെ സമര നേതാക്കളും കെ.എസ്.യു – യൂത്ത് കോണ്‍ഗ്രസ് നേതാക്കളുമായും രമേശ് ചെന്നിത്തല നടത്തിയ രഹസ്യ ചര്‍ച്ചയിലാണ് തീരുമാനം.

23-ിന് രാഹുല്‍ ഗാന്ധി സംസ്ഥാനത്ത് എത്തുന്നുണ്ട്. അദ്ദേഹം സമരപ്പന്തലില്‍ എത്തി പ്രഖ്യാപനങ്ങള്‍ നടത്തുന്നതോടെ സമരം അവസാനിപ്പിക്കാനും അതുവരെ സമരം തുടര്‍ന്നു കൊണ്ടുപോകുവാനുമാണ് തീരുമാനം.

ഇടതുസര്‍ക്കാര്‍ കാലാവധി കഴിഞ്ഞ സിപിഒ ലിസ്റ്റിന്റെ കാലാവധി നീട്ടുകയാണെങ്കില്‍ ലിസ്റ്റിലുള്ള മുഴുവന്‍ പേര്‍ക്കും ജോലി നല്‍കുമെന്നാണ് ചെന്നിത്തലയുടെ പ്രഖ്യാപനം. സമരത്തിന്റെ രാഷ്ട്രീയ ലക്ഷ്യം കൂടുതല്‍ വെളിവായതോടെ ഉദ്യോഗാര്‍ത്ഥികളും പൊതുജനവും സമരത്തിനെതിരായി പ്രതികരണങ്ങള്‍ നടത്തി രംഗത്ത് വരുന്നുണ്ട്‌.

സമരം നിലനിര്‍ത്താന്‍ വഴിയില്ലാതായതോടെ ഇന്നലെ കെ.എസ്.യു – യൂത്ത് കോണ്‍ഗ്രസ് അംഗങ്ങളുടെ നേതൃത്വത്തില്‍ സമരം അക്രമാസക്തമാക്കിയിരുന്നു. കല്ലും കമ്പുമൊക്കെയായി സംഘടിച്ചെത്തിയ സംഘം മനപ്പൂര്‍വം പ്രകോപനം സൃഷ്ടിച്ച് പൊലീസുകാരെ ക്രൂരമായി ആക്രമിച്ചു. അക്രമദൃശ്യങ്ങള്‍ ഇന്നലെ തന്നെ പല മാധ്യമങ്ങളും പുറത്തുവിട്ടിരുന്നു. കെ.എസ്.യു – യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ 20 പൊലീസുകാര്‍ക്ക് പരിക്കേറ്റു.

പൊലീസുകാരെ മര്‍ദ്ദിക്കുന്നതിനിടയില്‍ സഹപ്രവര്‍ത്തകരുടെ ആക്രമണത്തില്‍ സംസ്ഥാന നേതാവായ സ്നേഹയ്ക്കും പരിക്കേല്‍ക്കുകയുണ്ടായി. എന്നാല്‍ ഇത് പൊലീസ് ആക്രമണത്തില്‍ പറ്റിയതാണെന്ന അവകാശവാദമുയര്‍ത്തി യൂത്ത് കോണ്‍ഗ്രസ് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രചാരണം നടത്തി. എന്നാല്‍ സാമൂഹിക മാധ്യമങ്ങള്‍ തന്നെ തെളിവുകള്‍ നിരത്തി വാദം പൊളിച്ചതോടെ അക്രമികള്‍ പ്രതിസന്ധിയിലായി.

Leave a Reply

Your email address will not be published. Required fields are marked *