കായിക വകുപ്പിന്റെ കരുതലില്‍ ദേശീയ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് ഷീനയ്ക്ക് വീട്

ദേശീയ ഗെയിംസിലെ സ്വര്‍ണ മെഡല്‍ ജേതാവ് ഷീനയ്ക്ക് വീട് നിര്‍മ്മിക്കേണ്ടതിന് സഹായഹസ്തം നീട്ടി സംസ്ഥാന കായിക വകുപ്പ്. വീട് നിര്‍മ്മാണത്തിനായി ഷീനയ്ക്ക് 18 ലക്ഷം രൂപ ഇന്നലെ കായിക വകുപ്പ് മന്ത്രി ഇ.പി.ജയരാജന്‍ കൈമാറി. ട്രിപ്പിള്‍ ജംപിലെ മിന്നും പ്രകടനത്തിലൂടെയാണ് ഷീന സ്വര്‍ണ്ണം കരസ്ഥമാക്കിയത്. തൃശ്ശൂര്‍ ചേലക്കര സ്വദേശിയാണ് ഷീന. ദേശീയ ഗെയിംസിനു ശേഷമാണ് താരത്തിന്റെ ജീവിതാവസ്ഥ പുറത്തറിയുന്നത്. ഈ സാഹചര്യത്തില്‍ യു.ആര്‍. പ്രദീപ് എംഎല്‍എ വീടിന് തുക അനുവദിക്കാന്‍ ഇടപെടുകയായിരുന്നു.

വീട് നിര്‍മ്മാണത്തിന് നേരത്തെ പണം അനുവദിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ നടപടികള്‍ വൈകി. ഈ വിവരം അറിഞ്ഞപ്പോള്‍ പണം ലഭ്യമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ മന്ത്രി ഇ.പി. ജയരാജന്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി പണം കൈമാറുകയും ചെയ്തു.

ഭൂവനേശ്വറില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലും ഇറാനില്‍ നടന്ന ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസിലും ഷീന മെഡല്‍ കരസ്ഥമാക്കിയിരുന്നു. നിലവില്‍ കാര്‍ഷിക വകുപ്പില്‍ ജീവനക്കാരിയാണ്. വീടിനായി അനുവദിച്ച പണം ലഭ്യമായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഷീന പ്രതികരിച്ചു. എത്രയും വേഗം സ്ഥലം കണ്ടെത്തി വീട് നിര്‍മ്മാണം ആരംഭിക്കുമെന്നും താരം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *