നമുക്കറിയുന്ന ലോകാത്ഭുതങ്ങൾ ഏഴാണ്. എന്നാൽ എട്ടാമതായി ഒരു ലോകാത്ഭുതം കൂടി പിറക്കാൻ പോവുകയാണ്. ഈ അത്ഭുതം പണിതുയർത്തുന്നത് അങ്ങ് സൗദി അറേബ്യയാണ്. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളം മുതൽ കോഴിക്കോട് വരെയുള്ള അത്രയും നീളത്തിലാണ് ദി ലൈൻ എന്ന അത്യാധുനിക നഗരം സൗദി പണിതുയർത്തുന്നത്. 90 ലക്ഷം പേർക്ക് താമസിക്കാൻ സാധിക്കുന്ന ഒരറ്റം മുതൽ മറ്റേ അറ്റം വരെ കേവലം 20 മിനിറ്റിൽ എത്താൻ സാധിക്കുന്ന അഞ്ചു മിനിറ്റ് നടന്നാൽ അയൽപക്കത്തേക്ക് പോകാവുന്ന പരമാവധി പ്രകൃതിയോട് ചേർന്നുനിൽക്കുന്ന ഒരു പുതിയ ലോകമാണ് ദ ലൈൻ. ഈ അത്ഭുതത്തിന്റെ നിർമ്മാണ ചിത്രങ്ങൾ സാറ്റലൈറ്റ് പുറത്തു വിട്ടിട്ടുണ്ട്. 72500 കോടി ഡോളറാണ് ഈ അത്ഭുതത്തിന് ചിലവ് പ്രതീക്ഷിക്കുന്നത്. 170 കിലോമീറ്റർ ആണ് നീളം. 200 മീറ്റർ വീതിയും 500 മീറ്റർ ഉയരവും ഇരുവശങ്ങളിലും ചില്ലുമറയും ദ ലൈൻന് ഉണ്ടാകും. സൗദി അറേബ്യയിലെ വടക്കു കിഴക്കൻ തബൂക്ക് പ്രവിശ്യയിൽ ഇതിനെ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു. ചെങ്കടൽ മുതൽ മരുഭൂമിയിലും മലനിരകളിലും ദ ലൈൻ എത്തും. ദക്ഷിണകൊറിയൻ തലസ്ഥാനമായ സിയോളിന് സമാനമായ ജനസംഖ്യ ഉൾക്കൊള്ളാവുന്ന ദ ലൈൻ സിയോളിന്റെ ആറ് ശതമാനം സ്ഥലം മാത്രമാണ് ഉപയോഗപ്പെടുത്തുക.

സുസ്ഥിരവികസനത്തിന്റെ ഉദാത്തമായ മാതൃകയാണ് ഈ നഗര പദ്ധതി. ദി ലൈനിന്റെ ഏതറ്റത്തേക്കും 20 മിനിറ്റിൽ യാത്ര സാധ്യമാക്കുന്നത് അതിവേഗ വൈദ്യുതി ട്രെയിനാണ്. ഉയരം കൊണ്ട് ഏതാണ്ട് 125 നിലകളുള്ള കെട്ടിടത്തോളം വരും ഈ പദ്ധതി. അതുകൊണ്ടുതന്നെ തുടർച്ചയായി ലിഫ്റ്റുകളുടെ സഹായം ആവശ്യമായി വരും. കുത്തനെയുള്ള നഗര നിർമ്മാണം പുതിയ ആശയമല്ല. 1882 സ്പാനിഷ് നഗരസൂത്രണ വിദഗ്ധനായ അർത്തൂറോ സോറിയ മാറ്റയാണ് ഇങ്ങനെയൊരു നഗരം എന്ന ആശയം ആദ്യമായി അവതരിപ്പിക്കുന്നത്.
ജലം,വൈദ്യുതി എന്നിവയുടെ വിതരണവും ഗതാഗതവും താരതമ്യേന കാര്യക്ഷമമാകും എന്നാണ് ഈ രീതിയുടെ പ്രധാന ഗുണമായി അദ്ദേഹം വിശേഷിപ്പിക്കുന്നത്. നഗരങ്ങളെ ഗ്രാമവൽക്കരിക്കാനും ഗ്രാമങ്ങളെ നഗരവൽക്കരിക്കാനും ഇത്തരം നിർമ്മാണങ്ങൾ സഹായിക്കും.ഈ സ്പാനിഷ് ആശയമാണ് ദി ലൈനിന് കടം എടുത്തിട്ടുള്ളത്.

അര കിലോമീറ്റർ ഉയരത്തിലുള്ള നിർമിതിയാണ് ഇത് . ഇരുവശങ്ങളിലും ഗ്ലാസ് ആയതിനാൽ അതിൽ നിന്നും പ്രതിഫലിക്കുന്ന പ്രകാശം വരുത്തുന്ന പ്രശ്നങ്ങളും ചർച്ച ചെയ്യപ്പെടുന്നുണ്ട്. കിഴക്ക് പടിഞ്ഞാറ് ദിശയിലാണ് ഇതിന്റെ നിർമ്മാണം എന്നതിനാൽ സൂര്യ വെളിച്ചം പരമാവധി കുറവു മാത്രമേ പ്രതിഫലിക്കുകയുള്ളൂ എങ്കിലും ഇതിൽനിന്നും പ്രതിഫലിക്കുന്ന വെളിച്ചവും ചൂടും ചുറ്റുമുള്ള ആവാസവ്യവസ്ഥകളെയും ഗ്രാമങ്ങളെയും എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ച് ഒരു ധാരണ ഉണ്ടാക്കിയിട്ടില്ല. 2025 ആകുമ്പോഴേക്കും ഇതിന്റെ നിർമ്മാണം പൂർത്തിയാകും എന്നാണ് പ്രതീക്ഷിക്കുന്നത് . സൗദി അറേബ്യയുടെ ഇപ്പോഴത്തെ ജനസംഖ്യ മൂന്നര കോടിയാണ്. ഇതിന്റെ നാലിലൊന്ന് വരും ദ ലൈനിന്റെ 90 ലക്ഷം. അതുകൊണ്ടുതന്നെ ഈ പദ്ധതി സൗദി അറേബ്യയുടെ ഭാവി സംബന്ധിച്ചും നിർണായകമാണ്. വലിയൊരു പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ സംഭവിക്കാവുന്ന പല പ്രായോഗിക വെല്ലുവിളികളും ഇവിടെ കാത്തിരിപ്പുണ്ട് എന്നത് ശ്രദ്ധേയമാണ്.
