തങ്ങള്‍ക്ക് കീഴിലുള്ള സ്ഥാപനങ്ങളും കമ്പനികളുമെല്ലാം സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കുന്ന രീതി കേന്ദ്രത്തിലും കേരളത്തിലും പതിവ് കാഴ്ചയാണ്. സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് തലവേദന വരുത്തിവെക്കുക എന്നതിലുപരി, ഇത്തരം സ്ഥാപനങ്ങളെ ലാഭത്തിലാക്കുക, മികച്ച രീതിയില്‍ വളര്‍ത്തിയെടുക്കുക തുടങ്ങി നല്ല ഉദ്ദേശങ്ങളും ഇതിനുപിന്നിലുണ്ട്. സ്വകാര്യമേഖലക്ക് കീഴില്‍ വരുമ്പോള്‍ എളുപ്പത്തില്‍ നടപ്പിലായേക്കാവുന്ന വികസനങ്ങളും മറ്റു നേട്ടങ്ങളും സര്‍ക്കാരിനെ ഈ വഴി ചിന്തിക്കാന്‍ പ്രേരിപ്പിക്കാറുണ്ട്. എന്നാല്‍ സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുമ്പോള്‍ ഉള്ള ആവേശം പിന്നീട് നോക്കിനടത്തലുകളില്‍ കാണാതാവുമ്പോള്‍ ഉണ്ടാവാറുള്ള പ്രശ്‌നങ്ങളും ഈ നേട്ടങ്ങളുടെ ഇടയില്‍ പരിഗണിക്കാതെ പോവരുത്. അത്തരത്തില്‍ ഒന്നാണ് കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതി.
ഉടമസ്ഥന്റെ വേഷത്തേക്കാള്‍ സര്‍ക്കാര്‍ എപ്പോഴും കണ്ണെറിയാറുള്ളത് കാര്യസ്ഥന്റെ കുപ്പായത്തിലേക്കാണ്. പദ്ധതി ഫയലില്‍ നിന്ന് പ്രവൃത്തിയിലേക്ക് എത്തിച്ച്, പിന്നീട് പണി പൂര്‍ത്തിയാക്കി പ്രവര്‍ത്തനക്ഷമമാക്കി ട്രാക്കില്‍ എത്തിക്കുന്നതിന്റെ ബുദ്ധിമുട്ട് സര്‍ക്കാരിന് നല്ല ബോധ്യമുണ്ട്. അതുകൊണ്ടുതന്നെ സ്വകാര്യ കമ്പനികള്‍ക്ക് അനുമതി നല്‍കി ആദ്യം കാഴ്ചകാരനായും പിന്നീട് പ്രവര്‍ത്തനം തുടരുമ്പോള്‍ ചെയര്‍മാന്‍ കസേരയില്‍ ഗോഡ്ഫാദര്‍ ആയിരിക്കാനെ സര്‍ക്കാര്‍ ശ്രമിക്കാറുള്ളു. തുച്ഛം തുകയ്ക്ക് സ്വകാര്യ കമ്പനിക്ക് പാട്ടവും നല്‍കി വികസനം സാധ്യമാക്കിയെന്ന വിശ്വാസത്തില്‍ കണ്ണടച്ചു മുന്നോട്ട് പോവലാണ് പിന്നീട് നടക്കാറുള്ള പതിവ് കലാപരിപാടി.
2011 ലാണ് സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് സര്‍ക്കാര്‍ സ്വകാര്യ കമ്പനിയായ ടീകോം ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുമായി ധാരണപത്രം ഒപ്പിടുന്നത്. ഏക്കറിന് ഒരു രൂപ വീതം 246 ഏക്കറിന് പാട്ടക്കരാര്‍ ഉണ്ടാക്കിയപ്പോള്‍ കമ്പനി സര്‍ക്കാരിന് മുന്നില്‍ വച്ചത് 10 വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷത്തിനടുത്ത് പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന പദ്ധതിയായി മാറ്റുമെന്നാണ്. എന്നാല്‍ കരാര്‍ കഴിഞ്ഞ് 12 വര്‍ഷം കഴിയുമ്പോഴും ഇവിടെ പണി പൂര്‍ത്തിയായത് ഒരേയൊരു ഐടി മന്ദിരവും 40 ല്‍ താഴെ കമ്പനികളും മാത്രമാണ്.
സ്മാര്‍ട്ട് സിറ്റിയില്‍ 84 ശതമാനമെന്ന വല്ല്യ രീതിയിലുള്ള ഓഹരികളും ടീകോം ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുടെ മാതൃസ്ഥാപനമായ ദുബായ് ഹോല്‍ഡിങ്ങിനാണ്. എന്നാല്‍ നാമമാത്രമായ 14 ശതമാനം ഓഹരിയാണ് സ്മാര്‍ട്ട് സിറ്റി കൊച്ചി ഇന്‍ഫ്രസ്ട്രെക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിനുള്ളതെങ്കിലും ഡയറക്ടര്‍ ബോര്‍ഡിന്റെ ചെയര്‍മാന്‍ മുഖ്യമന്ത്രിയാണ്. സ്വകാര്യ കമ്പനികള്‍ വച്ചുനീട്ടുന്ന ഈ അല്‍പ്പന്‍ കസേര കണ്ട് നിര്‍മാണത്തിലും പ്രവര്‍ത്തനത്തിലും കണ്ണടച്ചിരിക്കുന്ന സമീപനം സംസ്ഥാനത്തിനും സര്‍ക്കാരിനും ഒരിക്കലും ഗുണം ചെയ്യില്ല. ഇങ്ങനെ ഓച്ചിഴയും പോലെ നീങ്ങിയാല്‍ വാഗ്ദാനം ചെയ്ത തൊഴിലാവസരങ്ങളും പേപ്പറില്‍ മാത്രം ഒരുങ്ങും. അതുകൊണ്ട് തന്നെ പദ്ധതിയിലെ സ്വകാര്യ കമ്പനിയുടെ മെല്ലെപോക്ക് മാറ്റിയെടുക്കാന്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടേണ്ടതുണ്ട്. ബോര്‍ഡ് മീറ്റിംഗില്‍ പങ്കെടുക്കാതെയും വ്യക്തമായ നിലപാട് പറയാതെയും ചെയര്‍മാന്‍ കസേരയും അധികാരവും കയ്യിലുണ്ടെന്ന് വീമ്പ് പറഞ്ഞു മുന്നോട്ട് പോകുന്നത് ബുദ്ധിശൂന്യതയായെ കരുതാനാവു. അല്ലെങ്കില്‍ തിരഞ്ഞെടുപ്പ് വരുമ്പോള്‍ വികസന നേട്ടങ്ങള്‍ എന്ന പേജില്‍ വെറുതെ എഴുതി വയ്ക്കാനെ ഇത്തരം പദ്ധതികള്‍ ഗുണം ചെയ്യുകയുള്ളൂ.
