വയനാട് ചൂരല്‍മലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഉറ്റവരെല്ലാം നഷ്ടപ്പെട്ട ദുഖത്തിൽ കഴിഞ്ഞിരുന്ന ശ്രുതിക്ക് മുന്നോട്ട് ജീവിക്കാനുള്ള പ്രചോദനമായത് പ്രതിശ്രുത വരൻ ജെൻസണായിരുന്നു. എന്നാൽ അടുത്തിടെ വാഹനാപകടത്തിന്റെ രൂപത്തിലെത്തിയ മരണം ജെൻസണേയും ശ്രുതിയിൽ നിന്നും പറിച്ചെടുത്തു. ജെൻസന്റെ ജീവൻ കവർന്ന വാഹനാപകടത്തിൽ ശ്രുതിക്കും പരിക്കേറ്റിരുന്നു.
തീരാ വേദനയിലും പരിക്കുകളിൽ നിന്നും മുക്തി നേടി തിരികെ ജീവിതത്തിലേക്ക് വരാനുള്ള ശ്രമത്തിലാണ് ശ്രുതി. ഇപ്പോഴിതാ ശ്രുതിയുടെ പുതിയ ഒരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുന്നത്. കൊച്ചിയിൽ നടന്ന ട്രൂത്ത് മംഗല്യം സമൂഹ വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ശ്രുതിയുടെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ട്രൂത്ത് മംഗല്യം വിവാഹ ചടങ്ങ് നടന്നത്. നാൽപ്പതോളം യുവതി യുവാക്കൾ ചടങ്ങിൽ വിവാഹിതരായി. ജെൻസണുണ്ടായിരുന്നുവെങ്കിൽ ശ്രുതിയുടേയും ജെൻസണിന്റേയും വിവാഹവും ഇതേ വേദിയിൽ വെച്ച് നടക്കുമായിരുന്നു. ട്രൂത്ത് ഗ്രൂപ്പിന്റെ ചെയർമാനും നടൻ മമ്മൂട്ടിയുടെ സുഹൃത്തുമായ സമദിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന സമൂഹ വിവാഹ പദ്ധതിയാണ് ട്രൂത്ത് മാംഗല്യം. ഇത്തവണ ലിസ്റ്റിൽ ജെൻസണിനേയും ശ്രുതിയേയും ഉൾപ്പെടുത്തണമെന്ന് നിർദേശിച്ചത് മമ്മൂട്ടിയായിരുന്നു.
ശ്രുതിക്കുണ്ടായ ദുരന്തത്തെ കുറിച്ച് അറിഞ്ഞപ്പോൾ തന്നെ അതിനുള്ള എല്ലാ സഹായവും ട്രൂത്ത് ഗ്രൂപ്പിന്റെ ചെയർമാനെ മമ്മൂട്ടി ഏൽപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ അതിനൊന്നും കാത്ത് നിൽക്കാതെ ശ്രുതിയെ തനിച്ചാക്കി ജെൻസൺ മരണത്തെ പുൽകി. പക്ഷെ സമൂഹ വിവാഹ ദിവസം ചടങ്ങിൽ പങ്കെടുക്കാൻ ശ്രുതി എത്തിയിരുന്നു. മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ഡയറക്ടറായ റോബർട്ടാണ് ചടങ്ങിന്റെ വീഡിയോ മനോഹരമായ കുറിപ്പിനൊപ്പം സോഷ്യൽമീഡിയയിൽ പങ്കിട്ടത്. വയനാട്ടിൽ തന്നെ തുടരാനും ജെൻസൺ നടത്തിയിരുന്ന ബിസിനസ് അദ്ദേഹത്തിന്‍റെ ഓർമ്മക്കായി മുന്നോട്ട് കൊണ്ടുപോകണമെന്നാണ് ശ്രുതിയുടെ ശ്രമം. ചൂരല്‍മലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ശ്രുതിയുടെ അമ്മ സബിത, അച്ഛൻ ശിവണ്ണ, അനുജത്തി ശ്രേയ, അമ്മമ്മ എന്നിവർ മരിച്ചിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ അക്കൗണ്ടന്റായി ജോലി ചെയ്ത് വരികയായിരുന്നു ശ്രുതി.
