എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് വ്യാജ രേഖ ചമച്ച് ജോലി നേടിയ എസ്എഫ്‌ഐ മുന്‍ വനിതാ നേതാവ് കെ.വിദ്യയെ പരിഹസിച്ചുകൊണ്ടിട്ട ‘എന്നാലും എന്റെ വിദ്യേ’ എന്ന ഫേസ്ബുക്ക് പോസ്റ്റിലുള്ള പ്രതികരണതില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പി.കെ ശ്രീമതി ടീച്ചര്‍. ‘എന്നാലും എന്റെ വിദ്യേ നീ ഇത്തരത്തിലുള്ള കുടുക്കില്‍ പെട്ടല്ലോ’ എന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും, വ്യാജ രേഖ ആര് ഉണ്ടാക്കിയാലും തെറ്റാണെന്നും ശ്രീമതി ടീച്ചര്‍ പറഞ്ഞു.
ആലപ്പുഴ മഹിളാ അസോസിയേഷന്‍ സമ്മേളനത്തില്‍ സാഹിത്യ മത്സരത്തില്‍ ഒന്നാം സ്ഥാനം കിട്ടിയ കുട്ടിയാണ്. ആ കുട്ടി ഉന്നത വിജയം നേടണം എന്ന് ആഗ്രഹിച്ചിരുന്നു. ആ കുട്ടി ഇങ്ങനെ ചെയ്തു എന്ന് കേട്ടപ്പോള്‍ ഉള്ള പ്രതികരണം ആണ് സോഷ്യല്‍ മീഡിയയില്‍ ഇട്ടത്. അത് വിശ്വസിക്കാന്‍ കഴിയുന്നില്ല. എന്നാലും എന്റെ വിദ്യേ എന്നത് മനസ്സില്‍ നിന്നുണ്ടായ പ്രതികരണമാണ്. അതില്‍ തന്നെയാണ് ഇപ്പോഴും ഉറച്ച് നില്‍ക്കുന്നത്’, ശ്രീമതി പറഞ്ഞു.
മഹാരാജാസ് കോളേജിന്റെ പേരില്‍
വ്യാജ ലെറ്റര്‍ ഹെഡ്ഡും സീലുമുണ്ടാക്കി, പ്രിന്‍സിപ്പാളിന്റെ കളളയൊപ്പിട്ട് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ വിവാദത്തില്‍ എസ്എഫ്‌ഐയും സിപിഎമ്മും വിദ്യയുടെ വിഷയത്തില്‍ പ്രതികരണം അറിയിക്കാതിരിക്കുമ്പോഴാണ് ശ്രീമതിയുടെ വേറിട്ട പരിഹാസം. ഇത് ചര്‍ച്ചയ്ക്ക് കാരണമായി. വ്യാജരേഖ ചമച്ച സംഭവത്തില്‍ മഹാരാജാസ് കോളേജ് അധികൃതരുടെ പരാതിയില്‍ വിദ്യക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
ശ്രീമതിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റിനെ പരിഹസിച്ചുകൊണ്ട് രം?ഗത്തു വന്നിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ഇത്തരം ജാല വിദ്യക്കാരെയൊക്കെ വിദ്യാര്‍ത്ഥി സംഘടനയുടെ താക്കോല്‍ സ്ഥാനങ്ങളില്‍ പിടിച്ചിരുത്തിയതിനുശേഷം, ന്യായികരിക്കാന്‍ ഒരു രക്ഷയുമില്ലാതായ ശേഷമുള്ള ഈ നീട്ടി വിളി കാണുമ്പോള്‍, എന്നാലും എന്റെ ശ്രീമതി ടീച്ചറെ എന്ന് വിളിക്കാന്‍ തോന്നുന്നു. മഴവില്‍ സലാം..- എന്നാണ് ഹരീഷ് പേരടിയുടെ പരിഹാസം.
അതേസമയം ഗസ്റ്റ് ലക്ചറാകാന്‍ വ്യാജരേഖ ചമച്ചെന്ന കേസില്‍ പ്രതിക്കൂട്ടിലായ കെ വിദ്യയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി കെ.എസ്.യു രംഗത്തെത്തിയതിന് പിന്നാലെ ആരോപണം ശരിവെക്കുന്ന തരത്തിലുള്ള പരാമര്‍ശവുമായി കോളജ് അധ്യാപിക രംഗത്ത്. ഏഴുവര്‍ഷങ്ങള്‍ക്കു മുന്‍പ് തന്റെ കാര്‍ കത്തിച്ച സംഭവത്തിലാണ് പയ്യന്നൂര്‍ കോളേജിലെ മലയാളം അധ്യാപികയായ ഡോ.പി. പ്രജിതയുടെ പ്രതികരണം.
വിദ്യ പയ്യന്നൂര്‍ കോളേജില്‍ ബിരുദ വിദ്യാര്‍ഥിനിയായിരിക്കേ മലയാളത്തില്‍ ഇന്റേണല്‍ മാര്‍ക്ക് മുഴുവന്‍ നല്‍കാത്തതുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലാണ് ചിലര്‍ തന്റെ കാര്‍ കത്തിച്ചത്. അന്ന് കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകയായിരുന്നു വിദ്യ. ‘വിദ്യയ്ക്ക് മലയാളത്തില്‍ അന്ന് ഇന്റേണല്‍ മാര്‍ക്കായി നല്‍കിയത് പത്തില്‍ എട്ടായിരുന്നു. എന്നാല്‍ മുഴുവന്‍ മാര്‍ക്കും നല്‍കണമെന്നതായിരുന്നു വിദ്യയുടെ ആവശ്യം. ഇതില്‍ പരിഭവം കാണിച്ചതിന് പിന്നാലെയാണ് അജ്ഞാതര്‍ കാറിന് തീയിട്ടത് – പ്രജിത പറയുന്നു. കോളജിലെ ഒരു വിദ്യാര്‍ഥിയും പ്രത്യേകിച്ച് ഒരു പെണ്‍കുട്ടിയായതിനാലാണ് ഇന്റേണല്‍ മാര്‍ക്കാണ് പ്രകോപനത്തിന് കാരണമെന്ന് ഉന്നയിക്കാതിരുന്നതും വിദ്യയുടെ പേരെടുത്ത് കേസ് കൊടുക്കാതിരുന്നതെന്നും അധ്യാപിക പറയുന്നു.
എസ്.എഫ്.ഐ നടത്തുന്ന സമരങ്ങളെ എതിര്‍ത്ത മറ്റൊരു അധ്യാപകന്റെ കാറും അന്ന് അക്രമികള്‍ അഗ്‌നിക്കിരയാക്കിയിരുന്നുവെന്നും പ്രജിത പറയുന്നു. ഇരുവീടുകളിലും നിര്‍ത്തിയിട്ടിരുന്ന കാറുകളാണ് സമാന രീതിയില്‍ കത്തിച്ചത്. കാറിന് തീയിട്ട ശേഷം അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
ഇതില്‍ എസ്.എഫ്.ഐ. യൂണിറ്റ് കമ്മിറ്റി നേതാക്കളടക്കം പ്രതിക്കൂട്ടിലായെങ്കിലും കേസ് അട്ടിമറിക്കപ്പെട്ടു. പോലീസ് കേസെടുത്തിരുന്നെങ്കിലും പ്രതികളുടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടായില്ലെന്ന് കെ.എസ്.യുവും ആരോപിക്കുന്നു.
