ഗണേശ്കുമാര്‍ എംഎല്‍എയും ഇടതുമുന്നണിയുമായുള്ള ബന്ധം വഷളാവുകയാണ്.ഇടതു മുന്നണിധാരണപ്രകാരം മൂന്നുമാസം കഴിയുമ്പോള്‍ ഗണേശിന് മന്ത്രിപദവി കിട്ടേണ്ടതാണ്. നിലവിലെ സാഹചര്യത്തില്‍ അതുണ്ടാകാന്‍ ഇടയില്ല. സര്‍ക്കാരിനെതിരേ പരസ്യവിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് ഗണേശ്കുമാര്‍ തുടരുന്നത് തന്നെയാണ് കാരണം. ഇപ്പോള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ പരസ്യമായി വിമര്‍ശിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പത്തനാപുരം എംഎല്‍എ കെ.ബി.ഗണേഷ് കുമാര്‍.എംഎല്‍എ യും മന്ത്രിയുമായുള്ള തന്റെ സീനിയോറിറ്റിയെ ഇവര്‍ മാനിക്കുന്നില്ലെന്നും അഞ്ചു തവണ തുടര്‍ച്ചയായി ജയിച്ചു വന്നയാളെന്നും 20 വര്‍ഷം മുമ്ബ് മന്ത്രിയായ ആളെന്ന നിലയലും തന്റെ പ്രവര്‍ത്തി പരിചയത്തെ റിയാസ് മാനിക്കണമെന്നുമാണ് ഗണേശ്കുമാര്‍ തുറന്നടിച്ചത്.
വേണ്ടതൊന്നും തനിക്ക് തരാത്തതില്‍ നിരാശയുണ്ടെന്നും പത്തനാപുരം ബ്ലോക്കില്‍ 100 മീറ്റര്‍ റോഡ് പോലും 2023ല്‍ പിഡബ്ല്യുഡി അനുവദിച്ചില്ലെന്നും പറഞ്ഞു. പത്തനാപുരം നിയോജക മണ്ഡലത്തിലെ കോക്കുളത്ത് ഏല- പട്ടമല റോഡിന്റെ ഉദ്ഘാടനത്തിലായിരുന്നു ഗണേഷിന്റെ വിമര്‍ശനം.മന്ത്രി റിയാസിന്റെ ചിത്രം ഉദ്ഘാടന വേദിയിലെ ഫ്‌ലെക്‌സില്‍ വയ്‌ക്കേണ്ടതില്ലായിരുന്നെന്നും ഉമ്മന്‍ ചാണ്ടിക്കു ശേഷം, നിയമസഭയില്‍ തുടര്‍ച്ചയായി ജയിച്ചുവന്നവര്‍ താനും വി.ഡി.സതീശനും റോഷി അഗസ്റ്റിനും കോവൂര്‍ കുഞ്ഞുമോനുമാണെന്നും അഞ്ചു തവണ തുടര്‍ച്ചയായി ജയിച്ചു വന്നിട്ടുള്ളവരാണെന്നും അത്രയും സീനിയോറിറ്റയുള്ള തന്നോട് അതിന്റെ മര്യാദ കാണിക്കണമെന്നും പറഞ്ഞു. 20 വര്‍ഷം മുമ്ബ് മന്ത്രിയായ ആളാണ് താനെന്നും സിനിമാനടനാണ് എന്നത് മാറ്റി വെച്ച് സഭയിലെ സീനിയോറിറ്റി മനസ്സിലാക്കണമെന്നും പറഞ്ഞു.
തന്നെപ്പോലെ സീനിയറായ എംഎല്‍എയോട് ഈ നിലപാട് സ്വീകരിക്കുന്നതു ശരിയല്ല. മുന്‍ മന്ത്രി ജി.സുധാകരന്‍ ഇങ്ങിനെയായിരുന്നില്ല. നല്ല പരിഗണന നല്‍കിയിരുന്നുവെന്നും പറഞ്ഞു. ഈ റോഡിന്റെ ഉദ്ഘാടന ചടങ്ങില്‍ മന്ത്രി റിയാസിന്റെ ചിത്രത്തിനു പകരം വയ്‌ക്കേണ്ടിയിരുന്നത് മുന്‍ മന്ത്രി ജി.സുധാകരന്റെ ചിത്രമാണെന്നും ഗണേശ്കുമാര്‍ പറഞ്ഞു. കോവിഡ് ലോക്ഡൗണ്‍ കാലത്ത് അദ്ദേഹത്തിന്റെ വീട്ടില്‍ പോയപ്പോള്‍ ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് മധുരമൊക്കെ തന്ന് സ്‌നേഹത്തോടെ സംസാരിക്കുകയും ഫണ്ട് ഉറപ്പു തരികയും ചെയ്തതായും പറഞ്ഞു.
ജി.സുധാകരന്‍ ആവശ്യമായ പരിഗണന നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ നമുക്കു വേണ്ടതൊന്നും തരുന്നില്ല എന്നതില്‍ പരാതിയുണ്ടെന്നും ഇക്കാര്യം മന്ത്രി റിയാസിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ടെന്നും ഗണേശ് കുമാര്‍ പറഞ്ഞു.ഇടതുപക്ഷത്ത് നിന്ന് ഗണേശ് പതിയെ അകലുകയാണെന്നതിന് തെളിവാണ് ഈ വിമര്‍ശനവും.പിണറായിയുടെ എതിര്‍ പക്ഷത്താണ് സുധാകരന്‍. എല്ലാ അര്‍ത്ഥത്തിലും സിപിഎം മൂലയ്ക്കിരുത്തിയ വ്യക്തി. സുധാകരനെ ഗണേശ് ഉയര്‍ത്തിക്കാട്ടുന്നത് മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെടാന്‍ സാധ്യത ഇല്ലാത്ത കാര്യമാണ്. ഇത് മനസ്സിലാക്കിയാണ് ഗണേശും പ്രതികരണം നടത്തുന്നത്. നിയമസഭയിലും സമാന ഇടപെടലുകള്‍ ഗണേശ് നടത്തിയിരുന്നു. ഇതിന് പുതിയ മാനം നല്‍കുന്നതാണ് പത്തനാപുരത്തെ പുതിയ പ്രസംഗം. മുഖ്യമന്ത്രിയുടെ മരുമകന്‍ കൂടിയായ റിയാസിന് നേരെയാണ് കടന്നാക്രമണം. ഇത് മുഖ്യമന്ത്രിയെ ചൊടിപ്പിക്കുമെന്ന് ഉറപ്പാണ്.
