രേഖയ്ക്ക് അവാർഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു : വിൻസി

രേഖയിലെ കഥാപാത്രത്തിന് ഏതെങ്കിലും അവാര്‍ഡ് കിട്ടുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നതായി മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ വിന്‍സി അലോഷ്യസ്.ഇതു പറയുമ്‌ബോള്‍ അഹങ്കാരമാണെന്നൊന്നും വിചാരിക്കരുതെന്നും ഒരു നടിയുടെ ആഗ്രഹമാണെന്ന് കരുതിയാല്‍ മതിയെന്നും വിന്‍സി പറഞ്ഞു. ‘രേഖ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിന്‍സിക്ക് പുരസ്‌കാരം ലഭിച്ചത്.

രേഖ എന്നിലേക്ക് വരുന്നത് സംവിധായകന്‍ ജിതിന്‍ കനകം കാമിനി കലഹം, ഭീമന്റെ വഴി എന്നീ സിനിമകള്‍ കണ്ടാണ്. സത്യം പറഞ്ഞാല്‍, ഇത് വേറൊരു നടിക്കുവെച്ച റോളായിരുന്നു. ആ നടി ഒ.കെ പറയാതിരുന്നതോടെ എന്നിലേക്ക് വരികയായിരുന്നു. ഒടുവില്‍ എന്നിലേക്ക് അത് എത്തിയത് ഭാഗ്യമായി ഞാന്‍ കരുതുന്നു. രേഖയിലെ റോള്‍ വെല്ലുവിളിയൊന്നുമായിരുന്നില്ല. എങ്കിലും ഇതുവരെ ചെയ്തതില്‍ ഏറ്റവും മികച്ചതെന്നും ഏറെ കഷ്ടപ്പെട്ട് അഭിനയിച്ചതെന്നും ഞാന്‍ കരുതുന്ന
കാരക്ടറായിരുന്നു അത്.

സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം ചെറുപ്പം മുതല്‍ ഉണ്ടായിരുന്നു. ഒടുവില്‍ ആ ആഗ്രഹം ഇപ്പോള്‍ ഇവിടം വരെ എത്തിയിരിക്കുന്നു. രേഖ ഇറങ്ങിയതു മുതല്‍ എന്തെങ്കിലും അവാര്‍ഡ് കിട്ടുമെന്ന് ഉള്ളിലൊരു തോന്നലുണ്ടായിരുന്നു. ഇത് പറയുമ്‌ബോള്‍ അഹങ്കാരമാണെന്നൊന്നും വിചാരിക്കരുത്. ഒരു നടിയുടെ ആഗ്രഹമാണെന്ന് വിചാരിച്ചാല്‍ മതി. കിട്ടണമെന്ന് ആഗ്രഹമുണ്ടായിരുന്നു.

രേഖ ആരും അറിയാതെ പോയി എന്ന സങ്കടമുണ്ടായിരുന്നു. അതിനി എല്ലാവരും അറിയുമല്ലോ. നെറ്റ്ഫ്‌ലിക്‌സിലുണ്ട്. ഇപ്പം കേരളത്തിലെ എല്ലാവരും അറിഞ്ഞല്ലോ.
വിന്‍സിക്ക് എന്തിനാണ് അവാര്‍ഡ് കിട്ടിയത്, രേഖക്കാണെന്ന് എല്ലാവരും അറിയുമല്ലോ..അതുമതി’ -വിന്‍സി പ്രതികരിച്ചു.

പൊന്നാനി സ്വദേശിയാണ് വിന്‍സി. 2019ല്‍ സൗബിന്‍ ഷാഹിര്‍ നായകനായ കോമഡി ചിത്രം വികൃതിയിലെ സീനത്തിനെ അവതരിപ്പിച്ച് വെള്ളിത്തിരയിലെത്തിയ വിന്‍സി കനകം കാമിനി കലഹം, ഭീമന്റെ വഴി, ജന ഗണ മന, സോളമന്റെ തേനീച്ചകള്‍, 1744 വൈറ്റ് ആള്‍ട്ടോ, സൗദി വെള്ളക്ക, രേഖ, പദ്മിനി എന്നിവയില്‍ അഭിനയിച്ചിട്ടുണ്ട്. പഴഞ്ചന്‍ പ്രണയം, മാരിവില്ലിന്‍ ഗോപുരങ്ങള്‍ എന്നിവയാണ് പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.

അതേസമയം മലയാള ചലച്ചിത്രാഭിനയ ചരിത്രത്തിലെ അത്യപൂര്‍വ്വവും വിസ്മയകരവുമായ ഭാവാവിഷ്‌കാര മികവിനായിരുന്നു നന്‍പകല്‍ നേരത്ത് മയക്കത്തില്‍ മമ്മൂട്ടിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.തികച്ചും വിഭിന്നമായ സ്വഭാവവിശേഷങ്ങളുള്ള രണ്ടുമനുഷ്യരുടെ ദ്വന്ദ്വഭാവങ്ങളെ അതിസൂക്ഷ്മവും, നിയന്ത്രിതവുമായ ശരീരഭാഷയില്‍ പകര്‍ന്നാടിയ അഭിനയത്തികവ്. ജയിംസ് എന്ന മലയാളിയില്‍ നിന്ന് സുന്ദരന്‍ എന്ന തമിഴനിലേക്കുള്ള പരകായ പ്രവേശത്തിലൂടെ രണ്ടുദേശങ്ങള്‍, രണ്ടുഭാഷകള്‍, രണ്ടും സംസ്‌കാരങ്ങള്‍ എന്നിവ ഒരേശരീരത്തിലേക്ക് ആവാഹിച്ച മഹാപ്രതിഭ’, നന്‍പകല്‍ നേരത്ത് മയക്കത്തിലെ മമ്മൂട്ടിയുടെ മികവിനെ ജൂറി വിശേഷിപ്പിച്ചത് ഇങ്ങനെ.മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ആറാം തവണയാണ് മമ്മൂട്ടിയെ തേടിയെത്തിരിക്കുന്നത്. ആദ്യമായി മമ്മൂട്ടി സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടുന്നത് 1981ലാണ്. ‘അഹിംസ’യിലൂടെ രണ്ടാമത്തെ മികച്ച നടനുള്ള അവാര്‍ഡാണ് മമ്മൂട്ടിക്ക് ആദ്യമായി ലഭിച്ചത്.യാത്ര’യിലേയും, ‘നിറക്കൂട്ടി’ലെയും സിനിമകളിലെ വേറിട്ട കഥാപാത്രങ്ങളിലൂടെ സ്പെഷ്യല്‍ ജൂറി അവാര്‍ഡും മമ്മൂട്ടിക്കായിരുന്നു. 1985ലായിരുന്നു മമ്മൂട്ടി ഇത്തരത്തില്‍ അംഗീകരിക്കപ്പെട്ടത്. ‘വിധേയന്‍’, ‘പൊന്തന്‍ മാട’, ‘വാത്സല്യം’ സിനിമകളിലൂടെ മമമ്മൂട്ടി വീണ്ടും മികച്ച നടനായത് 1993ലാണ്. 2004ലും 2009ലും മികച്ച നടനുള്ള അവാര്ഡ് കാഴ്ച, പാലേരി മാണിക്യം എന്നിവയിലൂടെ മമ്മൂട്ടിക്ക് യഥാക്രമം ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *