കുരയ്ക്കാത്ത നായകളും, കുറ്റം പറയാത്ത നാവുകളും ഉണ്ടാകില്ല, അതുരണ്ടും നമ്മുടെ നാട്ടില്‍ ഉണ്ടാകാത്ത സ്ഥലങ്ങളും കാണില്ല, എന്നാല്‍ നമ്മള്‍ നമ്മുടെ ജോലിയുമായി മുന്നോട്ട് പോകണമെന്ന് രജനീകാന്ത്.ജയിലറിന്റെ ഓഡിയോ ലോഞ്ചില്‍ വെച്ച് സിനിമയുടെ സംവിധായകനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
ബീസ്റ്റിന്റെ പരാജയത്തിന് പിന്നാലെ ജയിലറില്‍ നിന്ന് നെല്‍സണ്‍ ദിലീപ് കുമാറിനെ മാറ്റണമെന്ന് നിരവധി പേര്‍ ആവശ്യപ്പെട്ടിരുന്നു. വിതരണക്കാരുള്‍പ്പെടെ ആവശ്യമുന്നയിച്ചതോടെ നിര്‍മാതാക്കളായ സണ്‍ പിക്ചേഴ്സുമായി സംസാരിച്ചു, ബീസ്റ്റിന് നെഗറ്റീവ് റിവ്യൂസ് ഉണ്ടെങ്കിലും സാമ്ബത്തിക നഷ്ടമില്ലെന്ന് സണ്‍ പിക്ച്ചേഴ്സ് വ്യക്തമാക്കിയതോടെയാണ് സിനിമയുമായി മുന്നോട്ട് പോയത്. കാവാലയ്യ പാട്ടിനെതിരെ ഉയര്‍ന്ന ട്രോളുകളോടും രജനീകാന്ത് പ്രതികരിച്ചു. ട്രോളുകളുണ്ടെങ്കിലും പാട്ടും അതിന്റെ നൃത്തരംഗങ്ങളും തമ്മന്നയും ഡാൻസ് മാസ്റ്ററും വേറെ തലത്തിലെത്തിച്ചു. തന്റെ ഡേറ്റ് ആറുദിവസം കൂടി അവശേഷിക്കുമ്ബോഴായിരുന്നു പാട്ടിന്റെ ചിത്രീകരണം. എന്നാല്‍ ആദ്യ മൂന്ന് ദിവസം ഷൂട്ടിന് വിളിക്കാത്തതിനാല്‍ അണിയറ പ്രവര്‍ത്തകരെ വിളിച്ച് നോക്കി. അപ്പോഴാണ് ഒരു സീൻ മാത്രമേ പാട്ടിലുള്ളൂ എന്ന് അറിയുന്നത്.
“ഹുക്കും എന്ന ഗാനം ആദ്യം കേട്ടപ്പോള്‍ തന്നെ ഇഷ്ടപ്പെട്ടു. പക്ഷേ ഗാനത്തിലെ സൂപ്പര്‍സ്റ്റാര്‍ എന്ന വാക്ക് നീക്കാന്‍ ആവശ്യപ്പെട്ടിരുന്നു. സൂപ്പര്‍സ്റ്റാര്‍ പട്ടം എപ്പോഴും പ്രശ്നമാണ്. അതിനാലാണ് പാട്ടില്‍ നിന്നും ആ വാക്ക് മാറ്റാൻ പറഞ്ഞത്.” രജനികാന്ത് അറിയിച്ചു.
തനിക്ക് ലഭിച്ച സൂപ്പര്‍സ്റ്റാര്‍ പദവി നീക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രജനികാന്തിന് പേടിയാണെന്നാണ് അന്ന് പലരും പറഞ്ഞു. രണ്ടുപേരെ മാത്രമേ തനിക്ക് പേടിയുള്ളൂ, ഒന്ന് ദൈവം, രണ്ട് നല്ല മനുഷ്യര്‍, നല്ല മനുഷ്യരുടെ ശാപവും വാങ്ങരുതെന്നാണ് ആഗ്രഹം. തീയിലാണ് കുരുത്തത് അതിനാല്‍ മറ്റൊന്നിനേയും പേടിയില്ലെന്നും അദ്ദേഹം പറഞ്ഞു.മദ്യപിച്ചതാണ് ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ തെറ്റെന്ന് വിശ്വസിക്കുന്നു. മദ്യപിക്കുമായിരുന്നില്ലെങ്കില്‍ ഒരു പക്ഷേ കൂടുതല്‍ നല്ല മനുഷ്യനും നല്ല താരവുമാകാൻ കഴിയുമായിരുന്നു. എന്ന് കരുതി മദ്യപിക്കരുതെന്ന് പറയുന്നില്ല. ആഘോഷ വേളയില്‍ മദ്യപിക്കുന്നതില്‍ തെറ്റില്ല, പക്ഷെ ശീലമാക്കരുതെന്ന് രജനീകാന്ത് ഓര്‍മിപ്പിച്ചു.
അണ്ണാത്തയ്ക്ക് ശേഷം കേട്ട കഥകളെല്ലാം ബാഷയോ അണ്ണാമലൈയോ അല്ലെങ്കില്‍ മുൻപ് ചെയ്ത മറ്റ് കഥാപാത്രങ്ങള്‍ പോലെയോ തോന്നിയതിനാല്‍ നിരവധി ചിത്രങ്ങള്‍ വേണ്ടെന്ന് വച്ചു. കഥ കേട്ട് നിരസിക്കുന്നത് ബുദ്ധിമുട്ടായി തോന്നിയപ്പോള്‍ കഥ കേള്‍ക്കുന്നത് പോലും നിര്‍ത്തിയിരുന്നു. എന്നാല്‍ ജയിലര്‍ മികച്ച സിനിമയാകുമെന്ന് ഉറപ്പുള്ളതിനാലാണ് ചെയ്തതെന്നും ചിത്രത്തിലെ വിനായകന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുമെന്നും രജനീകാന്ത് പറഞ്ഞു.
അതേസമയം ജയിലര്‍ ഓഡിയോ ലോഞ്ചില്‍ മോഹന്‍ലാലിനെ പുകഴ്ത്തിയാണ് രജനി സംസാരിച്ചത്.എന്തൊരു മനുഷ്യൻ, മഹാ നടനാണ് മോഹൻലാല്‍. എന്നെ അദ്ഭുതപ്പെടുത്തി അദ്ദേഹം” എന്നാണ് മോഹന്‍ലാലിനെക്കുറിച്ച് രജനി പറഞ്ഞത്.
ജയിലര്‍ സിനിമയുടെ സംവിധായകന്‍ നെല്‍സണും മോഹന്‍ലാലിനെക്കുറിച്ച് സംസാരിച്ചു. രജനികാന്തിനോടുള്ള സ്നേഹത്താല്‍ കഥ പോലും കേള്‍ക്കാതെയാണ് മോഹന്‍ലാല്‍ ജയിലറില്‍ അഭിനയിക്കാനെത്തിയത് എന്നാണ് നെല്‍സണ്‍ പറയുന്നത്. ” എന്നെ നേരിട്ട് വിളിച്ചാണ് താന്‍ ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യം മോഹന്‍ലാല്‍ സാര്‍ പറഞ്ഞത്. കഥയുടെ മേന്‍മയല്ല രജനി സാറിനോടുള്ള ഇഷ്ടമാണ് അതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. അതിനാല്‍ ഇത്തരം ഒരു അവസരം ഒരിക്കലും ദുരുപയോഗം ചെയ്യരുതെന്ന് ഉറപ്പിച്ചു. ലാല്‍ സാറിന് വേണ്ടതെല്ലാം ചിത്രത്തിലുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നാണ് വിശ്വാസം” – നെല്‍സണ്‍ പറഞ്ഞു.
സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന് പുറമേ മോഹന്‍ലാല്‍, ശിവരാജ് കുമാര്‍, ജാക്കി ഷ്രോഫ് തുടങ്ങിയ നീണ്ട താരനിരയുടെ സാന്നിധ്യം ചിത്രത്തെ ആകര്‍ഷകമാക്കും. ഒപ്പം തന്നെ എന്താണ് ജയിലറില്‍ എന്ന ആകാംക്ഷയും വര്‍ദ്ധിപ്പിക്കും.
