പട്‌നയില്‍ നടന്ന പ്രതിപക്ഷയോഗത്തിനു ശേഷം ആര്‍ജെഡി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും തമ്മില്‍ നടത്തിയ കുശലാന്വേഷണം കൂടി നിന്നവരില്‍ ചിരിപടര്‍ത്തി. രാഹുലിനോട് വിവാഹം കഴിക്കണം എന്നുള്ള ലാലുവിന്റെ അഭ്യര്‍ത്ഥനയാണ് നേതാക്കള്‍ക്കിടയില്‍ ചിരി പടര്‍ത്തിയത്. പ്രതിപക്ഷ നേതാക്കളുടെ, സംയുക്ത വാര്‍ത്താസമ്മേളനത്തിന് ശേഷമായിരുന്നു സംഭവം.
‘രാഹുല്‍, താങ്കള്‍ ഒരു വിവാഹം കഴിക്കണം. ഇനിയും സമയം വൈകിയിട്ടില്ല. വിവാഹത്തെക്കുറിച്ചു പറഞ്ഞാല്‍ താങ്കള്‍ കേള്‍ക്കില്ലെന്ന് താങ്കളുടെ അമ്മ ഞങ്ങളോടൊക്കെ വിഷമം പറയുന്നു. നിങ്ങളുടെ വിവാഹ ഘോഷയാത്രയുടെ ഭാഗം ആകാനായി ഞങ്ങളൊക്കെ കാത്തിരിക്കുകയാണ്, ഈ താടിയൊക്കെ വടിച്ചുകളയണമെന്ന് ലാലു രാഹുലിനോട് പറഞ്ഞു. ഇതോടെ കൂടെയുണ്ടായിരുന്ന നേതാക്കള്‍ ചിരിയില്‍ മുങ്ങി. എന്നാല്‍ വിവാഹകാര്യത്തിന് ഒരു ചിരിയില്‍ മറുപടിയൊതുക്കിയ രാഹുല്‍ ‘താടി വെട്ടിയൊതുക്കാം’ എന്ന് ലാലുവിന് മറുപടി നല്‍കി.
അതിനിടെ ലാലു പ്രസാദ് യാദവിന്റെ വിവാഹ കമന്റ് കൂടെയുണ്ടായിരുന്ന നേതാക്കളും ഏറ്റെടുത്തു. നിങ്ങളുടെ അമ്മ എന്നോട് പറഞ്ഞിരുന്നു ഇപ്പോള്‍ രാഹുലിന്റെ ശ്രദ്ധ എത്തുന്നില്ല എന്ന്, വേഗം വിവാഹം കഴിക്കൂ എന്നായിരുന്നു ഒരു കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം, ഇനിയും സമയമുണ്ട്, വൈകിയിട്ടില്ല എന്നായിരുന്നു ഒരു നേതാവിന്റെ കമന്റ്. അനാരോഗ്യം മൂലം ദീര്‍ഘനാള്‍ സജീവരാഷ്ട്രീയത്തില്‍നിന്നു ലാലു പ്രസാദ് വിട്ടുനില്‍ക്കുകയായിരുന്നു. നാളുകള്‍ക്ക് ശേഷമാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നിലെത്തുന്നത്. നിങ്ങളെയൊക്കെ കണ്ടിട്ട് കുറെ കാലമായി എന്ന വാചകത്തോടെയായിരുന്നു ലാലു മാധ്യമങ്ങളുടെ അടുത്തെത്തിയത്. വാര്‍ത്താ സമ്മേളനത്തില്‍ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടന്നാക്രമിച്ച അദ്ദേഹം, രാഹുല്‍ ഗാന്ധിയുടെ പോരാട്ടവീര്യത്തെ അഭിനന്ദിക്കുകയും ചെയ്തു.
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടേയും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടേയും മകനായി ജനിച്ച രാഹുല്‍ 2 വര്‍ഷത്തോളം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ന്റെ പ്രസിഡന്റായിരുന്നു.
വിദേശത്തു നിന്നും പഠനം കഴിച്ച രാഹുല്‍ റൗള്‍ വിന്‍സി എന്ന അപരനാമത്തിലാണ് അറിയപെട്ടിരുന്നത്. റോളിന്‍സ്, കേംബ്രിഡ്ജ് എന്നീ സര്‍വകലാശാലകളില്‍ നിന്ന് അന്താരാഷ്ട്ര ബന്ധങ്ങള്‍, വികസനം, എന്നീ വിഷയങ്ങളില്‍ ബിരുദം നേടി.2004 മുതല്‍ ലോക്സഭാ അംഗമായ ഇദ്ദേഹം 2019 വരെ അമേഥി മണ്ഡലത്തെ പ്രതിനിധീകരിച്ചു.

 
                                            