സോളാർ കമ്മീഷനും സരിതക്കുമെതിരെ പൊതുജനം

ഉമ്മന്ചാണ്ടിക്ക് കേരളം നല്കിയ വൈകാരികമായ യാത്രയയപ്പിന് പിന്നാലെ സോളാര് കേസിന്റെ പിന്നാമ്ബുറം തേടി പലരും സാമൂഹ്യമാധ്യമങ്ങളില് പോസ്റ്റിടുന്നുണ്ട് . അന്ന് ഒരു സ്ത്രീയുടെ ദുരാരോപണവും കത്തും ആയുധമാക്കി ഉമ്മന്ചാണ്ടിയെ പ്രതിക്കൂട്ടിലാക്കിയ കമ്മീഷന്‍ എവിടെയെന്നാണ് ഉയരുന്ന ചോദ്യം.

അന്ന് സോളാര്‍ കമ്മീഷന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ മണിക്കൂറുകള്‍ മുഖ്യമന്ത്രി വിസ്താരത്തിന് ഇരുന്നു കൊടുത്തതും അദ്ദേഹത്തെ അപമാനിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചിട്ടും പ്രകോപിതനാകാതെ മറുപടി നല്‍കിയ ഉമ്മന്‍ചാണ്ടിയെ പ്രകീര്‍ത്തിച്ചാണ് പലരുടെയും ചോദ്യങ്ങള്‍. അന്നത്തെ കമ്മീഷനെ രൂക്ഷമായി വിമര്‍ശിക്കുന്നവരാണ് ഏറെയും.

സദാചാര പോലീസിന്റെ മാനസികാവസ്ഥയോടെ ഇക്കിളിപ്പെടുത്തുന്ന ചോദ്യങ്ങള്‍ മാത്രം ചോദിച്ച കമ്മീഷന്‍ എവിടെയാണെന്ന ചോദ്യങ്ങളാണേറെയും. ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തിന് ശേഷം ജസ്റ്റിസ് ശിവരാമന്റെ പ്രതികരണങ്ങളൊന്നും ഇനിയും കണ്ടിട്ടില്ല.

അന്നത്തെ ജസ്റ്റിസ് ശിവരാജന്റെ നിലപാടുകള്‍ക്കെതിരെ സിപിഐ നേതാവ് സി ദിവാകരനും മുന്‍ ഡിജിപി എ ഹേമചന്ദ്രനുമൊക്കെ വിമര്‍ശനം ഉന്നയിച്ചിരുന്നു.പുരുഷന്മാരുടെയും സ്ത്രീകളുടെയും ലൈംഗിക ചേഷ്ടകളെക്കുറിച്ചുള്ള മസാല ചോദ്യങ്ങളായിരുന്നു അന്നു കമ്മിഷന്‍ തെളിവെടുപ്പിനായി ചോദിച്ചതെന്നാണ് ഹേമചന്ദ്രന്‍ വെളിപ്പെടുത്തിയിരുന്നത് . ലൈംഗിക വൈകൃതങ്ങളുടെ സ്വകാര്യതകളെക്കുറിച്ച് മനോ വൈകല്യത്തോടെയാണ് കമ്മിഷന്‍ ചോദിച്ചറിഞ്ഞത്. സദാചാര പൊലീസിന്റെ ലൈംഗിക അരാജകത്വവും രതിവൈകൃതങ്ങളും എന്തിനാണ് ഒരു ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ഭാഗമായതെന്നു വ്യക്തമല്ല എന്നും മുന്‍ ഡിജിപി വ്യക്തമാക്കിയിരുന്നു.പലപ്പോഴും സ്ത്രീ-പുരുഷ മസാലക്കഥകള്‍ മാത്രമാണ് കമ്മീഷന്‍ അന്വേഷിച്ചതെന്നായിരുന്നു പൊതു വിമര്‍ശനം.

തനിക്കെതിരേയുള്ള കേസിന് സ്വന്തമായി അന്വേഷണ കമ്മീഷനെ വെച്ച് പതിന്നാല് മണിക്കൂര്‍ ചോദ്യം ചെയ്യലിന് ഇരുന്നുകൊടുത്ത ഭരണാധികാരിയും ഉമ്മന്‍ചാണ്ടിയായിരുന്നു. സോളാര്‍ കേസില്‍ അന്നത്തെ പ്രതിപക്ഷം വളഞ്ഞിട്ടാക്രമിച്ചപ്പോഴും ഒപ്പം നിന്നവരെ തള്ളിപ്പറയാനോ കുരുതി കൊടുക്കാനോ ഉമ്മന്‍ചാണ്ടിയെന്ന നേതാവ് തയ്യാറായിരുന്നില്ല.

പിന്നീട്, സോളാര്‍ പീഡന കേസില്‍ സിബിഐ കുറ്റമുക്തനാക്കിയപ്പോഴും അതിത ആഹ്ലാദമോ വേട്ടയാടപ്പെട്ടതിന്റെ വിഷമമോ പ്രകടിപ്പിക്കാന്‍ അദ്ദേഹം തയ്യാറായില്ല. അന്വേഷണ ഫലത്തെപറ്റി ഒരു ഘട്ടത്തിലും ആശങ്ക ഉണ്ടായിരുന്നില്ലെന്നും സത്യം മൂടിവെക്കാന്‍ കഴിയില്ലെന്ന വിശ്വാസമുണ്ടായിരുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.സംസ്ഥാന, കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചിട്ടും ഒന്നുംകണ്ടെത്താനാവാത്ത സോളാര്‍ക്കേസിന്റെ ചൂടുംചൂരും വട്ടംചുറ്റുമ്പോഴെല്ലാം അദ്ദേഹം പറഞ്ഞത് ഒരേയൊരുകാര്യം ‘തെറ്റ് ചെയ്തിട്ടില്ലെന്ന് ഉത്തമബോധ്യമുണ്ട് എന്നാണ്.

വളരെ ജനകീയനായ ഒരു മുഖ്യമന്ത്രിയെ അധികാരത്തില്‍ നിന്നു താഴെയിറക്കുക എന്ന ഏക ഉദ്ദേശ്യത്തോടെ ഇറക്കുമതി ചെയ്ത കൊടും ക്രിമിനലാണ് സരിത എസ് നായര്‍.ഉമ്മന്‍ ചാണ്ടി എന്ന ജനകീയ നേതാവിന്റെ വ്യക്തിത്വം അവരോര്‍ത്തില്ല. ഏതൊരു സാധാരണ പൗരനെയും പോലെ അദ്ദേഹത്തിന് ഒരു കുടുംബമുണ്ടെന്ന കാര്യവും കഥ മെനഞ്ഞവര്‍ മുഖവിലയ്‌ക്കെടുത്തില്ല. അവര്‍ക്ക് അധികാരമായിരുന്നു വേണ്ടിയിരുന്നത്.

എന്തായാലും അന്ന് കേസില്‍ പ്രതിയായ വനിത എഴുതിയെന്നു പറഞ്ഞ കത്തില്‍ മാത്രം അന്വേഷണം നടത്തിയ ശിവരാജ് കമ്മീഷന്‍ ഇന്ന് സത്യം പറയണമെന്നാണ് സമൂഹമാധ്യമങ്ങളില്‍ അടക്കം ഉയരുന്ന ആവശ്യം.ജസ്റ്റിസ് ശിവരാജന്‍ സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് തയാറാക്കിയത് ആര്‍ക്കു വേണ്ടി? എന്തായിരുന്നു ലക്ഷ്യം? ഇതിനൊക്കെ അദ്ദേഹം മറുപടി പറഞ്ഞേ മതിയാകു.

Leave a Reply

Your email address will not be published. Required fields are marked *