പൊങ്കല്‍ ഉത്സവം നാളെ തുടക്കം; വര്‍ണാഭമായി ആഘോഷമാക്കാന്‍ തമിഴ്നാട്

തമിഴ്നാടിന്‍റെ വിളവെടുപ്പുല്‍സവമാണ് പൊങ്കല്‍.കൊവിഡ് വ്യാപനത്തില്‍ മൂന്ന് വര്‍ഷം മുടങ്ങിയ പൊങ്കല്‍ ആഘോഷം ഇത്തവണ മുമ്ബത്തേക്കാളും വര്‍ണാഭമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് തമിഴ്നാട്.
നാടും നഗരവും തെരുവുകളും അങ്ങാടികളുമൊക്കെ നാളെ തുടങ്ങാൻ പോകുന്ന പൊങ്കലിനുള്ള തയ്യാറെടുപ്പിലാണ്.

തൈമാസപ്പിറവിയാണ് തമിഴ്നാട്ടിലെ ഏറ്റവും വലിയ ഉത്സവകാലം. മലയാളിക്ക് ഓണം പോലെ തമിഴന്‍റെ വിളവെടുപ്പുല്‍സവും. മണ്ണിലെറിഞ്ഞതെല്ലാം പൊന്നായി തിരികെ തന്ന സൂര്യദേവനുള്ള നന്ദി സമര്‍പ്പണമായാണ് ഈ ആഘോഷത്തെ കാണാറുള്ളത്.ഓണത്തിന് നേന്ത്രക്കുല എന്ന പോലെയാണ് തമിഴ്നാട്ടില്‍ പൊങ്കലിന് സെങ്കരിമ്പ് . വര്‍ണാഭമായ കോലം വരച്ച്‌, കരിമ്പിന്‍ തണ്ടുകള്‍ ചേര്‍ത്തുവച്ച്‌ അതിന് കീഴെ അരിയും പഴവും ശര്‍ക്കരയും പാലില്‍ നേദിച്ച്‌ മണ്‍പാനയില്‍ മധുരപ്പൊങ്കലുണ്ടാക്കും. പൊങ്കല്‍പ്പാനകള്‍ക്ക് മീതെ കെട്ടിവയ്ക്കാനാണ് ഈ മഞ്ഞള്‍ച്ചെടികള്‍. പരാശക്തിയുടെ പ്രതീകമാണ് മഞ്ഞളെന്ന് ദ്രാവിഡ വിശ്വാസം
നിരത്തിലെല്ലാം പൊങ്കല്‍പ്പാന കച്ചവടക്കാര്‍. രണ്ടുവര്‍ഷം പണി മുടങ്ങിയതിന്‍റെ നഷ്ടം തീരുന്ന കച്ചവടം ഇക്കുറി കിട്ടുന്നുണ്ട്. മണ്‍കലങ്ങളില്‍ നിറക്കൂട്ടുകള്‍ വരയ്ക്കുന്ന മുഖങ്ങളില്‍ നിറവിന്‍റെ ചിരി. കരിമ്പും മഞ്ഞളും കായ്‍കറികളും മറ്റവശ്യ സാധനങ്ങളുമെല്ലാം വാങ്ങാന്‍ നിരത്തുകളില്‍ ആള്‍ത്തിരക്കാണ്. എല്ലാം അടുപ്പിക്കാന്‍ ഇന്നൊരു ദിവസം കൂടി ബാക്കി. മാര്‍ഗഴിയുടെ അവസാന ദിവസമായ ഇന്ന് നിര്‍ഭാഗ്യത്തെ കുടിയിറക്കി പാഴ് വസ്തുക്കള്‍ക്ക് തീയിടുന്ന ബോഗി പൊങ്കലാണ്. നാളെ തൈപ്പൊങ്കല്‍, പിന്നീട് കൃഷിയിടത്തില്‍ സഹായിച്ച മാടുകളുടെ ദീര്‍ഘായുസിനും ആരോഗ്യത്തിനുമായി ആചരിക്കുന്ന മാട്ടുപ്പൊങ്കല്‍, പിന്നെ ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്ന കാണുംപൊങ്കല്‍. തമിഴന്‍റെ വീരവിളയാട്ടമായ ജല്ലിക്കെട്ട് മത്സരങ്ങള്‍ക്കും പൊങ്കലോടെ തുടക്കമാകും.

Leave a Reply

Your email address will not be published. Required fields are marked *