മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രി ഭീരുവാണെന്ന് തെളിയിച്ച് സ്വയം പരിഹാസ പാത്രമാവുകയാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. രണ്ട് കുട്ടികള്‍ കരിങ്കൊടി കാട്ടുമ്പോള്‍ മുഖ്യമന്ത്രി ഓടിയൊളിക്കുകയാണ്. എന്നാല്‍ ആ കുട്ടികളെ ഓര്‍ത്ത് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ കരിങ്കൊടി കാണാന്‍ ഭാഗ്യം ലഭിച്ച മുഖ്യമന്ത്രിയാണ് പിണറായി എന്ന് സതീശന്‍ പരിഹസിച്ചു. അദ്ദേഹം ഞങ്ങളെ പരിഹസിച്ചതുകൊണ്ടാണ് സമരം ഇത്ര ശക്തമാക്കുന്നത്. ജനകീയ സമരത്തെ ആത്മഹത്യ സ്‌ക്വാഡ് എന്നാണ് അവരുടെ പാര്‍ട്ടി സെക്രട്ടറി വിശേഷിപ്പിച്ചത്. സത്യാഗ്രഹ സമരത്തില്‍ നിന്നും ആത്മഹത്യ സ്‌ക്വാഡ് നടത്തുന്ന സമരം എന്ന് സിപിഐഎം തന്നെ പറയേണ്ടി വന്നല്ലോയെന്നും അദ്ദേഹം ചോദിച്ചു.
സര്‍ക്കാര്‍ ചില കാര്യങ്ങള്‍ മറച്ചുവെക്കാനാണ് ശ്രമിക്കുന്നത് സംരഭങ്ങളുടെ കാര്യത്തില്‍ കള്ളക്കണക്കാണ് പറയുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സിപിഐഎമ്മിന്റെ പ്രതിരോധ ജാഥ എന്ന പേര് ആ ജാഥക്ക് യോജിക്കുമെന്നും എല്ലാ തരത്തിലും പ്രതിരോധത്തിലാണ് സിപിഐഎമ്മെന്നും അദ്ദേഹം പരിഹസിച്ചു.
ആകാശ് തില്ലങ്കേരി വിഷയത്തിലും വി ഡി സതീശന്‍ പ്രതികരിച്ചു. ആകാശിനെ വിഷമിപ്പിക്കരുതെന്നാണ് നല്‍കിയിരിക്കുന്ന നിര്‍ദേശം. കാരണം ആകാശ് വാ തുറന്നാല്‍ പലരും കുടുങ്ങുമെന്ന് അദ്ദേഹം ആരോപിച്ചു. ശശി തരൂര്‍ പ്രവര്‍ത്തക സമിതിയംഗം ആകാന്‍ യോഗ്യനാണോയെന്ന് തീരുമാനിക്കാന്‍ താന്‍ ആളല്ലെന്നും അത് തന്റെ പരിധിയില്‍ പെടുന്ന കാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എംപി എന്നുള്ള നിലയില്‍ എല്ലാ കോണ്‍ഗ്രസ് എംപിമാരും മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

 
                                            