കുരുന്നുകള്‍ക്ക് ഉല്ലസിക്കാന്‍ വര്‍ണ്ണ കൂടാരമൊരുക്കി പാറശാല കൊടവിളാകം സ്‌കൂള്‍

സമഗ്ര ശിക്ഷാ കേരളയുടെ സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊടവിളാകം ഗവ എല്‍.പി സ്‌കൂളില്‍ പൂര്‍ത്തിയായ വര്‍ണ്ണകൂടാരം മാതൃക പ്രീപ്രൈമറിയുടെ ഉദ്ഘാടനം സി. കെ ഹരീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു.

തുമ്പികൈ വഴി വെള്ളം ചീറ്റുന്ന ആനയും ഫൗണ്ടനും മാനും ഒട്ടകവും ജിറാഫും സീബ്രയും പറവകളുമെല്ലാം കൊടവിളാകം ഗവ.എല്‍ പി സ്‌കൂള്‍ അങ്കണത്തിലുണ്ട്. ഭാഷായിടം, വരയിടം, ഗണിതയിടം, കുഞ്ഞരങ്ങ്, ആട്ടവും പാട്ടും ഇടം, ശാസ്ത്രയിടം, അകം കളിയിടം, പുറം കളിയിടം, ഹരിതയിടം, പഞ്ചേന്ദ്രിയ ഇടം, കരകൗശലയിടം, നിര്‍മാണയിടം എന്നിങ്ങനെ 13 ഇടങ്ങളാണ് സ്‌കൂളില്‍ ഒരുക്കിയിട്ടുള്ളത്.

18 ലക്ഷം രൂപയാണ് വര്‍ണക്കൂടാരമൊരുക്കാന്‍ ചിലവായത്. ക്ലാസ്മുറികളില്‍ ഭാഷയും ഗണിതവും ശാസ്ത്രവും പ്രകൃതിയും കലകളും അഭ്യസിക്കുന്നതിനുള്ള പ്രത്യക ഇടങ്ങളും ഒരുക്കിയിട്ടുണ്ട്.

സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു സ്മിത അധ്യക്ഷത വഹിച്ചു. പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് കെ ബെന്‍ ഡാര്‍വിന്‍, പാറശാല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ ബിജു, സ്‌കൂള്‍ ഹെഡ്മിസ്‌ട്രെസ് സുജ ജെ മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *