കോഴിക്കോട്: പിവി അൻവർ എംഎൽഎയ്ക്കെതിരെ നിർണായകമായ കണ്ടെത്തലുമായി താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ്. അൻവർ ഭാര്യയുമായി ചേർന്ന് ആരംഭിച്ച എന്റർടൈൻമെന്റ് സ്ഥാപനത്തിന്റെ ഉദ്ദേശം ഭൂപരിധി നിയമം മറികടക്കാനായിരുന്നു എന്നാണ് പുതിയ കണ്ടെത്തൽ.
ഭൂപരിധി നിയമം ലംഘിച്ചുകൊണ്ട് പി വി അൻവർ എംഎൽഎ കണക്കിലധികം ഭൂമി കൈവശം വച്ചിരിക്കുന്നുവെന്ന ദേവി ഷാജിയുടെ പരാതിയിൻമേലാണ് ലാൻഡ് ബോർഡ് സിറ്റിംഗ് നടത്തിയത്. സിറ്റിംഗ് അന്തിമ റിപ്പോർട്ട് പ്രകാരം അൻവറിന്റെ ഉടമസ്ഥതയിലുള്ള 27 ഏക്കർ ഭൂമിയിൽ 15 ഏക്കർ കണ്ടുകെട്ടാം.
കൈവശം വയ്ക്കാവുന്ന ഭൂമിയുടെ അളവു മറികടക്കാനാണ് ഭാര്യ അഫ്സത്തുമായി ചേർന്ന് പിവിആർ എന്റർടൈൻമെന്റസ് എന്ന പങ്കാളിത്ത സ്ഥാപനം പി വി അൻവർ തുടങ്ങിയതെന്നും പാർട്ണർഷിപ്പ് ആക്ട് പ്രകാരം കമ്പനി രജിസ്റ്റർ ചെയ്തിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട് . ഇത് കെ എൽ ആർ ആറ്റിലെ വകുപ്പ് 83 മറികടക്കാനാണ്. മാത്രമല്ല ഡീഡ് ഓഫ് പാർട്ണർഷിപ്പിന് വേണ്ടി ഉപയോഗിച്ച മുദ്രപത്രം കരാറിലുള്ളവരുടെ പേരിലല്ല. സ്റ്റാമ്പ് പേപ്പർ വാങ്ങിയതും മൂന്നാം കക്ഷിയുടെ പേരിലാണ്. ഇത് കേരള സ്റ്റാമ്പ് ആക്ടിന്റെ ലംഘനവുമാണെന്ന് റിപ്പോർട്ട് പറയുന്നു.
